ചിറയിന്‍കീഴില്‍നിന്നൊരു താരോദയം!

Saturday 9 September 2017 6:43 pm IST

1952 എന്ന വര്‍ഷത്തിന് മലയാള സിനിമയുടെ ചരിത്ര വഴിയില്‍ പ്രത്യേക പ്രാധാന്യമുണ്ട്. 1918 മുതല്‍ ആരംഭിച്ച ചലച്ചിത്രയാനം കാല്‍ നൂറ്റാണ്ടു പൂര്‍ത്തിയാക്കുന്ന വര്‍ഷമാണിത്. ഈ വര്‍ഷമിറങ്ങിയ ഏതാനും ചിത്രങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുവാനുള്ളതുകൊണ്ട് ആ സന്ധിയോടു ചേര്‍ത്തുള്ള വിചാരണ അതേത്തുടര്‍ന്നാകാം. ആ ചിത്രങ്ങള്‍ക്ക് മുമ്പായി ഇപ്രകാരമൊരു ഇടക്കുറിപ്പിലേക്ക് കടക്കുന്നതിനു പ്രത്യേക ന്യായമുണ്ട്. മലയാള സിനിമയുടെ ഇതുവരെയുള്ള ഘട്ടത്തില്‍ താരപദവി സ്വന്തമാക്കിയ നായക പ്രതിഷ്ഠകള്‍ കാര്യമായുണ്ടായില്ല. ആകെ തിക്കുറിശ്ശിയെയാണ് ആ പദവിയോടു ചേര്‍ത്തു നായക തലത്തില്‍ അല്‍പ്പമെങ്കിലും പരാമര്‍ശിക്കാന്‍ കഴിയുക. നായികമാരുടെ കൂട്ടത്തില്‍ ലളിത- പത്മിനി രാഗിണിമാരുണ്ടായിരുന്നുവെങ്കിലും തെന്നിന്ത്യന്‍ ഭാഷകളില്‍ പൊതുവായിട്ടായിരുന്നു അവരുടെ രംഗപ്രവേശം. അക്കൂട്ടത്തില്‍ ചില ചിത്രങ്ങളില്‍ മലയാളത്തിലും എത്തിപ്പെട്ടുന്നു എന്നേ പറയാനാകൂ. മിസ്. കുമാരിയാണ് തുടര്‍ച്ചയായി ഉപനായികയായി കൂടുതലും സ്‌ക്രീനിലെത്തിയത്. ആ പദവിയില്‍ അവര്‍ അഭംഗുരം തുടര്‍ന്നുള്ള കുറച്ചുവര്‍ഷങ്ങള്‍ തുടരുകയും ചെയ്തു. വരാനിരിക്കുന്ന പതിറ്റാണ്ടുകളെ അടക്കിവാഴുന്ന താരസിംഹാസനത്തിലേയ്ക്ക് ആനയിക്കപ്പെടുവാനുള്ള ഊഴവും പേറി രണ്ടു നടന്മാര്‍ മലയാള സിനിമയില്‍ കടന്നുവരുന്നത് 1952 ലാണ്. ചിറയിന്‍കീഴുകാരനായ അബ്ദുള്‍ ഖാദറും തിരുവനന്തപുരം മണക്കാട്ടു വാസിയായിരുന്ന എം. സത്യനേശ നാടാരും. പ്രേംനസീര്‍ എന്ന പേരില്‍ അബ്ദുള്‍ ഖാദര്‍ 1952 മുതല്‍ 1988 വരെ 36 വര്‍ഷം മലയാള സിനിമയില്‍ നിര്‍ണായക സാന്നിദ്ധ്യമായി. സത്യനാവട്ടെ 1952 മുതല്‍ 1971 വരെ 20 വര്‍ഷവും. രണ്ടു ശ്രുതിയിലുള്ള അഭിനയ ശൈലിയാണ് ഇരുവരും തുടര്‍ന്നതെങ്കിലും താന്താങ്ങളുടെ വഴിയില്‍ അജയ്യരായി തന്നെയാണ് അരങ്ങുവാണത്. നായകനിരയില്‍ ജ്വലിച്ചു നില്‍ക്കുമ്പോഴാണ് രക്താര്‍ബ്ബുദത്തിന്റെ കരുണയറ്റ കരങ്ങള്‍ സത്യന്റെ ജീവന്‍ കവര്‍ന്നെടുത്തത്. പ്രേംനസീര്‍ തന്റെ സപര്യയിലെ അവസാനത്തെ ഏതാനും വര്‍ഷങ്ങളിലൊഴികെ നായകപദവിയില്‍ത്തന്നെ വിരാജിച്ചു. അതിന്റെ തുടര്‍ച്ചയില്‍ ക്യാരക്ടര്‍ വേഷങ്ങളിലും. ഈ കാലഘട്ടത്തിലെ മലയാള സിനിമയുടെ കുതിപ്പിലും ഒരുപോലെ പങ്കാളികളായിരുന്നു ഇരുവരും. വ്യവസായമെന്ന നിലയില്‍ മലയാള സിനിമ വേരുറപ്പിക്കാന്‍ തുടങ്ങുന്ന നാളുകളിലുള്ള സാരഥ്യത്തിനു ആ നിലയില്‍ക്കൂടി പ്രാധാന്യമുണ്ട്. ചിറയിന്‍കീഴിലെ ആക്കോട് കുടുംബത്തില്‍ ഷാഹുല്‍ഹമീദിന്റെയും അസുമാ ബീവിയുടെയും മകനായി 1929 ഡിസംബര്‍ 26-ാം തീയതി ജനിച്ച ഖാദറിന് അബ്ദുള്‍ വഹാബ് എന്നൊരു സഹോദരനും സുലേഖ എന്നൊരു സഹോദരിയുമുണ്ടായിരുന്നു. വഹാബ് പിന്നീട് പ്രേംനവാസ് എന്ന പേരില്‍ നടനായും നിര്‍മാതാവായും മലയാളസിനിമയോടു സജീവമായി ബന്ധപ്പെട്ടിരുന്നു. സമീപദൃശ്യങ്ങളിലൊഴികെ തിരിച്ചറിയുവാനാകാത്ത വിധം രൂപ സാദൃശ്യം ഈ സഹോദരന്മാര്‍ക്കിടയിലുണ്ടായിരുന്നു. ചിറയിന്‍കീഴില്‍ ശാര്‍ക്കര സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ ഖാദറിന് സിനിമയോടു അഭിനിവേശമുണ്ടായിരുന്നു. അടുത്ത ചങ്ങാതിമാരായിരുന്ന പരമേശ്വരനോടും കൃഷ്ണനോടും ഖാദര്‍ സിനിമാ സ്വപ്നങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. ഖാദര്‍ അഭിനയരംഗത്തെത്തിപ്പെടുന്ന നാളുകള്‍ സ്വപ്നം കണ്ടപ്പോള്‍ പരമേശ്വരനും കൃഷ്ണനും കിനാവുകണ്ടത് സിനിമയുടെ പണിപ്പുരയില്‍ സാങ്കേതിക രംഗത്തെ പങ്കാളിത്തമാണ്. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി മൂന്നുപേരും മൂന്നുവഴിക്കു തിരിയുമ്പോള്‍ ''ഇനി കാണുക സിനിമയില്‍'' എന്നായിരുന്നു യാത്രാമൊഴി! മനസ്സ് കൊതിച്ചതു തന്നെ സംഭവിച്ചു. പരമേശ്വരന്‍ ഛായാഗ്രഹണ കലയില്‍ ശിക്ഷണം നേടി പല നാടു കറങ്ങി തൃശൂരില്‍ ശോഭനാ സ്റ്റുഡിയോ സ്ഥാപിച്ച് പ്രവര്‍ത്തിച്ചു. ആ നാളുകളില്‍ 'നീലക്കുയില്‍' എന്ന ചിത്രത്തില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി സിനിമയിലെത്തി. നവരത്‌ന ഫിലിംസിന്റെ ബാനറില്‍ കെ. വി. ദേവദാസ്, എല്‍. കെ. കരുണാകരന്‍പിള്ള എന്നിവരുമായി ചേര്‍ന്നു ശോഭന പരമേശ്വരന്‍ നായര്‍ 1963 ല്‍ നിര്‍മ്മിച്ച ചിത്രമാണ് നിണമണിഞ്ഞ കാല്‍പ്പാടുകള്‍. പിന്നീട് മലയാള സിനിമയ്ക്കു ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മ്മാതാവെന്ന നിലയിലും ചരിത്രത്തിലിടം നേടി. ഇദ്ദേഹം നിര്‍മ്മിച്ച 'മുറപ്പെണ്ണി'ലൂടെയായിരുന്നു എം.