വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

Wednesday 6 September 2017 7:45 pm IST

വടക്കഞ്ചേരി:വടക്കഞ്ചേരി മണ്ണുത്തി ദേശീയ പാതയിലെ റോയല്‍ ജംഗ്ഷന്‍ മുതല്‍ തേനിടുക്ക് വരെ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പരിഹാരം കാണാതെ അധികൃതര്‍. ഒറ്റവരി സര്‍വ്വീസ് റോഡിലെ ഇരുഭാഗത്തേക്കുമുള്ള യാത്രയാണ് ഏറെ ബുദ്ധിമുട്ടായിരിക്കുന്നത്. റോയല്‍ കവല മുതല്‍ തങ്കം ജംഗ്ഷന്‍ വരെയുള്ള നാനൂറ് മീറ്റര്‍ വാഹനത്തില്‍ കടക്കണമെങ്കില്‍ ഒരു മിനിറ്റു പോലും വേണ്ടെന്നിരിക്കെ ഈ ഭാഗത്ത് ഗതാഗതക്കുരുക്കില്‍പ്പെട്ടാല്‍ ചിലപ്പോള്‍ മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ്. ചില സമയങ്ങളില്‍ മംഗലം സിഗ്‌നല്‍ മുതല്‍ വാഹനങ്ങള്‍ ദേശീയപാതയില്‍ നിര്‍ത്തിയിടേണ്ടി വരുന്നു. പാലക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഈ കുരുക്ക് കാണുന്നതോടെ വടക്കഞ്ചേരി ടൗണിലൂടെ കയറി തങ്കം ജംഗ്ഷനിലൂടെ കടക്കാന്‍ ശ്രമിക്കും. ഇതേ രീതി തന്നെയാണ് തൃശൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ചെയ്യുന്നതും. ഇത് വടക്കഞ്ചേരി ടൗണിലും ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുകയാണ്. വാഹനപ്പെരുപ്പം വര്‍ദ്ധിച്ചതും അവധിക്കാലമായതിനാലും പട്ടണത്തില്‍ നിലവില്‍ തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. ദേശീയപാതയിലെ കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ടൗണിനെ ആശ്രയിക്കുന്നതും ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമാവുന്നു. ദേശീയപാതയിലെ റോയല്‍ കവല മുതല്‍ ഡയാന ഹോട്ടല്‍ വരെയുള്ള സര്‍വീസ് റോഡ് ഉടന്‍ തന്നെ അറ്റകുറ്റപ്പണികള്‍ നടത്തി റോഡ് വീതി കൂട്ടി ടാര്‍ ചെയ്യണമെന്ന് കഴിഞ്ഞ ദിവസം കളക്ടര്‍ ഡോക്ടര്‍ പി.സുരേഷ് ബാബു കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ യാതൊരു തയ്യാറെടുപ്പും ഉണ്ടായിട്ടില്ല. ഇതിനിടയില്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരുവിഭാഗം തൊഴിലാളികളും വാഹന ഉടമകളും സമരം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ആശ്വാസമേകുന്ന രീതിയില്‍ കുറച്ച് തൊഴിലാളികള്‍ക്കും വാഹന ഉടമയ്ക്കും ചെറിയ തുക മാത്രമാണ് നല്‍കിയത്. ഇതേതുടര്‍ന്ന് വാഹന ഉടമകള്‍ താല്‍ക്കാലികമായി സമരത്തില്‍ നിന്നും പിന്മാറി. എന്നാല്‍ തൊഴിലാളികളില്‍ ചിലര്‍ ജോലി നിര്‍ത്തി പോവുകയാണെന്ന് കമ്പനിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. റോഡിന്റെ ശോചനീയവസ്ഥ നില്‍നില്‍ക്കെ തൊഴിലാളി പ്രശ്‌നങ്ങളും തുടര്‍ന്നാല്‍ ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോവാനാണ് സാധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.