ടീച്ചര്‍ ഈ വീടുകളുടെ ഐശ്വര്യം

Wednesday 6 September 2017 6:59 pm IST

മാതാ, പിതാ, ഗുരു ഇവര്‍ മൂന്നും നമ്മുടെ കാണപ്പെട്ട ദൈവങ്ങളാണ്. വേണ്ടതെല്ലാം അറിഞ്ഞു ചെയ്യുന്നവര്‍. അമ്മ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടമാണെങ്കില്‍, അച്ഛന്‍ നമ്മളെ പരിപാലിച്ചു രക്ഷിക്കുന്നവനാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഗുരുവിന്റെ സ്ഥാനം. അജ്ഞതയില്‍ നിന്നും ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് കൈ പിടിച്ചു നടത്തുന്നത് ഗുരുക്കന്മാരാണ്. തനിക്കറിയാവുന്നതെല്ലാം ശിഷ്യരിലേക്ക് പകര്‍ന്നു കൊടുക്കുന്നവര്‍. പത്തനംതിട്ട ജില്ലയിലും അറിവും, അതിനൊപ്പം മനുഷ്യ സ്നേഹത്തിന്റെ പാഠങ്ങളും പകര്‍ന്ന് നല്‍കുന്ന ഒരു ഗുരുനാഥ അഥവാ ടീച്ചറുണ്ട്. ടീച്ചറിന്റെ കാരുണ്യത്തിന്റെ തെളിവാണ് ഇന്ന് ഈ ജില്ലയിലെ 77 വീടുകളിലെ സ്വീകരണ മുറികളില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം വെള്ള കോട്ടണ്‍ സാരിയുടുത്ത ഇവരുടെ ചിത്രവും സ്ഥാനം പിടിച്ചിരിക്കുന്നത്. ഒരു സംഘടനയുടെ പോലും പിന്‍ബലമില്ലാതെയാണ് അശരണര്‍ക്കായി ഈ വീടുകളെല്ലാം നിര്‍മ്മിച്ചു നല്‍കിയത്. ടീച്ചറിന്റെ സഹായത്തോടെ നൂറു കണക്കിന് വിദ്യാര്‍ഥികളാണിന്ന് പഠനം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേര്‍ക്ക് അന്നവും ചികിത്സയും മുടങ്ങാതെ ഇവര്‍ എത്തിക്കുന്നു. തന്റെ പേരുപോലെ തന്നെ ജീവിതത്തിലും വ്യത്യസ്ത പുലര്‍ത്തുന്ന വ്യക്തിയാണ് സുനില്‍ എന്ന റിട്ട. കോളേജ് അദ്ധ്യാപിക. സാമൂഹിക സേവന രംഗത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഈ അദ്ധ്യാപികയുടെ ലോകം കോളേജ് മുറിയിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നില്ല. ജോലി ചെയ്യുന്നതോടോപ്പം തന്നെ സമയത്തിന്റെയും വരുമാനത്തിന്റെയും ഒരു പങ്ക് മറ്റുള്ളവര്‍ക്കു കൂടി മാറ്റിവെച്ചു കൊണ്ടാണ് തന്റെ ചുറ്റുമുള്ളവരുടെ ജീവിതത്തിനുകൂടി നിറം പകരാന്‍ ടീച്ചര്‍ ഒറ്റയ്ക്ക് ഇറങ്ങിത്തിരിച്ചത്. കഷ്ടപ്പാടും ദുരിതവുമനുഭവിക്കുന്നവരുടെ കൂടെ എന്തിനുമേതിനും ഇന്ന് ടീച്ചര്‍ കൂടെയുണ്ട്. ഇന്നത്തെ സ്ത്രീകള്‍ക്ക് സാമൂഹിക സേവന രംഗത്തേക്കു ധൈര്യപൂര്‍വ്വം ഇറങ്ങാന്‍ മുന്നില്‍ നിന്നും വഴികാട്ടുന്നതും സുനില്‍ ടീച്ചറെപ്പോലുള്ളവരുടെ ജീവിതാനുഭവങ്ങളാണ്. പത്തനംതിട്ട കാതോലിക്കറ്റ് കോളേജിലെ സുവോളജി വിഭാഗം മേധാവിയായിരുന്ന ഡോ. എം.എസ്. സുനിലിന്റെ ജീവിതത്തെക്കുറിച്ച് : ആദ്യ വീട് കോളേജിലെ വിദ്യാര്‍ഥിനിക്ക് 2005 ല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായിരുന്നപ്പോഴാണ് കാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കുള്ള ചുവടുവെപ്പ്. പ്രോഗ്രാം ഓഫീസറെന്ന നിലയില്‍ എന്‍എസ്എസ് വിദ്യാര്‍ഥികളോടൊപ്പം ആദിവാസി മേഖലകളില്‍ നടത്തിയ സന്ദര്‍ശനങ്ങളില്‍ കാണാനായത് വേദനിപ്പിക്കുന്ന കാഴ്ചകള്‍. അവിടെ ഒറ്റപ്പെട്ടു കഴിയുന്ന ആദിവാസികള്‍ക്കു ഭക്ഷണവും വസ്ത്രവും നല്‍കിക്കൊണ്ടായിരുന്നു സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഇതേ സമയത്താണ് ആദ്യത്തെ വീടും നിര്‍മ്മിച്ചു നല്‍കുന്നത്. കോളേജിലെതന്നെ വിദ്യാര്‍ത്ഥിനിയായിരുന്ന ആശയ്ക്കു വേണ്ടിയായിരുന്നു ആദ്യ വീട്. പഠനത്തില്‍ മിടുക്കിയായിരുന്ന ആശയുടെ പ്രാരാബ്ധം മറ്റ് വിദ്യാര്‍ഥികള്‍ വഴി അറിഞ്ഞു. തുടര്‍ന്ന് ആശയുടെ താമസ സ്ഥലത്ത് എത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് റോഡ് സൈഡിലെ പുറമ്പോക്ക് ഭൂമിയില്‍ ഒരു ഷെഡ് കെട്ടി താമസിക്കുന്ന കുടുംബത്തെയാണ്. ആശയെ സഹായിക്കാനായി മനസ്സ് കൊണ്ട് തീരുമാനമെടുത്തു. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ വലിയ പിന്തുണയാണ് ലഭിച്ചത്. സംഭവം അറിഞ്ഞു പലരും സഹായിക്കാനെത്തി. വീടു നിര്‍മ്മാണ ജോലികളിലും വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. അങ്ങനെയാണ് ആ സ്വപ്നം യാഥാര്‍ത്ഥ്യമായത്. 12 വര്‍ഷം; 77 വീടുകള്‍ ഇതുവരെ നിര്‍മ്മിച്ച 77 വീടുകളില്‍ 2 എണ്ണം മാത്രമാണ് സ്വന്തം പൈസ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ളത്. ബാക്കിയെല്ലാം തന്നെ ഈ ഉദ്യമം കേട്ടറിഞ്ഞെത്തിയ പലരുടെയും സഹായം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. നിരവധി പ്രമുഖരും സഹായിച്ചവരില്‍ ഉള്‍പ്പെടുന്നു. മാര്‍ത്തോമ്മ സഭയിലെ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത രണ്ടു വീടുകള്‍ക്കുള്ള ധനസഹായവും നല്‍കിയിരുന്നു. അതുപോലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരുപാടുപേര്‍ സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്. സ്വന്തം വീടു നിര്‍മ്മാണത്തോടൊപ്പം മറ്റൊരു കുടുംബത്തിനു കൂടി വീടു നിര്‍മ്മിച്ചു നല്‍കാന്‍ ആഗ്രഹമുള്ളവരും സമീപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി പേരുടെ സഹായത്താലാണ് പദ്ധതി വിജയിച്ചത്. അറുപത്തഞ്ചുകാരിയായ കൊടുമണ്ണിലെ കുറുമ്പയ്ക്ക് വീടുവച്ചു നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ പലരും കുറ്റപ്പെടുത്തിയിരുന്നതായി സുനില്‍ ടീച്ചര്‍ ഓര്‍ക്കുന്നു. ഈ പ്രായമെത്തിയ ഇവര്‍ക്കിനി ഒരു വീട് വേണോ..