ടി. വാസുദേവന്‍ നായരുടെ ചലച്ചിത്ര പ്രവേശം. കൃഷ്ണന്റെ നിയോഗം ചിത്ര സന്നിവേശ കലയായിരുന്നു. വി. പി. കൃഷ്ണന്‍ എന്ന നിലയില്‍ ആ മേഖലയില്‍ അദ്ദേഹം തെന്നിന്ത്യയിലത്രയും സുവിദിതനായി. കോളജ് പഠനത്തിനായി അബ്ദുള്‍ ഖാദര്‍ വന്നെത്തിയത് ചങ്ങനാശ്ശേരിയിലെ സെന്റ് ബര്‍ക്ക്മാന്‍ കോളജിലാണ്. കോളജിലെ നാടകപ്രവര്‍ത്തനങ്ങളില്‍ ഖാദര്‍ സജീവമായി. ഷെയ്ക്‌സ്പിയര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ പ്രത്യേക വിരുതുതന്നെ ഖാദര്‍ കോളജിലെ അരങ്ങില്‍ പ്രകടിപ്പിച്ചിരുന്നു. ഏതായാലും വിദ്യാഭ്യാസാനന്തരം നാടകരംഗത്തു തുടരുവാനല്ല, തന്റെ ചിരകാലമോഹമായി സിനിമയില്‍ കടന്നെത്തുവാനാണ് അബ്ദുള്‍ ഖാദര്‍ ശ്രമിച്ചത്. സിനിമയില്‍ എത്തും മുന്‍പേ അദ്ദേഹം വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായിക്കഴിഞ്ഞിരുന്നു. അക്കാലത്ത്, മുസ്ലിം സമൂഹത്തില്‍ പ്രത്യേകിച്ചും, കൗമാരത്തിന്റെ മുനമ്പില്‍ തന്നെയുള്ള വിവാഹം സാധാരണമായിരുന്നുവല്ലോ. അബ്ദുള്‍ ഖാദറിന് പ്രേം നസീര്‍ എന്ന് ചലച്ചിത്രനാമകരണം നടത്തിയതിന്റെ ക്രെഡിറ്റ് തിക്കുറിശ്ശിക്കാണ് പലരും ഘോഷപൂര്‍വ്വം നല്‍കി കണ്ടിട്ടുള്ളത്. തിക്കുറിശ്ശി അത് നിരാകരിച്ചും കണ്ടില്ല. വിശപ്പിന്റെ വിളി എന്ന ഉദയാചിത്രത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു നാമകരണം. പക്ഷെ ആ പേര് നല്‍കിയത് തിക്കുറിശ്ശിയല്ല, അഭയദേവാണെന്നൊരു വാദം ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിക്കണ്ടു. 1951 ല്‍ ചിത്രീകരണമാരംഭിച്ചുവെങ്കിലും 1952 ലാണ് മരുമകള്‍ പ്രദര്‍ശനത്തിനെത്തിയത്. ആ ചിത്രത്തിന്റെ പരസ്യങ്ങളില്‍ അബ്ദുള്‍ ഖാദര്‍ എന്ന പേരാണ് ചേര്‍ത്തുകണ്ടിട്ടുള്ളത്. എന്നാല്‍ വിശപ്പിന്റെ വിളി എന്ന ചിത്രത്തിന്റെ ക്രെഡിറ്റുകളില്‍ പ്രേം നസീര്‍ എന്നാണ് കാണുന്നത്. ഈ ചിത്രം സംവിധാനം ചെയ്ത മോഹന്‍ റാവുവിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവത്രെ ഈ സ്‌ക്രീന്‍ നാമസ്വീകരണം. അബ്ദുള്‍ ഖാദര്‍ എന്ന പേര് പ്രകടമായും ഒരു മുസ്ലീം നാമമായതുകൊണ്ട് ഒരു പൊതുസമൂഹ സൂചകമായ താരനാമമായിരിക്കും നല്ലതെന്ന് റാവു ഉപദേശിച്ചു. ഇത് കുഞ്ചാക്കോയ്ക്ക് സ്വീകാര്യമാവുകയും ഖാദര്‍ അത് അനുസരിക്കുകയും ചെയ്തു. ഏതായാലും പ്രേംനസീര്‍ എന്ന പേരങ്ങുറച്ചു. അബ്ദുള്‍ ഖാദര്‍ എന്ന ആദ്യ നാമം ജീവചരിത്രക്കുറിപ്പുകളിലെ പരാമര്‍ശങ്ങളില്‍ ഒതുങ്ങുകയും ചെയ്തു. പ്രേംനസീര്‍ ആദ്യം അഭിനയിച്ചതു 'മരുമകള്‍' എന്ന ചിത്രത്തിലാണ്. അതേത്തുടര്‍ന്നാണ് കെ. ബാലകൃഷ്ണന്‍ ഒരുക്കിയ 'ത്യാഗസീമ'യില്‍ അഭിനയിക്കുന്നത്. 