വിനോദസഞ്ചാര മേഖലയില്‍ അസൗകര്യങ്ങളെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്

Thursday 7 September 2017 8:07 am IST

ഇടുക്കി: ഇരവികുളം നാഷണല്‍ പാര്‍ക്ക്, കാല്‍വരി മൗണ്ട് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അസൗകര്യങ്ങള്‍ ഏറെയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. വരയാടിനെ കാണാന്‍ ഇരവികുളം ഉദ്യാനത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ ഇടമില്ല. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്നതോടെ പാര്‍ക്കിന്റെ പ്രവേശന കവാടത്തില്‍ രൂപപ്പെടുന്ന തിരക്ക് മൂന്നാര്‍ വരെ വ്യാപിക്കാറുണ്ട്. റോഡിന് ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ നടപടിയുണ്ടാകുന്നില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ക്കിന്റെ ചുമതല വനംവകുപ്പിനായതിനാല്‍ പോലീസും ജില്ലാ ഭരണകൂടവും വിഷയത്തില്‍ ഇടപെടുന്നില്ല. പാര്‍ക്കിങ്ങിനായി ഇടം അനിവാര്യമാണ്. കാല്‍വരിമൗണ്ടില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് കഴിഞ്ഞിട്ടില്ല. കട്ടപ്പന-ചെറുതോണി റോഡില്‍ കാല്‍വരി മൗണ്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ടൂറിസ്റ്റ് കേന്ദ്രത്തിലെത്താന്‍. ഇടുക്കി ഡാം സൈറ്റ് കാല്‍വരിമൗണ്ട് കുന്നില്‍ നിന്ന് കാണാം. വീതി കുറഞ്ഞ റോഡാണ് സഞ്ചാരികളെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോകാവുന്ന റോഡാണ് ഇവിടെയുള്ളത്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. ടൂറിസ്റ്റ് കേന്ദ്രത്തിലെ മലനിരകളുമായി വേര്‍തിരിക്കുന്നിടത്ത് കമ്പിവേലികളുടെ അഭാവവുമുണ്ട്. ഒന്നര വര്‍ഷം മുന്‍പ് കാട്ടുകുറിഞ്ഞി പൂത്തതോടെയാണ് കാല്‍വരിമൗണ്ട് മലനിര സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.