സിപിഎം സമ്മേളനങ്ങള്‍ തുടങ്ങുന്നു; സര്‍ക്കാര്‍ വീഴ്ചകളും ചര്‍ച്ചയാവും

Wednesday 6 September 2017 11:00 pm IST

കൊച്ചി: ഹൈദരാബാദിലെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള സിപിഎം സമ്മേളനങ്ങള്‍ ഈ മാസം 15ന് തുടങ്ങുമ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ വീഴ്ചകകളും ചര്‍ച്ചയായേക്കുമെന്ന് സൂചന. പനി മരണങ്ങള്‍, സ്വാശ്രയ വിഷയം, ബാലാവകാശ കമ്മീഷന്‍ നിയമന വിവാദം, റേഷന്‍ മുന്‍ഗണനാപ്പട്ടികയിലെ അപാകം തുടങ്ങി സര്‍ക്കാരിന്റെ ഒട്ടേറെ വീഴ്ചകള്‍ ബ്രാഞ്ച് സമ്മേളനങ്ങളിലുള്‍പ്പെടെ ചര്‍ച്ചയാകാനാണ് സാധ്യത. സാധാരണക്കാരെ ഏറെ ബാധിക്കുന്ന റേഷന്‍ കാര്‍ഡ് വിഷയമായിരിക്കും താഴേത്തട്ടില്‍ ഏറെ വിമര്‍ശിക്കപ്പെടുക. സിപിഎം നടപടികള്‍ പലതും പരസ്യമായി എതിര്‍ക്കുന്ന സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പാണ് സിവില്‍ സപ്ലൈസ് എന്നതും വിമര്‍ശനത്തിന് ആക്കം കൂട്ടും. ലോട്ടറി വിഷയത്തില്‍ സിപിഎമ്മിലുണ്ടായ വിഷയങ്ങളും സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഇതര സംസ്ഥാന ലോട്ടറി കേരളത്തില്‍ എത്തിക്കാന്‍ സിപിഎമ്മിലെ കണ്ണൂര്‍ ലോബി ശ്രമം നടത്തിയിരുന്നു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും സമ്മേളനങ്ങളില്‍ കണ്ണൂര്‍ ലോബിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നേക്കുമെന്നാണ് സൂചന. ധനമന്ത്രി തോമസ് ഐസക്കിനെ അനുകൂലിക്കുന്നവരാകും ഇത് ശക്തമായി ഉന്നയിക്കുക. ലോട്ടറി സമ്മാനഘടന ആകര്‍ഷണീയമല്ലാതാക്കിയതും താഴേത്തട്ടില്‍ വിമര്‍ശനത്തിനിടയാക്കും. അടുത്തകാലത്തായി സിപിഎമ്മില്‍ വിഭാഗീയത പരസ്യമായി പ്രകടമാകുന്നില്ല. എങ്കിലും സമ്മേളനം അടുക്കുന്നതോടെ വിഎസ്-പിണറായി പക്ഷത്തെ ചേരിതിരിവ് ശക്തമാകുമെന്നാണ് സൂചന. ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി വിഎസിനെ അനുനയിപ്പിച്ചെങ്കിലും പാര്‍ട്ടി തീരുമാനങ്ങളില്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാത്തത് ചര്‍ച്ചയാക്കാനാണ് വിഎസ് അനുകൂലികളുടെ നീക്കം. അധികാരത്തിലേറിയ ശേഷം വിവിധ വിഷയങ്ങളില്‍ സിപിഐ എതിര്‍പ്പ് അറിയിച്ചിരുന്നു. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാടിലും സിപിഐയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. മുഖ്യമന്ത്രി എടുത്ത ചില തീരുമാനങ്ങള്‍ക്കെതിരെ സിപിഐ നേതാക്കളും പരസ്യമായ നിലപാടെടുത്തിരുന്നു. സര്‍ക്കാറിന് ഒത്തൊരുമയോടെ നിലപാട് എടുക്കാന്‍ കഴിയാത്തതെന്താണെന്ന കാര്യവും സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും. പിണറായി സര്‍ക്കാര്‍ ഒന്നേകാല്‍ വര്‍ഷം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.