രണ്ടാംമൈലില്‍ മലയിടിഞ്ഞു; ഗതാഗതം നിലച്ചു

Friday 8 September 2017 9:36 pm IST

മൂന്നാര്‍: ഹൈറേഞ്ചില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക മണ്ണിടിച്ചില്‍. നിരവധി ഇടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. അടിമാലി- മൂന്നാര്‍ പാതയില്‍ രണ്ടാംമൈലിന് സമീപം മലയിടിഞ്ഞ് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. ആനച്ചാലില്‍ നിന്ന് മൂന്നാര്‍ പോകുന്ന വഴിയും മണ്ണിടിച്ചിലില്‍ തടസപ്പെട്ടിരുന്നു. 4 മണിയോടെ ആനച്ചാല്‍ ജങ്ഷനില്‍ അടക്കം നിരവധി ഇടങ്ങളില്‍ മണ്ണിടിഞ്ഞിരുന്നു. ഇത് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കുന്നതിനിടെയാണ് പ്രധാനറോഡില്‍ രണ്ടാംമൈലിന് സമീപം മണ്ണിടിയുന്നത്. രണ്ട് വര്‍ഷം മുമ്പും ഇവിടെ മണ്ണിടിഞ്ഞിരുന്നു. ചെങ്കുത്തായുള്ള ഇവിടെ മല ഇടിഞ്ഞ് വീഴുകയായിരുന്നു. റോഡിലേയ്ക്ക് മണ്ണും വലിയ പാറകഷണങ്ങളും വീണതോടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. വിനോദസഞ്ചാരികളുടെ അടക്കം നൂറ് കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണ് ഇരുവശത്തുമായി കുടുങ്ങിയിരിക്കുന്നത്. സ്ഥലപരിമിതി മൂലം വാഹനങ്ങള്‍ തിരക്കാനാകാത്തതും തിരിച്ചടിയാകുകയാണ്. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ളവ ഇതിലുണ്ട്. മൂന്നാറിലെ അഗ്നിശമന സേനയില്‍ നിന്നും 10 ഓളം വരുന്ന സംഘം എത്തിയാണ് നിലവില്‍ ഇവിടെ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. മലയിടിഞ്ഞ സ്ഥലത്ത് വീടുകളില്ല. ഇതിന് മുകളിലായി രണ്ട് റിസോര്‍ട്ടുകള്‍ ഉണ്ട്. ഇടിഞ്ഞ മണ്ണ് റോഡിന് താഴേക്ക് തള്ളി മാറ്റി വരികയാണ്. രണ്ട് വാഹനങ്ങള്‍ ഇതിനായി എത്തിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞ് വീണതോടെ റോഡിന്റെ സംരക്ഷണ ഭിത്തിയും തകര്‍ന്നിട്ടുണ്ട്. ഇവിടുത്തെ മണ്ണ് മാറ്റിയെങ്കില്‍ മാത്രമെ വാഹനം കടത്തിവിടാനാകുമോ എന്നതും അറിയാനാകൂ എന്ന് അഗ്നിശമന സേനാ അഗംങ്ങള്‍ പ്രതികരിച്ചു. നിലവില്‍ അടിമാലി, മൂന്നാര്‍ പോലീസോ, ഹൈവേ പോ ലീസോ സ്ഥലത്തെത്തിയിട്ടില്ല. വാഹനങ്ങള്‍ വഴി തിരച്ച് വിടുന്നതടക്കം അഗ്നിശമന സേനാ അംഗങ്ങളാണ് ചെയ്യുന്നത്. ഊന്നുകല്ല് വെള്ളാമ്മതോടിന് സമീപവും മണ്ണിടിഞ്ഞിട്ടുണ്ട്. തോട്ടിലെ വെള്ളം ഉയര്‍ന്ന് പാലത്തിന് മുകളില്‍ എത്തിയതോടെ ഇതുവഴിയുള്ള ഗതാഗതവും പൂര്‍ണ്ണമായും സ്തംഭിച്ചു. നേര്യമംഗലം - ഊന്നികല്ല് വഴിയുള്ള വാഹനങ്ങള്‍ വണ്ണപ്പുറം വഴി തിരിച്ച് വിട്ടു. കുഞ്ചിത്തണ്ണി ഫെഡറല്‍ ബാങ്കിന് സമീപത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.