'ത്യാഗ സീമ' യാണ് ആദ്യം തുടങ്ങിയതെന്നും ഒരു വാദം കേടിട്ടുണ്ട്. 'ത്യാഗ സീമ'യില്‍ സത്യനും അഭിനയിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ 'ത്യാഗസീമ' ഇടയ്ക്കുവച്ച് മുടങ്ങി; പിന്നെ പൂര്‍ത്തിയായില്ല. ചേലങ്ങാട്ടു ഗോപാലകൃഷ്ണന്‍ എന്തുകൊണ്ടോ പ്രേംനസീറിനെ സിനിമയ്ക്ക് ചേരാത്ത തൊപ്പി എന്നാണ് വിശേഷിപ്പിച്ചു കാണുന്നത്. ഉപജാപങ്ങളുടെ പുറത്താണ് നസീര്‍ സിനിമയില്‍ പിടിച്ചുനിന്നതെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. ക്ഷമാപണപൂര്‍വം പറയട്ടെ ഈ വാദമുഖത്തിനു വിശ്വാസ്യത ഇല്ല. കൗശലത്തിന്റെ പേരില്‍ കുറച്ചുകാലം ഒരാള്‍ക്കു മേധാവിത്വം പുലര്‍ത്താനാകാം. പക്ഷെ അതു 36 വര്‍ഷം നീണ്ടു എന്നത് അസംഭവ്യമാണ്. ഗോപാലകൃഷ്ണന്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. അറുന്നൂറോളം ചിത്രങ്ങളില്‍ നായകനായഭിനയിച്ച നസീറിന്റെ പേര് ഗിന്നസ് ബുക്കില്‍ കടന്നുകൂടി എന്നൊക്കെയായിരുന്നു ഉപജാപക വൃന്ദങ്ങള്‍ പറഞ്ഞു പ്രചരിപ്പിച്ചിരുന്ന നുണ. പ്രേംനസീര്‍ ചലച്ചിത്രരംഗത്തുവരുന്ന 1952 മുതല്‍ നസീര്‍ വിടവാങ്ങുന്ന കാലം വരെ മലയാളത്തില്‍ അറുന്നൂറോളം ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നുവെങ്കിലും ഇതില്‍ പകുതിയിലും വേറെ നടന്മാരായിരുന്നു അഭിനയിച്ചിരുന്നത്. ചരിത്രാന്വേഷിയെ വ്യക്തിപരമായ അനിഷ്ടങ്ങള്‍ വഴിതെറ്റിക്കുന്നതിന്റെ ദുരന്തമായി മാത്രമേ ഈ അസത്യ പ്രസ്താവത്തെ കാണാനാകുന്നുള്ളൂ. 1952 മുതല്‍ 1988 വരെയുള്ള കാലയളവില്‍ അറുനൂറു ചിത്രങ്ങളേ മലയാളത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളൂ എന്ന കണക്കു തന്നെ ഭീമമായ അബദ്ധമാണ്. എണ്‍പതുകളിലൊക്കെ നൂറിലേറെ ചിത്രങ്ങള്‍ ഓരോ വര്‍ഷവും മലയാളത്തില്‍ നിര്‍മിക്കപ്പെട്ടിരുന്നു. ക്യാരക്ടര്‍ വേഷങ്ങളില്‍ പ്രാമുഖ്യത്തോടെ ഇടചേര്‍ന്നുപോന്ന നസീറിന്റെ അഭിനയ ജീവിതത്തിന്റെ അവസാനത്തെ എട്ടുവര്‍ഷങ്ങളില്‍ മാത്രം 750 ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ എണ്‍പതോളം ചിത്രങ്ങളില്‍ നസീര്‍ അഭിനയിച്ചിരുന്നു. അതിന് മന്‍പുള്ള 28 വര്‍ഷങ്ങളില്‍ ഏതാണ്ട് ഇരുപതു വര്‍ഷങ്ങളെങ്കിലും ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചുപോന്നിരുന്നു അദ്ദേഹം. ഒരു തര്‍ക്കത്തിനും ഇടതരാത്ത വളരെ വ്യക്തമായ ഒരു യാഥാര്‍ത്ഥ്യമാണിത്.  ഇക്കൂട്ടത്തില്‍ തന്നെ ഏതാണ്ട് അന്‍പതോളം തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. അവ കൂടി ചേര്‍ത്ത് അറുന്നൂറോളം ചിത്രങ്ങള്‍ എന്നു പറയുന്നതില്‍ അതിശയോക്തി കാണാന്‍ വയ്യ. ചിത്രങ്ങളുടെ എണ്ണത്തിലല്ല നിലവാരത്തിലാണ് കാര്യം എന്നായിരുന്നില്ല ചേലങ്ങാട്ടിന്റെ നിരീക്ഷണ ഭൂമിക. അഥവാ അതാണുദ്ദേശിച്ചിരുന്നതെങ്കില്‍ത്തന്നെ ചിത്രത്തിന്റെ നിലവാരത്തില്‍ ഒരു താരത്തിന് ചെലുത്തുവാന്‍ കഴിയുന്ന സ്വാധീനം എത്ര പരിമിതമാണെന്നറിയാത്ത ആളല്ല ചേലങ്ങാട്ട്. താനൊരു വിശ്വോത്തര നടനാണെന്നു പ്രേംനസീര്‍ ഒരിക്കലും തെറ്റിദ്ധരിച്ചിട്ടില്ല, അവകാശപ്പെട്ടിട്ടുമില്ല. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ചോദിച്ചുവാങ്ങുവാനുള്ള നസീറിന്റെ അഭിനയ ത്വരയിലെ ആത്മാര്‍ത്ഥതയെ 'ഇരുട്ടിന്റെ ആത്മാവി'ലെ വേലായുധനെ അവതരിപ്പിക്കുവാന്‍ ഈ നടന്‍ കാണിച്ച പ്രത്യേക ഔത്സുക്യത്തെ മുന്‍നിര്‍ത്തി എംടി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രേംനസീര്‍ താരമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍. തന്നിലര്‍പ്പിതമാകുന്ന കഥാപാത്രങ്ങളെ ജനപ്രീതിയോടു ചേര്‍ന്നുനില്‍ക്കുന്ന അവയുടെ ചലച്ചിത്രവല്‍ക്കരണ ശൈലിയോടിണക്കി അദ്ദേഹം അഭിനയിച്ചു. അവ പ്രഖ്യാപിത ലക്ഷ്യം നേടി എന്ന് അവയുടെ സാമ്പത്തിക വിജയം സാക്ഷ്യപ്പെടുത്തുന്നു. ഒരു കാലഘട്ടത്തിലെ ബോക്‌സ് ഓഫീസ് വിജയത്തിന്റെ ചുക്കാന്‍ ഈ താരത്തിന്റെ കൂടി കൈയിലായിരുന്നു എന്നത് അനിഷേധ്യമായ സത്യമാണ്. ആ സത്യത്തെ മറച്ചും താന്‍ നിറഞ്ഞാടിയിരുന്ന കാലഘട്ടത്തിലെ പ്രേംനസീറിന്റെ പങ്കാളിത്തത്തെ തള്ളിപ്പറഞ്ഞും ചരിത്രത്തിനു സഞ്ചരിക്കുവാനാകില്ല എന്ന പരമമായ സത്യമെന്തേ ചേലങ്ങാട്ടു ഗോപാലകൃഷ്ണന്‍ ഓര്‍ത്തില്ല...!? അടുത്ത ലക്കത്തില്‍: ഗോപിയും മോഹനനും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.