ആ പണം വെറുതെയാകില്ലേ? അങ്ങനെ പലരും ചോദിച്ചു. പക്ഷേ, ടീച്ചര്‍ തന്റെ ഉദ്യമത്തില്‍ നിന്ന് പിന്മാറിയില്ല. കോന്നി അരുവാപ്പുലം സ്വദേശി രവിയുടെ കുടുംബവും ടീച്ചറിന്റെ നന്മയറിഞ്ഞവരാണ്. മൂന്നു മക്കളാണു രവിയ്ക്ക്. അതിലൊരാള്‍ പോളിയോ ബാധിതന്‍. പരാധീനതകള്‍ മാത്രം പങ്കുവയ്ക്കാനുണ്ടായിരുന്ന ആ കുടുംബം ഒരു ടാര്‍പോളിന്‍ ഷീറ്റിനു താഴെയാണു കഴിഞ്ഞിരുന്നത്. നിയമക്കുരുക്കുകളും, സാമ്പത്തിക പ്രതിസന്ധികളും ഏറെയുണ്ടായിരുന്നതിനാല്‍ വീടെന്നത് അവര്‍ക്കൊരു സ്വപ്നം മാത്രമായിരുന്നു. അവിടെയും സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ടീച്ചറെത്തി. അടൂര്‍ പറന്തല്‍ പൊങ്ങനാടി മുരളി-ഉഷ കുമാരി ദമ്പതികളുടെ മകളായ അശ്വതിയ്ക്കാണ് 77-ാമത്തെ വീട് നിര്‍മ്മിച്ചുനല്‍കിയത്. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും മുന്‍ഗണന വീടു നിര്‍മ്മിച്ചു കൊടുക്കുന്നതില്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷിതത്വത്തിനാണ്. പെണ്‍മക്കളേയും കൊണ്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാരിന്റെ തന്നെ നിരവധി പദ്ധതികളുണ്ട്. പക്ഷേ സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്തവര്‍ ഇത്തരത്തിലുള്ള സഹായത്തിന് അര്‍ഹരല്ല. അതുപോലെ തന്നെ ഒന്നോ രണ്ടോ സെന്റ് സ്ഥലത്ത് വീടെന്നു പോലും പറയാന്‍ കഴിയാത്ത രീതിയില്‍ പൊട്ടിപ്പൊളിഞ്ഞ ഷെഡ്ഡുകളില്‍ താമസിക്കുന്നവരുണ്ട്. വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും വരുമാനമില്ലാത്തവരേയും രോഗംമൂലം അവശത അനുഭവിക്കുന്നവരെയും അന്വേഷണങ്ങളിലൂടെയും കണ്ടെത്തും. ഇവരുടെയെല്ലാം ഏറ്റവും വലിയ സ്വപ്‌നം എന്നത് കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീട് എന്നതാണ്. ഇത് സാക്ഷാത്കരിക്കുക മാത്രമാണ് ഏക കടമ. പക്ഷേ ഇതിനിടയില്‍ ചിലര്‍ തട്ടിപ്പ് നടത്താനും ശ്രമിക്കാറുണ്ട്. തങ്ങള്‍ക്ക് വീടുവച്ചു നല്‍കേണ്ട, അതിനുള്ള പണം നല്‍കിയാല്‍ മതി എന്നു പറയുന്നവര്‍. അതിനു കഴിയില്ലെന്നു പറഞ്ഞു മനസിലാക്കി ഇത്തരത്തിലുള്ളവരെ പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. പണം കൊടുത്താല്‍ പലരും അത് ശരിയായി വിനിയോഗിക്കണമെന്നുമില്ല. ഈ പണമൊന്നും സ്വന്തമല്ല. അതുകൊണ്ട് തന്നെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെട്ട് വീടു നിര്‍മ്മാണത്തിനായി വിശ്വസിച്ച് സഹായമേല്‍പ്പിക്കുന്നവരോട് നീതി പുലര്‍ത്തേണ്ടുന്ന ബാധ്യത തനിക്കുണ്ടെന്ന് ടീച്ചര്‍ വിശ്വസിക്കുന്നു. കൃപയിലെ സുനില്‍ അടൂരിലെ ഏനാത്ത് മുകളുവിടയില്‍ ശാമുവലിന് ഇഷ്ടമുള്ള ഒരു പേരായിരുന്നു'സുനില്‍'. തനിക്ക് ഒരു മകന്‍ ജനിക്കുകയാണെങ്കില്‍ അവന് നല്‍കണം എന്നു ഉറപ്പിച്ചു