സൽവാർ കമ്മീസ് ധരിച്ച് കവിതയെത്തി ഇടിക്കൂട്ടിൽ

Wednesday 6 September 2017 11:43 am IST

ന്യൂയോർക്ക്: ഡബ്ല്യു-ഡബ്ല്യു-ഇ റെസിലിംഗ് ഇഷ്ട്പ്പെടാത്ത ആരും തന്നെയുണ്ടാകില്ല. അണ്ടർ ടേക്കർ, ജോൺ സീന, റോബ് വാണ്ടം, കെയിൻ നീണ്ട് പോകുന്നു റിങ്ങിലെ ഇടിയന്മാരുടെ പേരുകൾ. അക്കൂട്ടത്തിൽ ഇന്ത്യയുടെ അഭിമാനമായി മാറിയതാണ് ഗ്രേറ്റ് ഖാലിയാണ്. ഇപ്പോൾ ഇതാ ഗ്രേറ്റ് ഖാലിയുടെ ശിഷ്യയായ കവിത ദേവിയും റെസിലിങ്ങിലേക്ക് ഇറങ്ങിയിരിക്കുന്നു. ആദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരി റെസിലിങ് റിങ്ങിലേക്ക് ചുവട് വയ്ക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ കവിത ന്യൂസിലാൻഡിന്റെ ദക്കാതോ കൈയിയെ ചുഴറ്റി എറിഞ്ഞു. കൂറ്റൻ വിജയമാണ് ഈ പെൺ സിംഹം മത്സരത്തിൽ കൈവരിച്ചത്. കാവി നിറത്തിലുള്ള സൽവാർ കമ്മീസ് ധരിച്ച് റിങ്ങിലെത്തിയ കവിതയെ ആദ്യം കാണികൾ കൗതുകത്തോടെ വീക്ഷിച്ചെങ്കിലും പിന്നീട് അവർ കാഴ്ചവച്ച മികച്ച റെസിലിങ് പ്രകടനം കൈയ്യടികളോടെയാണ് കാഴ്ചക്കാർ സ്വീകരിച്ചത്. ഇന്ത്യയുടെ സംസ്കാരത്തിന് യോജിച്ച വേഷമാണ് സൽവാർ കമ്മീസ് എന്നും തന്റെ സംസ്കാരത്തെ പിന്തുണയ്ക്കുകയും അതിനെ ഒപ്പം നിർത്തുകയും ചെയ്യുമെന്നാണ് കവിത പറഞ്ഞത്. കവിതയുടെ ഈ പ്രസ്താവനയ്ക്കും പ്രകടനത്തിനും നിരവധി പേർ ആശംസകൾ അറിയിക്കുകയുണ്ടായി.