ആരാധകര്‍ക്ക്‌ ആവേശമായി അല്ലു അര്‍ജുന്‍

Thursday 23 August 2012 10:27 pm IST

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട 'മല്ലു' അര്‍ജുന്‍ എന്ന അല്ലു അര്‍ജുന്‍ കൊച്ചിയിലെത്തി. 'ഗജപോക്കിരി' എന്ന തന്റെ പുതിയ ചിത്രം കാണാന്‍ സരിത തിയറ്ററിലെത്തിയ ആരാധകര്‍ക്ക്‌ ദര്‍ശനം നല്‍കാന്‍ അല്ലു അര്‍ജുന്‍ നേരിട്ടെത്തി. അര്‍ജുന്റെ വരവറിഞ്ഞ്‌ ആരാധകര്‍ മണിക്കൂറുകള്‍ക്ക്‌ മുമ്പ്‌ കാത്തിരിപ്പ്‌ ആരംഭിച്ചിരുന്നു. വിദ്യാര്‍ഥികളായിരുന്നു കാത്തിരുപ്പുകാരില്‍ കൂടുതലും. ഇന്നലെ 2.30ന്‌ അല്ലു അര്‍ജുന്‍ ആരാധകര്‍ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. കാറില്‍ നിന്ന്‌ ഇറങ്ങിയ അര്‍ജുന്‍ ആരാധകര്‍ക്ക്‌ നേരെ കൈവീശി. പ്രിയ താരത്തിനെ കാണാനും തൊട്ടുനോക്കാനും തിരക്ക്‌ കൂട്ടിയവരെ നിയന്ത്രിക്കാന്‍ പൊലീസും നന്നേ പണിപ്പെട്ടു. ആരാധകരുമായി അല്‍പ നിമിഷം ചെലവഴിച്ച്‌ വാര്‍ത്താസമ്മേളനം നടത്താന്‍ നിശ്ചയിച്ച ഹോട്ടല്‍ ഹോളിഡേ ഇന്നിലേയ്ക്ക്‌ അര്‍ജുന്‍ യാത്രയായി.
മലയാളത്തില്‍ അഭിനയിക്കാനുള്ള തന്റെ ആഗ്രഹമാണ്‌ അല്ലു വാര്‍ത്താസമ്മേളനത്തില്‍ പ്രകടിപ്പിച്ചത്‌. വൈകാതെ തന്റെ മലയാള ചിത്രം ആരാധകര്‍ക്ക്‌ പ്രതീക്ഷിക്കാം. കഴിഞ്ഞ രണ്ട്‌ വര്‍ഷമായി കൂടുതല്‍ മലയാള സിനിമകള്‍ ഇതിനായി കണ്ടുകൊണ്ടിരിക്കുകയാണ്‌. അടുത്തിടെ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്റെ ചിത്രം ഉസ്താദ്‌ ഹോട്ടല്‍ കണ്ടിരുന്നു. ചിത്രം തനിക്ക്‌ ഇഷ്ടപ്പെട്ടുവെന്നും അര്‍ജുന്‍ പറഞ്ഞു.
പത്തു വര്‍ഷത്തിനിടെ പുറത്തിറങ്ങിയ തന്റെ ഒമ്പത്‌ ചിത്രങ്ങളിലെ പല ഭാഗങ്ങളും കേരളത്തില്‍ചിത്രീകരിച്ചിട്ടുണ്ട്‌. മറ്റുള്ളവര്‍ 'മല്ലു അര്‍ജുന്‍' എന്നാണ്‌ വിളിക്കുന്നത്‌.ഞാനിപ്പോള്‍ ഒരു മലയാളിയായി മാറിക്കൊണ്ടിരിക്കുകയാണ്‌. കേരളത്തില്‍ ഒരുപാട്‌ സുഹൃത്തുക്കളുണ്ട്. ഒരു പക്ഷേ മലയാളികള്‍ സഞ്ചരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.