ഉതൃട്ടാതി ജലമേള ആറന്മുളയില്‍ ഗതാഗത നിയന്ത്രണം

Thursday 7 September 2017 8:12 pm IST

  കോഴഞ്ചേരി: ഉതൃട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട് പോലീസ് ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചകഴിഞ്ഞ് 12 മുതല്‍ പത്തനംതിട്ടയില്‍ നിന്നും ചെങ്ങന്നൂര്‍ക്ക് പോകുന്ന വാഹനങ്ങള്‍ കോഴഞ്ചേരി കുമ്പനാട് ആറാട്ടുപുഴ വഴിയും, ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ടക്ക് പോകുന്ന വാഹനങ്ങള്‍ ആറാട്ടുപുഴ കുമ്പനാട് കോഴഞ്ചേരി വഴിയും പോകേണ്ടതാണ്. കോഴഞ്ചേരിയില്‍ നിന്നും പന്തളത്തേക്ക് പോകുന്ന വാഹനങ്ങള്‍ തെക്കേമലകുഴിക്കാല ഇലവുംതിട്ട വഴിയും, പന്തളത്തുനിന്ന് കോഴഞ്ചേരിക്ക് വരുന്ന വാഹനങ്ങള്‍ ഇലവുംതിട്ട കുഴിക്കാലതെക്കേമല വഴിയും പോകുന്നതിനായി ക്രമീകരിച്ചിട്ടുണ്ട്. ഉച്ചക്ക് 12 ന് ശേഷം ചെങ്ങന്നൂരില്‍ നിന്നും ആറന്മുളയ്ക്ക് വരുന്ന വാഹനങ്ങള്‍ (സ്‌പെഷ്യല്‍ സര്‍വ്വീസ് ഉള്‍പ്പെടെ) കോഴിപ്പാലത്ത് ആളുകളെ ഇറക്കി തിരികെ പോകേണ്ടതും, പന്തളത്തുനിന്നും ആറന്മുളക്ക് വരുന്ന വാഹനങ്ങള്‍ ആറന്മുള എന്‍ജിനിയറിംഗ് കോളേജ് ജംഗ്ഷനില്‍ ആളുകളെ ഇറക്കി തിരികെ പോകേണ്ടതാണ്. പത്തനംതിട്ടയില്‍ നിന്നും റാന്നിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തെക്കേമല ജംഗ്ഷനില്‍ വന്ന് തിരികെ പോകേണ്ടതും ഉച്ചക്ക് 2 ന് ശേഷം തെക്കേമല നിന്നും ആറന്മുള ഭാഗത്തേക്ക് ഒരുവാഹനങ്ങളെയും അനുവദിക്കുന്നതല്ല. പത്തനംതിട്ട, റാന്നി, മല്ലപ്പള്ളി ഭാഗത്തുനിന്നും വരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടിലും കോഴഞ്ചേരി പഞ്ചായത്ത് ഗ്രൗണ്ടിലും വഞ്ചിത്ര റോഡിലുള്ള മാര്‍ത്തോമ്മ സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പന്തളം ഭാഗത്തുനിന്നും വരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും എന്‍ജിയറിംഗ് കോളേജിന് എതിര്‍വശത്തുള്ള വിജയാനന്ദ സ്‌കൂള്‍ ഗ്രൗണ്ടിലും എന്‍ജിനിയറിംഗ് കോളേജിന് മുന്‍ഭാഗത്തും, നാല്‍ക്കാലിക്കല്‍ എസ്.വി.ജി.വി. സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുഴിക്കാലഭാഗത്തുനിന്നും വരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും, ചെറിയ വാഹനങ്ങള്‍ക്കും പുന്നംതോട്ടം ക്ഷേത്ര പരിസരത്തും പരമൂട്ടില്‍ പടിയിലുള്ള അസംബ്ലി ഹാള്‍ മുറ്റത്തും ആറന്മുള പമ്പിന് സമീപത്തുള്ള സ്വകാര്യ വസ്തുവിലുമാണ് പാര്‍ക്കിംഗിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും വരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ ഗ്രൗണ്ടിലും, സിവില്‍ സ്റ്റേഷന് എതിര്‍വശത്തുള്ള സ്വകാര്യ വസ്തുവിലുമാണ് പാര്‍ക്കിംഗിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ക്ക് ആറന്മുള എന്‍ജിനിയറിംഗ് കോളേജില്‍ നിന്നും കുളമാപ്പൂഴിക്കുള്ള റോഡിന്റെ ഇടതുവശത്ത് പാര്‍ക്ക് ചെയ്യാവുന്നതാണ്. പുല്ലാട്, കുമ്പനാട് , പൂവത്തൂര്‍ പ്രദേശത്തുനിന്നും വരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും ചെട്ടിമുക്കില്‍നിന്നും ഇടഭാഗത്തേക്ക് പോകുന്ന മാര്‍ത്തോമ്മാ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തുള്ള സ്വകാര്യ വസ്തുവിലുമാണ് പാര്‍ക്കിംഗിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോലീസ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാനുപയോഗിച്ച് നീക്കം ചെയ്യുന്നതാണെന്നും പോലീസ് അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.