മനസ്സില്‍ കൊണ്ടുനടന്ന പേര്. എന്നാല്‍ അദ്ദേഹത്തിനു ജനിച്ചത് പെണ്‍കുഞ്ഞായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം ഉപേക്ഷിച്ചു കളയാന്‍ അദ്ദേഹം തയ്യാറായില്ല. മകള്‍ക്ക് സുനില്‍ എന്ന് തന്നെ പേരിട്ടു. ഇന്ന് ടീച്ചര്‍ സുനില്‍ എന്ന പേരു പറയുമ്പോള്‍, കേട്ടതു ശരിയോ എന്ന സംശയത്തില്‍ കേട്ടവര്‍ ചോദ്യം ആവര്‍ത്തിക്കും. പക്ഷേ, സഹായിക്കാന്‍ ഉള്ളുകൊണ്ടു തോന്നിയാല്‍ സുനില്‍ രണ്ടാമതൊന്നും ചോദിക്കാറില്ല, സ്വന്തം മനസ്സിനോടുപോലും. പത്തനംതിട്ട അഴൂരില്‍ ഈ സുനില്‍ എന്ന ടീച്ചര്‍ താമസിക്കുന്നത്. വീടിന്റെ പേര് 'കൃപ'. സഹായം തേടി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വീട്ടിലെത്താം. മറ്റുള്ളവര്‍ക്കു വേണ്ടിയായിരിക്കണം സന്ദര്‍ശനം എന്നത് മാത്രമാണ് ഏക നിബന്ധന. കാരണം, യഥാര്‍ത്ഥത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അത് എവിടെനിന്നു കിട്ടുമെന്നുപോലും അറിയില്ല എന്നാണ് ഡോക്ടറേറ്റുള്ള സുനില്‍ ഇത്രയും കാലത്തെ ഗവേഷണത്തിനിടെ മനസ്സിലാക്കിയത്. സ്വയം മേല്‍നോട്ടം നിര്‍ബന്ധം ആവശ്യക്കാരെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകേട്ടാല്‍, അവിടെയെത്തി സ്ഥിതി വിലയിരുത്തും. നാട്ടുകാരോടും ജനപ്രതിനിധികളോടും സംസാരിക്കും. വീടുപണി എല്ലാ ദിവസവും നേരിട്ടുചെന്നു വിലയിരുത്തണമെന്നും സുനിലിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട്, പത്തനംതിട്ട ജില്ലയ്ക്കു പുറത്ത് ഇതുവരെ വീടു നിര്‍മിച്ചു നല്‍കിയിട്ടില്ല. നിര്‍മിച്ച വീടുകളില്‍ ഓണത്തിനു പുടവയുമായി ഒരു സന്ദര്‍ശനം നിര്‍ബന്ധമാണ്. അവര്‍ അവിടെ സന്തോഷമായിരിക്കുന്നുവെന്ന് അറിയാന്‍ വേണ്ടി മാത്രം. ആട് ജീവനം പദ്ധതി ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന യുവതികളുള്ള 20 കുടുംബങ്ങള്‍ക്കു പത്തനംതിട്ട മെട്രോ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ പെണ്ണാടുകളെ നല്‍കുന്ന 'ആട്ജീവനം' പദ്ധതിയും നടത്തുന്നുണ്ട്. ഇവ പ്രസവിക്കുമ്പോള്‍ ഒരു പെണ്‍ ആട്ടിന്‍കുട്ടിയെ തിരികെ തരണം എന്ന വ്യവസ്ഥയിലാണ് ആടുകളെ നല്‍കുന്നത്. ഇങ്ങനെ ലഭിക്കുന്ന ആട്ടിന്‍കുട്ടികളെ മറ്റൊരു കുടുംബത്തിനു കൈമാറുകയാണ് ചെയ്യുക. ഇതിനുപുറമേ നിര്‍മിച്ചു നല്‍കിയ വീടുകളില്‍ പലതിലും സോളാര്‍ വിളക്കുകളും ടീച്ചര്‍ സ്ഥാപിച്ചിട്ടുണ്ട്. ഓണം,വിഷു തുടങ്ങിയ ആഘാഷങ്ങളൊന്നും തന്നെ ടീച്ചര്‍ സ്വന്തം വീട്ടില്‍ ആഘാഷിക്കാറില്ല. ആ തുക കൂടി അവശതയനുഭവിക്കുന്നര്‍ക്ക് എത്തിച്ചു നല്‍കി അവരുടെ സന്തോഷത്തില്‍ പങ്കു ചേരുകയാണ് പതിവ്. പത്തനംതിട്ട സബ് ജയിലില്‍ ഉള്‍പ്പെടെ ഇരുപതോളം ലൈബ്രറികള്‍ സ്ഥാപിച്ചു നല്‍കി. പത്തനാപുരം ഗാന്ധിഭവന്റെ സഹായത്തോടെ തെരുവില്‍ അലയുന്നവരെ സംരക്ഷിത ഇടങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. 