മടങ്ങി വരട്ടെ മണ്‍കുടങ്ങള്‍

Wednesday 6 September 2017 7:15 pm IST

നമ്മുടെ നാട്ടില്‍ ഫ്രിഡ്ജ് സര്‍വ്വസാധാരണമാകുന്നതിനും എത്രയോ കാലം മുന്നേ നമ്മള്‍ വെള്ളം തണുപ്പിക്കുന്നതിന് നാടന്‍ രീതി അവലംബിച്ചിരുന്നു. മണ്‍കുടങ്ങളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. എല്ലാ വീടുകളിലും മണ്‍കുടങ്ങള്‍ ഉണ്ടായിരുന്നു. പ്രകൃതിദത്തമായി വെള്ളം തണുപ്പിക്കാന്‍ കഴിയുന്നവയാണ് മണ്‍കുടങ്ങള്‍. രാസവസ്തുക്കള്‍ ഇല്ലാത്ത മണ്‍കുടങ്ങളുടെ ഉപയോഗത്താല്‍ പല ഗുണങ്ങളും ഉണ്ട്. നൈസര്‍ഗികവും പ്രകൃത്യാലുമുള്ളതാണ് മണ്‍കുടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളത്തിന്റെ തണുപ്പ്. മണ്‍കുടത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃത്യാലുള്ള നിരവധി ധാതുക്കളും ലവണങ്ങളും വെള്ളത്തിലേക്ക് അലിഞ്ഞ് ചേരും. നമ്മുടെ ശരീരത്തിന് ആവശ്യമുളള പല മൂലകങ്ങളും മണ്‍കുടത്തിലെ വെള്ളത്തില്‍ നിന്നും ലഭിക്കുകയും ചെയ്യും. പ്രകൃത്യാലുള്ള ആല്‍ക്കലിയാണ് മണ്‍കുടത്തിന്റെ നിര്‍മ്മാണ മൂലകങ്ങള്‍. പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം ഉപയോഗിക്കുന്നതിനേക്കാളും എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലത് മണ്‍കുടങ്ങളിലെ വെള്ളമാണ്. മനുഷ്യശരീരത്തിന് ഹാനീകരമായ രാസവസ്തുക്കള്‍കൊണ്ടാണ് പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ശരീരത്തിന്റെ മെറ്റാബോളിസം വര്‍ധിപ്പിക്കാനും കണിമണ്ണില്‍ നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ സഹായിക്കും. തൊണ്ടവേദന, ആസ്മ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഫ്രിഡ്ജിലെ വെള്ളം ഉപയോഗിക്കുന്നത് അസുഖം കൂടാന്‍ ഇടയാക്കും. എന്നാല്‍ അത്തരം രോഗങ്ങളുള്ളവര്‍ക്കും മണ്‍കുടത്തില്‍ അടച്ച് വയ്ക്കുന്ന വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല.