മൂന്നാം ദിവസവും പാര്‍ലമെന്റ്‌ സ്തംഭിച്ചു

Thursday 23 August 2012 10:19 pm IST

ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണത്തില്‍ ആരോപണവിധേയനായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റ്‌ സ്തംഭിച്ചു.
മന്‍മോഹന്‍സിംഗ്‌ കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന വേളയില്‍ ലേലം കൂടാതെ ബ്ലോക്കുകള്‍ അനുവദിച്ചതിലൂടെ രാജ്യത്തിന്‌ വന്‍ നഷ്ടം ഉണ്ടായതായി സിഎജി റിപ്പോര്‍ട്ട്‌ ചെയ്തതിനെത്തുടര്‍ന്നാണ്‌ അദ്ദേഹത്തിന്റെ രാജിക്കായി പ്രതിപക്ഷം ബഹളം തുടങ്ങിയത്‌. പ്രധാനമന്ത്രി രാജിവെക്കുന്നതുവരെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നാണ്‌ ബിജെപിയുടെ നിലപാട്‌. ഇന്നലെയും പാര്‍ലമെന്റ്‌ സമ്മേളിച്ചയുടന്‍ ഇരുസഭകളിലും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങി. രാജിയാവശ്യം കേന്ദ്രസര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു.
രാജ്യസഭയിലും ലോക്സഭയിലും ബിജെപിക്കൊപ്പം എഐഎഡിഎംകെ അംഗങ്ങളും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. ലോക്സഭയില്‍ എഐഎഡിഎംകെ അംഗങ്ങളും നടുത്തളത്തിലിറങ്ങി. പ്രതിപക്ഷത്തെ നേരിടാന്‍ ഭരണപക്ഷവും എഴുന്നേറ്റതോടെ ലോക്സഭ ബഹളമയമായി. ഇതിനിടയില്‍ ചോദ്യോത്തരവേള തുടങ്ങുന്നതായി സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചെങ്കിലും ഉടന്‍തന്നെ ഉച്ചവരെ സഭ നിര്‍ത്തിവെക്കുകയും ചെയ്തു. പിന്നീട്‌ സഭ വീണ്ടും സമ്മേളിച്ചപ്പോഴും ബിജെപി, എഐഎഡിഎംകെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടര്‍ന്നു. ആസാമിലെ ക്യാമ്പുകളില്‍ കഴിയുന്ന ബോഡോ അഭയാര്‍ത്ഥികളുടെ ദുരിതങ്ങള്‍ ഉയര്‍ത്തിക്കാട്ടി കൊക്രാജാറില്‍നിന്നുള്ള സ്വതന്ത്രാംഗമായ എസ്‌.കെ. ബിസ്‌ മുതിയാരിയും നടുത്തളത്തിലുണ്ടായിരുന്നു. തുടര്‍ന്ന്‌ സഭാധ്യക്ഷനായിരുന്ന ഫ്രാന്‍സിസ്കോ സദീഞ്ഞ രണ്ടുമണിവരെ സഭ നിര്‍ത്തിവെച്ചു.
രാജ്യസഭയിലും സമാന രംഗങ്ങള്‍ അരങ്ങേറി. കോണ്‍ഗ്രസിനും പ്രധാനമന്ത്രിക്കുമെതിരെ മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ ബിജെപി അംഗങ്ങള്‍ക്കൊപ്പം ജനതാദള്‍ (യു) അംഗം സാബിര്‍ അലിയും പങ്കുചേര്‍ന്നു. പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കുന്നതിന്‌ പകരം ചര്‍ച്ച മതിയെന്നായിരുന്നു ജനതാദള്‍ (യു)വിന്റെ നിലപാട്‌. പാര്‍ട്ടിയിലെ മറ്റ്‌ രണ്ട്‌ അംഗങ്ങളായ എന്‍.കെ. സിംഗും ശിവാനന്ദ തിവാരിയും സീറ്റില്‍ തന്നെ ഇരിക്കുകയും ചെയ്തു. പ്രതിപക്ഷത്തെ നേരിടാന്‍ ഭരണകക്ഷിയംഗങ്ങളും രംഗത്തിറങ്ങിയതോടെ ബഹളം രൂക്ഷമായി. രണ്ട്‌ മണിക്കുള്ളില്‍ രാജ്യസഭ മൂന്നുതവണ നിര്‍ത്തിവെച്ചു.
പ്രധാനമന്ത്രിയുടെ രാജിക്കായി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം നടക്കുന്നതിനിടെ, ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ബിജെപി നേതാവ്‌ സുഷമാസ്വരാജുമായി കൂടിക്കാഴ്ച നടത്തി. സുഷമാസ്വരാജുമായി സംസാരിച്ചുവെന്നും തിങ്കളാഴ്ചയോടെ പ്രശ്നത്തിന്‌ പരിഹാരമാവുമെന്ന്‌ കരുതുന്നതായും ഷിന്‍ഡെ പാര്‍ലമെന്റിന്‌ പുറത്ത്‌ വാര്‍ത്താലേഖകരോട്‌ പറഞ്ഞു.
ബിജെപിയെ ചര്‍ച്ചക്ക്‌ ക്ഷണിച്ചെങ്കിലും അവര്‍ വഴങ്ങിയില്ലെന്ന്‌ പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ പറഞ്ഞു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.