2.21 ലക്ഷം ആരാധകര്‍ കോളേജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസറും എംജി സര്‍വകലാശാല എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്ററുമായിരുന്ന സുനില്‍ മികച്ച പ്രോഗ്രാം ഓഫിസര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് ഒരുതവണയും എംജി സര്‍വകലാശാലാ തലത്തിലുള്ള അവാര്‍ഡ് രണ്ടുതവണയും നേടിയിട്ടുണ്ട്. രക്തദാന പ്രചോദകര്‍ക്കുള്ള അവാര്‍ഡ് നാല് തവണ നേടി. കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള റെഡ് റിബണ്‍ ക്ലബിന്റെ പ്രോഗ്രാം ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതിന് പുറമേ ഫേയ്സ്ബുക്കില്‍ മാത്രം 2.21 ലക്ഷം പേരാണ് ടീച്ചറുടെ ഔദ്യോഗിക പേജില്‍ ലൈക്ക് ചെയ്തിട്ടുള്ളത്. മറ്റ് പ്രവര്‍ത്തനങ്ങള്‍ വീടു നിമ്മാണത്തോടൊപ്പം, കഴിയുന്ന രീതിയില്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നുണ്ട്. പഠിക്കാന്‍ കഴിവുണ്ടായിട്ടും അതിനൊത്ത സാഹചര്യമില്ലാത്തു കൊണ്ട് വിദ്യാഭ്യാസം തടസ്സപ്പെട്ടവര്‍ക്ക് നിരവധി സഹായങ്ങള്‍ ചെയ്യുന്നുണ്ട്. 'വിദ്യാജ്യോതി' എന്ന പദ്ധതിയിലൂടെ അച്ഛനും അമ്മയും നഷ്ടപ്പെട്ട 18 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ വഹിക്കുന്നു. എല്ലാ വര്‍ഷവും എട്ട് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആയിരത്തോളം കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ സാമഗ്രികളടങ്ങിയ സ്‌കൂള്‍ കിറ്റുകളും വിതരണം ചെയ്തു വരുന്നു. 'കെ.വി ജോര്‍ജ്ജ് ഫാമിലി ഫൗണ്ടേഷ'ന്റെ സഹായത്തോടെ സാമ്പത്തികശേഷി കുറഞ്ഞ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി 5,000 രൂപ സ്‌കോളര്‍ഷിപ്പു നല്‍കുന്ന പദ്ധതിയും നടത്തുന്നുണ്ട്. ആരോഗ്യ മേഖലയിലും നിരവധി സേവനങ്ങള്‍ നടത്തി വരുന്നു. 12 വര്‍ഷം കൊണ്ട് നിരവധി വിഭാഗങ്ങളിലായി മെഡിക്കല്‍ ക്യാമ്പുകളും രക്തദാന ക്യാമ്പുകളും നടത്തി. മരുന്നും ഭക്ഷണവും വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്ക് അവ സൗജന്യമായി എത്തിച്ചുകൊടുക്കല്‍,ആശുപത്രിയിലെ ഭീമമായ ചികില്‍സാ ചിലവ് മൂലം ബുദ്ധിമുട്ടുന്നവര്‍ക്കുള്ള സഹായം, വീടുകളില്‍ ചെന്നുള്ള സ്വാന്തന പരിചരണം തുടങ്ങിയവയും ചെയ്തുവരുന്നു. വീടുകളില്‍ രോഗം മൂലം തളര്‍ന്നു കിടന്നവര്‍ക്കായി 276 വീല്‍ചെയറുകളും വിതരണം ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.