നിര്‍മ്മല സീതാരാമന്‍ പ്രതിരോധമന്ത്രിയായി ചുമതലയേറ്റു

Thursday 7 September 2017 12:35 pm IST

ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു. രാജ്യത്തിന്റെ 26-ാമത്തെ പ്രതിരോധമന്ത്രിയും, ആദ്യത്തെ പൂര്‍ണസമയ വനിതാ പ്രതിരോധ മന്ത്രിയുമാണ് നിര്‍മ്മല സീതാരാമന്‍. ഏറെക്കാലം പുരുഷന്‍മാര്‍ കൈയടക്കി വച്ചിരുന്ന വകുപ്പാണ് നിര്‍മലയുടെ കൈകളിലേക്കെത്തിയത്. ചടങ്ങില്‍ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അരുണ്‍ ജെയ്റ്റ് ലി സന്നിഹിതനായിരുന്നു. വാണിജ്യ വകുപ്പില്‍ നിര്‍മ്മല സീതാരാമൻ നടത്തിയ മികച്ച പ്രകടനമാണ് തന്ത്രപ്രധാനമായ പ്രതിരോധ വകുപ്പ് അവരെ ഏല്‍പ്പിക്കാന്‍ നരേന്ദ്രമോദിയെ പ്രേരിപ്പിച്ചത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോകടറേറ്റും നേടിയിട്ടുള്ള തമിഴ്നാട് സ്വദേശിയായ നിര്‍മ്മലയുടെ പഴയ തട്ടകം ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയാണ്. വ്യവസായ വാണിജ്യ മന്ത്രിയെന്ന നിലയ്ക്കുള്ള അവരുടെ പ്രവര്‍ത്തനത്തില്‍ അക്കാദമിക് യോഗ്യത സഹായകരമായിരുന്നു. ബിബിസിയുടെ ഇന്ത്യയിലെ ചുമതല വഹിച്ചിരുന്ന നിര്‍മ്മല 2006ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ഏതാനും വര്‍ഷങ്ങള്‍ പാര്‍ട്ടി വക്താവായി പ്രവര്‍ത്തിച്ചു. പ്രതിരോധമന്ത്രിയെന്നതിന് പുറമെ, രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന മന്ത്രിതല സമിതിയില്‍ നിര്‍മ്മല അംഗമാകും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നിലവില്‍ കമ്മറ്റിയില്‍ അംഗമാണ്. ആദ്യമായാണ് കമ്മറ്റിയില്‍ ഒരേ സമയത്ത് രണ്ട് വനിതാ അംഗങ്ങളുണ്ടാകുന്നത്. മാധ്യമ പ്രവചനങ്ങള്‍ അപ്രസക്തമാക്കിയാണ് നിര്‍മ്മല പ്രതിരോധം ഏറ്റെടുത്തത്. ഇന്ത്യയെ സംബന്ധിച്ച് ചരിത്ര തീരുമാനവുമാണത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.