തിരുവനന്തപുരത്ത് വാഹനാപകടം: 15 പേര്‍ക്ക് പരിക്ക്

Friday 24 August 2012 11:45 am IST

തിരുവനന്തപുരം: തിരുവനന്തപുരത്തിനടുത്ത്‌ കല്ലമ്പലം ദേശീയ പാതയില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ 15 പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന്‌ പേരുടെ നില ഗുരുതരമാണ്‌. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ്‌ ബസ്‌ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിക്ക്‌ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ടാങ്കറില്‍ നിന്നും വിമാന ഇന്ധനം പുറത്തേയ്ക്ക് ഒഴുകിയത് മൂന്നു മണിക്കൂറോളം പരിഭ്രാന്തിക്കിടയാക്കി. തീ പിടിക്കാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെ നാലര മണിയോടെയായിരുന്നു അപകടം. പാലക്കാട് നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റാണ് കൊച്ചി റിഫൈനറിയില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലേയ്ക്ക് വിമാന ഇന്ധനവുമായി വന്ന ടാങ്കറിലിടിച്ചത്. ടാങ്കര്‍ പൊട്ടി ഇന്ധനം പുറത്തേയ്‌ക്കൊഴുകിയത് തടയാന്‍ ഫയര്‍ ഫോഴ്‌സും പോലീസും നന്നേ പാടുപെട്ടു. ഒടുവില്‍ എണ്ണ ഒഴുകുന്ന ഭാഗത്ത് മരക്കഷണം തിരുകിക്കയറ്റിയാണ് ഒഴുക്കു തടഞ്ഞത്. അപകടത്തെത്തുടര്‍ന്ന് മൂന്നു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ ഇവരാണ്: നാഗര്‍കോവില്‍ സ്വദേശികളായ അയ്യപ്പന്‍(40), അരുന്‍ ജാന്‍ റോസ് (45), ജബിന്‍ (മൂന്നര), ബാലന്‍(വില്ലാടം), രാജാമണി( 44 - കൊല്ലങ്കോട്), സൂപ്പര്‍ ഫാസ്റ്റിന്റെ ഡ്രൈവര്‍ വെങ്ങാനൂര്‍ സ്വദേശി ശിവദാസന്‍ (44). ചാത്തമ്പാറ കെ.ടി.സി.ടി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ഇവരാണ്: മുരളിപ്രസാദ് (കൊല്ലം), സന്തോഷ് ( എറണാകുളം), വേണുനായര്‍(കിളിക്കൊല്ലൂര്‍), ഷാഹുല്‍ഹമീദ്(ചാവര്‍കോട്).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.