കണ്ണൂരിനെ കുരുതിക്കളമാക്കാന്‍ വീണ്ടും സിപിഎം ശ്രമം

Saturday 9 September 2017 12:16 pm IST

കണ്ണൂരിനെ വീണ്ടും കുരുതിക്കളമാക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി തലശ്ശേരി മണ്ഡലം ഉപാദ്ധ്യക്ഷന്‍ കെ.കെ പ്രേമന് നേരയുള്ള വധഭീഷണിയും അദ്ദേഹത്തിന്റെ വീടിനു നേരെയുള്ള അക്രമവും ഇതിന്റെ തുടക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും കുമ്മനം പറഞ്ഞു കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്തിനെ ഇന്ന് രാവിലെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് ആയുധം താഴെവെക്കാന്‍ സിപിഎം തയ്യാറല്ലെന്ന പ്രഖ്യാപനമാണ്. സമാധാന യോഗ തീരുമാനങ്ങള്‍ കാറ്റില്‍ പറത്തുന്ന നീക്കമാണിത്. കഴിഞ്ഞ ദിവസമാണ് പ്രേമന്റെ വീടിന് മുന്നില്‍ ഭീഷണിയോടു കൂടിയ റീത്ത് പ്രത്യക്ഷപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന വാഹനം തകര്‍ക്കുകയും വീടിന്റെ മുന്‍വശം കരി ഓയില്‍ ഒഴിച്ച് വൃത്തികേടാക്കുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ ഏകപക്ഷീയമായാണ് ഈ രണ്ടു സംഭവങ്ങളും ഉണ്ടായത്. നിരവധി പരിശ്രമങ്ങള്‍ക്ക് ശേഷം പുന:സ്ഥാപിക്കപ്പെട്ട ജില്ലയിലെ സമാധാനം തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് സിപിഎം പിന്‍മാറണം കുമ്മനം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ തടസ്സപ്പെടുത്താന്‍ സിപിഎം ആസൂത്രിത നീക്കം നടത്തുകയാണ്. ഇത് കോടിക്കണക്കിന് വരുന്ന വിശ്വാസികളോടും കുഞ്ഞുങ്ങളോടുമുള്ള വെല്ലുവിളിയാണ്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 40 വര്‍ഷമായി കേരളത്തില്‍ ശ്രീകൃഷ്ണജയന്തി ബാലദിനമായി ആചരിച്ച് ശോഭായാത്രകള്‍ നടക്കുന്നുണ്ട്. നാളിതുവരെ യാതൊരു ക്രമസമാധാന പ്രശ്‌നമോ തടസ്സങ്ങളോ കൂടാതെ സമാധാനപരമായാണ് കക്ഷിരാഷ്ട്രീയ-ജാതിമത പരിഗണനകളില്ലാതെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്. എന്നാല്‍ 2 വര്‍ഷമായി സിപിഎം പ്രവര്‍ത്തകര്‍ മനപ്പൂര്‍വ്വം ഇതിന് തടസ്സം സൃഷ്ടിക്കുകയാണ്. ഇത് സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോട് മാത്രമുള്ള അസഹിഷ്ണുത എന്തിനാണെന്ന് സിപിഎം ചിന്തിക്കണം. പിണറായി വിജയന്‍ അധികാരത്തിലെത്തിയതോടെ സിപിഎം പ്രവര്‍ത്തകരുടെ അസഹിഷ്ണുത അതിന്റെ പരകോടിയിലെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ സമാധാന യോഗത്തില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം കണ്ണൂരില്‍ നടത്തുന്ന സമാന്തര പരിപാടികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നാല്‍ സിപിഎം ധാര്‍ഷ്ട്യത്തിന് ജില്ലാ ഭരണകൂടവും പൊലീസും കുട പിടിയ്ക്കുകയാണ്. ശോഭായാത്രകള്‍ക്ക് അനുമതി നിഷേധിച്ചും മൈക്ക് ഉപയോഗിക്കാന്‍ അനുവദിക്കാതെയും ശോഭായാത്ര തടസ്സപ്പെടുത്താനാണ് ജില്ലാ അധികൃതരുടെ ശ്രമം. ബാലഗോകുലം മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ അപേക്ഷ നിരസിക്കുന്ന പൊലീസ് സിപിഎം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഘോഷയാത്രകള്‍ക്ക് അനുമതി നല്‍കുകയും ചെയ്യുന്നുണ്ട്. ചിലയിടങ്ങളില്‍ മിനിറ്റുകളുടെ ഇടവേളയിലാണ് സിപിഎം ഘോഷയാത്രക്ക് അനുമതി നല്‍കിയിരിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണിത്. ഇതില്‍ നിന്ന് പിന്‍മാറാനുള്ള വിവേകം സിപിഎം നേതൃത്വം കാണിക്കണം. ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും സാംസ്‌കാരിക നായകരും രംഗത്തുവരണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.