അനധികൃത കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവ്

Friday 8 September 2017 8:57 pm IST

എടത്വാ: അനധികൃതമായി വയല്‍ നികത്തി കെട്ടിടം നിര്‍മിച്ച വ്യക്തിയില്‍ നിന്ന് പിഴ ഈടാക്കി കെട്ടിടം പൊളിച്ചുനീക്കാന്‍ ഗ്രാമപഞ്ചായത്തിന്റെ ഉത്തരവ്. തലവടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുത്തന്‍പുരയില്‍ സുന്ദരേശന്‍ നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കാനാണ് ഉത്തരവായത്. പതിനായിരം രൂപ പിഴയും, ഏഴ് ദിവസത്തിനുള്ളില്‍ കെട്ടിടം പൊളിച്ചുനീക്കാനുമാണ് നിര്‍ദ്ദേശം. ഉത്തരവ് കൈപ്പറ്റി ഏഴ് ദിവസത്തിനകം പിഴനല്‍കി കെട്ടിടം പൊളിച്ചുമാറ്റിയില്ലെങ്കില്‍ പഞ്ചായത്ത് അധികൃതര്‍ നേരിട്ട് പൊളിച്ചുമാറ്റും. ഇങ്ങനെവന്നാല്‍ പൊളിച്ചുനീക്കാന്‍ വേണ്ടിവരുന്ന ചിലവും, പിഴയും കെട്ടിട ഉടമയില്‍നിന്ന് ഈടാക്കും. കെട്ടിടഉടമ പിഴയും ചിലവായ തുകയും നല്‍കിയില്ലെങ്കില്‍ റവന്യു നടപടിയിലൂടെ ഈടാക്കാനാണ് തീരുമാനം. കളങ്ങര-എടത്വാ റോഡിനെ സമീപത്താണ് അനുമതിയില്ലാതെ നിലം നികത്തി കെട്ടിടം നിര്‍മ്മിച്ചത്. നികത്തല്‍ തുടങ്ങിയതോടെ വില്ലേജ് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഉത്തരവ് അവഗണിച്ചാണ് ഈ വ്യക്തി നിലം നികത്തി കെട്ടിടം നിര്‍മ്മിച്ചത്. അനധികൃതമായി നിലം നികത്തി കെട്ടിടം നിര്‍മിച്ചതിനെതിരെ വിജിലന്‍സ് അന്വഷണം നടന്നുവരുമ്പോഴാണ് തലവടി പഞ്ചായത്ത് ഇന്നലെ പുതിയ ഉത്തരവിറക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.