നിലംപതിക്കാറായ പമ്പ്ഹൗസില്‍ മരണ ഭയത്തോടെ ജീവനക്കാര്‍

Saturday 9 September 2017 7:22 pm IST

പത്തനംതിട്ട: ഏതുസമയവും നിലം പതിക്കാവുന്ന പമ്പ്ഹൗസില്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത് മരണ ഭയത്തോടെ. വാട്ടര്‍ അതോറിട്ടിയുടെ കോന്നി മാരൂര്‍പാലം കൊട്ടാരത്തില്‍ കടവ് പമ്പ് ഹൗസിലെ ജീവനക്കാര്‍ക്കാണ് ഈ ഗതികേട്. പതിറ്റാണ്ടിലേറെയായി അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലാത്ത കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് ഇളകി വീണ് ചോര്‍ച്ച തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല. ഇവിടെയാണ് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മഴവെള്ളം വീണ് മോട്ടോറുകള്‍ കേടാകുന്നതും പതിവാണ്. 1980 ലാണ് പമ്പ് ഹൗസ് നിര്‍മിച്ചത്. കോന്നി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തുകളില്‍ കുടിവെള്ളം ലഭ്യമാക്കാനാണ് പദ്ധതി ആരംഭിച്ചത്. അന്ന് മോട്ടോറുകള്‍ സ്ഥാപിച്ചതും രണ്ട് പഞ്ചായത്തുകളും ചേര്‍ന്നാണ്. അക്കാലത്തെ ഉപയോഗത്തിനനുസരിച്ചുള്ള വാട്ടര്‍ ടാങ്കും മൂന്ന് മോട്ടോറുകളുമാണ് സ്ഥാപിച്ചതെങ്കിലും പിന്നീടത് അപര്യാപ്തമായി. വീടുകളുടെ എണ്ണം വര്‍ദ്ധിച്ചതും, ഉപഭോഗം കൂടിയതും കാരണം ജലവിതരണം ഷിഫ്റ്റുകളാക്കി. തുടക്കത്തില്‍ ഒരേ സമയം മൂന്ന് ഷിഫ്റ്റുകളിലായി മൂന്ന് മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നങ്കിലും ഇപ്പോള്‍ 40 എച്ച്പിയുടെ ഒരു മോട്ടോര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മോട്ടോറുകള്‍ നനയാതെ സംരക്ഷിക്കാന്‍ മേല്‍ക്കൂരയുടെ അടിയില്‍ ചെറിയ ടാര്‍പ്പോളിന്‍ കെട്ടിയിട്ടുണ്ടെങ്കിലും ഇതും കവിഞ്ഞ് മഴവെള്ളം മോട്ടോറുകള്‍ക്ക് മേല്‍ പതിക്കും. നിലവില്‍ രണ്ട് മോട്ടോറുകള്‍ തകരാറിലാണ്. ശേഷി കൂടിയ പുതിയ മോട്ടോറുകള്‍ സ്ഥാപിക്കുകയും, ടാങ്കിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ മാത്രമേ നിലവില്‍ ശുദ്ധജല വിതരണം ഒരു പരിധിവരെയെങ്കിലും കാര്യക്ഷമമാക്കാന്‍ കഴിയൂ. കോന്നി ഗ്രാമപഞ്ചായത്തിലെ പത്തുമുതല്‍ പതിനെട്ടു വരെയുള്ള വാര്‍ഡുകളിലും, അരുവാപ്പുലം പഞ്ചായത്തിലെ ഭൂരിഭാഗം വാര്‍ഡുകളിലേക്കും ശുദ്ധജലം വിതരണം ചെയ്യുന്നത് ഇവിടെ നിന്നുമാണ്. കാലപ്പഴക്കത്താല്‍ മുമ്പ് സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനുകള്‍ ഇടയ്ക്കിടെ പൊട്ടിപ്പോകുന്നതും ജലവിതരണത്തെ ദോഷകരമായി ബാധിക്കുന്നു. കോന്നി മിനി സിവില്‍ സ്റ്റേഷന്‍, താലൂക്ക് ആശുപത്രി, ഫയര്‍‌സ്റ്റേഷന്‍, പോലീസ് സ്റ്റേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും വെള്ളം എത്തിക്കുന്നത് ഇവിടെ നിന്നുമാണ്. നവീകരണം നടത്താത്തതും, പമ്പ് ഹൗസിന്റെ ശേഷി വര്‍ദ്ധിപ്പിക്കാത്തതും ഇവിടെ നിന്നുള്ള ജലം ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങളെയും ദുരിതത്തിലാക്കുന്നു. മഴ പെയ്താല്‍ ജീവനക്കാര്‍ രാത്രി കാലങ്ങളില്‍ പോലും ജീവഭയത്താല്‍ പുറത്തിറങ്ങി നില്‍ക്കുകയാണ് പതിവ്. പമ്പ് ഹൗസ് പൊളിച്ചുമാറ്റി പുതിയത് നിര്‍മ്മിച്ച് ശേഷി കൂടിയ മോട്ടോറുകള്‍ സ്ഥാപിക്കുകയും ടാങ്കിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്ത് ശുദ്ധജല വിതരണം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.