സാല്‍മണ്‍ മടങ്ങി വരുന്നൂ; റൈന്‍ മാതൃകയാവുന്നു...

Saturday 9 September 2017 6:49 pm IST

മഞ്ഞുകാലത്തെ മരംകോച്ചുന്ന തണുപ്പില്‍ മൂടിപ്പുതച്ചു കിടന്നുറങ്ങുകയായിരുന്നു സ്വിറ്റ്‌സര്‍ലന്റിലെ ബേസല്‍ നഗരം. നഗരത്തെ തഴുകി റൈന്‍ നദി ശാന്തമായൊഴുകുന്നു. നേരം വെളുക്കുന്നതിന് തൊട്ടു മുന്‍പായിരുന്നു അത് സംഭവിച്ചത്. ഭീകരമായ സ്‌ഫോടനം. ആ പൊട്ടിത്തെറിയില്‍ നഗരം നടുങ്ങിവിറച്ചു. ചീഞ്ഞ മുട്ടയുടേയും കത്തുന്ന റബറിന്റെയും രൂക്ഷഗന്ധം നഗരവാസികളുടെ നാസികകളിലേക്കിരച്ചു കയറി. അന്തരീക്ഷത്തില്‍ ചൂട് കുതിച്ചുയര്‍ന്നു. പരിഭ്രാന്തരായ നഗരവാസികള്‍ ജനാലയ്ക്കടുത്തേയ്‌ക്കോടി. നദിക്കരയില്‍ സ്ഥാപിച്ചിട്ടുള്ള പടുകൂറ്റന്‍ രാസവിഷ നിര്‍മ്മാണശാല നിന്നു കത്തുകയാണ്. വീപ്പകള്‍ പൊട്ടിത്തെറിച്ച് വിഷം നദിയിലേക്കൊലിച്ചിറങ്ങുന്നു. പൊടുന്നനെ സൈറണ്‍ മുഴങ്ങി. പിന്നാലെ അപായ മണി മുഴക്കി പോലീസ് വാഹനങ്ങള്‍. കറുത്തിരുണ്ട വിഷപ്പുകയിലും ആംബുലന്‍സുകളുടെ തെളിവിളക്കുകള്‍ മിന്നിമറഞ്ഞു. അപ്പോഴാണ് ടിവിയില്‍ ആ വാര്‍ത്ത വന്നത്. ആരും വീട് വിട്ട് പുറത്തിറങ്ങരുത്. അന്തരീക്ഷവായു നേരിട്ട് ശ്വസിക്കരുത്. കാരണം എങ്ങും എവിടെയും വിഷം. രാസവിഷ നിര്‍മ്മാണ ഭീമനായ സാന്‍ഡോസിന്റെ ഏറ്റവും വലിയ ഫാക്ടറിയും നിര്‍മ്മാണശാലയുമാണ് പൊട്ടിത്തെറിച്ചത്. 1986 നവംബര്‍ ഒന്നിന്. അതിനും നാലഞ്ച് മാസം മുന്‍പാണ് റഷ്യയിലെ ചെര്‍ണോബിലില്‍ ആണവനിലയം പൊട്ടിത്തെറിച്ച് ആയിരങ്ങള്‍ പിടഞ്ഞുമരിച്ചത്. ആ ഓര്‍മ്മ നഗരവാസികളെ ആശങ്കാകുലരാക്കി. രാസവസ്തുക്കള്‍ പരന്നൊഴുകി തങ്ങളുടെ പുഴ ചുവന്നുതുടുത്തത് അവരെ സംഭ്രാന്തരാക്കി. ചുവന്ന പുഴയില്‍ പ്രാണനുവേണ്ടി പിടയുന്ന പതിനായിരക്കണക്കിന് മത്സ്യങ്ങള്‍ അവരെ ഭയപ്പെടുത്തി. യൂറോപ്പിന്റെ ജീവനാഡിയാണ് റൈന്‍ നദി. സ്വിറ്റ്‌സര്‍ലന്റിലെ ബേസിലിനു സമീപം ആല്‍പ്‌സ് പര്‍വതത്തില്‍ നിന്നുത്ഭവിച്ച് 1320 കിലോമീറ്റര്‍ ദൂരം ഒഴുകി നെതര്‍ലന്റിലെ റോട്ടര്‍ ഡാമില്‍ വച്ച് വടക്കന്‍ കടലില്‍ പതിക്കുന്ന റൈന്‍ പിന്നിടുന്നത് നാലു രാജ്യങ്ങളാണ്. സ്വിറ്റ്‌സര്‍ലന്റ്, ജര്‍മ്മനി, ഫ്രാന്‍സ്, ഹോളണ്ട് എന്നിവ; ആ നാലുരാജ്യങ്ങളെയും പരിഭ്രാന്തിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ 'സാന്‍ഡോസ് സംഭവ'ത്തെ ആഗോള ഏജന്‍സികള്‍ വിശേഷിപ്പിച്ചതിങ്ങനെ-ഒരു പതിറ്റാണ്ടിനിടയില്‍ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തം. പൊട്ടിത്തെറിയില്‍ വായുവിലും വെള്ളത്തിലും മണ്ണിലുമായി പരന്നത് 2000 ടണ്‍ രാസവിഷം. അതില്‍ കീടനാശിനികളായ ഡൈസള്‍ഫാടോണ്‍, തയോമീടോണ്‍, എന്‍ഡോസള്‍ഫാന്‍, ഫോര്‍മോ തയോണ്‍ തുടങ്ങിയവയും ഒരുപിടി മെര്‍ക്കുറി സംയുക്തങ്ങളും. അവ നദിയിലൂടെ ദിവസങ്ങള്‍ കൊണ്ടൊഴുകിയെത്തിയത് 400 കി. മീ. പിടഞ്ഞുമരിച്ചത് അഞ്ച് ലക്ഷം മത്സ്യങ്ങള്‍. ഇല്ലാതായത് അസംഖ്യം ജലജീവികളും അടിത്തട്ടിലെ അധോലോക സൂക്ഷ്മ ജീവികളും. ഇതൊക്കെ നടന്നത് റൈന്‍ നദിയെ പുനരുജ്ജീവിപ്പിക്കാനുള്ള തീവ്രശ്രമം വിജയിച്ചു വരുമ്പോഴാണെന്നത് ക്രൂര ഫലിതം. വ്യവസായ വികസനത്തെ തുടര്‍ന്ന് അഴുക്ക് ചാലായി മാറിയ റൈന്‍ നദിക്ക് ജീവന്‍ പകര്‍ന്നു വരുമ്പോഴായിരുന്നു ഈ സംഭവം. പ്രശ്‌നത്തിന്റെ ഗൗരവമറിഞ്ഞ നാലുരാജ്യങ്ങളും ഒത്തുചേര്‍ന്നു. അതിന് ബന്ധപ്പെട്ട മന്ത്രിമാര്‍ തന്നെ നേതൃത്വം നല്‍കി. കോടിക്കണക്കിന് യൂറോ ചെലവിട്ടു. അതിന്റെ ഭാഗമായി 'റൈന്‍ ആക്ഷന്‍ പ്രോഗ്രാം', 'സാല്‍മണ്‍ 2000' എന്നിവ നിലവില്‍ വന്നു. കര്‍ക്കശമായ നിയമങ്ങളാണ് സര്‍ക്കാരുകള്‍ കൊണ്ടുവന്നത്. അനുസരിക്കാത്ത കമ്പനികള്‍ പൂട്ടി. നദിയുടെ അടിത്തട്ടിലെ വിഷമണ്ണുവരെ വാരി മാറ്റി. സ്‌പെഷ്യല്‍ വാക്വംക്ലീനറുകള്‍ കൊണ്ട് കരമണ്ണ് ശുദ്ധീകരിച്ചു. പുഴയിലെ നൈട്രേറ്റിന്റെയും ഫോസ്ഫറസിന്റെയും അളവ് 50 ശതമാനത്തില്‍ താഴേക്ക് കൊണ്ടുവന്നു. കമ്പനികളിലെ സുരക്ഷിതത്വം ഇരട്ടിപ്പിച്ചു. കമ്പനികളുടെ സംസ്‌കരണ പ്ലാന്റുകളില്‍ മൂന്നാമതൊരു ശുദ്ധീകരണ യൂണിറ്റു കൂടി നിര്‍ബന്ധപൂര്‍വം ഘടിപ്പിച്ചു. ജലശുദ്ധിയുടെ അളവുകോല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'സാല്‍മണ്‍ മത്സ്യത്തെ' 2000-ാമാണ്ടോടെ മടക്കിക്കൊണ്ടുവരിക എന്ന ലക്ഷ്യവുമായി മുന്നേറിയ പ്രോജക്ടിന് നാടും നാട്ടാരും ഒരുപോലെ പിന്തുണ നല്‍കി. ഒടുവില്‍ ഒരു അത്ഭുതം സംഭവിച്ചു-1997 ല്‍. പ്രതീക്ഷിച്ചതിനും മൂന്നുവര്‍ഷം മുന്നേതന്നെ റൈന്‍ നദിയില്‍ സാല്‍മണ്‍ മടങ്ങിയെത്തി. പക്ഷേ അതുകൊണ്ട് പിന്‍വാങ്ങാന്‍ ജനനായകര്‍ സമ്മതിച്ചില്ല. സ്ട്രാസ് ബര്‍ഗില്‍ 2001 ല്‍ ചേര്‍ന്ന നദീതട മന്ത്രിമാരുടെ യോഗം, നദി പ്രദേശത്തിന്റെ സ്ഥായി വികസനവും സമഗ്ര ജലവിനിയോഗ മാനേജ്‌മെന്റും ലക്ഷ്യമിട്ട 'റൈന്‍-2020' എന്നൊരു പദ്ധതിക്ക് തന്നെ രൂപം നല്‍കി. അവര്‍ രൂപീകരിച്ച നദീജല കമ്മീഷന്റെ നേതൃത്വത്തിലായിരുന്നു അത്. കര്‍ക്കശമായ നിയമങ്ങളും പിഴവ് കൂടാതെയുള്ള നിയമം നടപ്പാക്കലും സുതാര്യമായ നടപടികളുംകൊണ്ട് നദീജല കമ്മീഷന്‍ യൂറോപ്പിനാകെ മാതൃകയായി. 100 ല്‍പ്പരം രാസപദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യം പരിശോധിക്കുന്നതിന് 9 മുഖ്യ നിരീക്ഷണാലയങ്ങളും 47 ഉപനിരീക്ഷണാലയങ്ങളും ഇന്ന് നദിയൊഴുകുംവഴിയില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു. റൈന്‍ നമുക്കൊരു പാഠമാണ്. അഴുക്കുചാലിന്റെ അവസ്ഥയില്‍നിന്ന് ശുദ്ധജല സ്രോതസ്സായി ഒരു നദിക്ക് എങ്ങനെ മാറാമെന്നതിന്റെ ഉദാഹരണം. പുഴയോരത്തെ കാക്കത്തൊള്ളായിരം കമ്പനികള്‍ വിസര്‍ജിക്കുന്ന വിഷം പേറി ചുവന്നും വെളുത്തും കറുത്തും കാണപ്പെടുന്ന പെരിയാറിനെപ്പറ്റി ചിന്തിക്കാന്‍ റൈന്‍ നമുക്ക് പ്രേരണയാവണം. വെളളം പതയുന്നതും മീനുകള്‍ ചത്തുപൊങ്ങുന്നതും പത്രങ്ങളുടെ പ്രാദേശിക പേജുകളിലെ മൂന്നുകോളം വാര്‍ത്തായാകാന്‍ മാത്രം വിധിക്കപ്പെട്ട പെരിയാറിനുവേണ്ടി ശബ്ദിക്കാന്‍ നമുക്ക് നേരമില്ല. ആകെ 1320 കിലോമീറ്റര്‍ ഒഴുകുന്ന റൈന്‍ നദിയെ സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന് രക്ഷിച്ചുവെങ്കില്‍ കേവലം 250 കിലോമീറ്റര്‍ മാത്രമൊഴുകുന്ന പെരിയാറിനെ എന്തുകൊണ്ട് സംരക്ഷിച്ചുകൂടായെന്ന് ചിന്തിക്കണം. പെരിയാറിനെ രക്ഷിക്കാന്‍ മനസ്സുണ്ടായാല്‍ മാത്രം മതി. മനസ്സില്‍ നന്മയുണ്ടായാല്‍ മാത്രം മതി. അത് ഭരിക്കപ്പെടുന്നവര്‍ക്കുമാത്രം തോന്നിയാല്‍ പോരാ, ഭരിക്കുന്നവര്‍ക്കും തോന്നണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.