സ്വരമാധുരിയിലെ പുതുവസന്തം

Saturday 9 September 2017 6:58 pm IST

''നീയും നിനക്കുള്ളോരീ ഞാനും....'' ഓണക്കാലത്ത് മലയാളി മനസ്സുകളില്‍ തത്തിക്കളിക്കുന്ന ഗാനം. 'വെളിപാടിന്റെ പുസ്തകം' എന്ന ലാല്‍ജോസ് ചിത്രത്തിലെ ഈ ഹിറ്റ് ഗാനം മലയാളക്കര കീഴടക്കിക്കഴിഞ്ഞു. ഒപ്പം മലയാള സിനിമ ഗാനാലാപന രംഗത്ത് ഒരു പുതുവസന്തം കൂടി വരവായി. ആദ്യസിനിമയിലെ ഗാനം തന്നെ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ഗായിക വൃന്ദ ഷമീക്ക്. വൃന്ദയുടെ വിശേഷങ്ങളിലേക്ക്. സംഗീത പശ്ചാത്തലം അച്ഛന്‍ പി.കെ. കൃഷ്ണ മേനോന്‍, അമ്മ ശ്രീലതാമേനോന്‍. അച്ഛന് പാലക്കാട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിലായിരുന്നു ജോലി. പഠിച്ചതും വളര്‍ന്നതും പാലക്കാടാണ് അച്ഛന്‍ നന്നായി മൃദംഗം വായിക്കും. അമ്മ നല്ലതുപോലെ പാടും. വീട്ടിലെ ഇളയകുട്ടിയായിരുന്നു ഞാന്‍. ചേട്ടന്‍ രാമകൃഷ്ണന്‍ മൃദംഗം വായിക്കും. രണ്ടാമത്തെ ചേട്ടന്‍ ജയകൃഷ്ണനും പാട്ടുകാരനാണ്. കുട്ടിക്കാലം മുതല്‍ അച്ഛന്‍ ജോലി കഴിഞ്ഞു വന്നാല്‍ വീട്ടിലൊരു സംഗീത സദസ്സാണ്. അച്ഛനും മൂത്ത ചേട്ടനും മൃദംഗം വായിക്കുമ്പോള്‍ ഞാനും അമ്മയും ജയകൃഷ്ണന്‍ ചേട്ടനും പാട്ടുമായി ഒത്തുചേരും. ചിറ്റൂര്‍ വിജയമാതാ കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു പഠനം. മൂന്നാം ക്ലാസ്സുമുതല്‍ ശാസ്ത്രീയ സംഗീതം പഠിച്ചു. എട്ടാം ക്ലാസ്സ് എത്തിയപ്പോള്‍ തന്നെ അമ്പലങ്ങളിലും മറ്റും കച്ചേരിക്കു പോകുമായിരുന്നു. മൃദംഗം വായിക്കുക അച്ഛനാവും. ലളിതഗാനത്തിലും തിരുവാതിരയിലുമെല്ലാം സംസ്ഥാനതല സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്തു സമ്മാനം നേടിയിരുന്നു. കോളേജ് വിദ്യാഭ്യാസം ചിറ്റൂര്‍ ഗവ. കോളേജിലായിരുന്നു.സംഗീതത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി. കാലിക്കറ്റ് സര്‍വ്വകലാശാല കലോത്സവത്തിലും ഇന്റര്‍സോണ്‍ കലോത്സവത്തിലും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നടന്ന ദേശീയ സര്‍വ്വകലാശാല കലോത്സവത്തിലും സമ്മാനം നേടാനായിട്ടുണ്ട്. സംഗീതം പഠനവിഷയമാക്കിയത് വീട്ടില്‍ എല്ലാവര്‍ക്കും സംഗീതത്തോട് താല്‍പര്യമായിരുന്നു. ചേട്ടന്മാര്‍ രണ്ടുപേരും പ്രൊഫഷനോടൊപ്പം സംഗീതം തിരഞ്ഞെടുത്തപ്പോള്‍ ഞാന്‍ സംഗീതം പ്രൊഫഷനായി തെരഞ്ഞെടുത്തു. അമ്മയ്ക്കായിരുന്നു ഏറ്റവുമധികം ആഗ്രഹം. ഗായിക എന്ന നിലയിലേക്ക് ഏഷ്യാനെറ്റില്‍ സംഗീതസാഗരം എന്ന പരിപാടി വഴിത്തിരിവായി. 2004ല്‍ കൈരളിയിലെ റെയിന്‍ഡ്രോപ്‌സ് എന്ന പരിപാടിയുടെ അവതാരിക കൂടിയായതോടെ നിരവധി സ്റ്റേജ് ഷോകള്‍ തേടിയെത്തി. ഗള്‍ഫ് രാജ്യങ്ങളിലടക്കം അവസരങ്ങളുണ്ടായി, ടിവി ഷോ കണ്ട് രവീന്ദ്രന്‍മാഷ് മൂന്നു ഷോകളില്‍ പാടാന്‍ അവസരം തന്നു. സിനിമയിലേക്ക് സിനിമയില്‍ പാടണമെന്നു കരുതിയല്ല സംഗീതം പഠിച്ചത്. പക്ഷേ കൊച്ചിയില്‍ താമസമാക്കിയതോടെ ഭക്തിഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ചു. പലപ്രമുഖ ഗായകര്‍ക്കൊപ്പം പാടാന്‍ കഴിഞ്ഞു. ഇടയ്ക്ക് സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന് ഒരു പ്രൊമോ അയച്ചു കൊടുത്തിരുന്നു. സ്വരം ഇഷ്ടപ്പെട്ട ഷാന്‍ എന്നെക്കൊണ്ട് ഒരു പാട്ടുപാടിച്ചിരുന്നു. അതിനുശേഷം ഒരു സിനിമയില്‍ പാടാന്‍ അവസരവും തന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ പാട്ട് പുറത്തിറങ്ങിയില്ല. 'വെളിപാടിന്റെ പുസ്തക'ത്തിലേക്ക് മുമ്പ് പാടിച്ച പാട്ട് പുറത്തിറങ്ങാത്തതിനാലാവണം ഷാന്‍ റഹ്മാന്‍ ഈ ചിത്രത്തില്‍ അവസരം തന്നത്. എന്നെക്കൊണ്ട് പാട്ട് പാടിക്കുമ്പോള്‍ ഇത് മോഹന്‍ലാല്‍-ലാല്‍ജോസ് ചിത്രത്തിലേക്കുള്ള പാട്ടാണ് എന്നു പറഞ്ഞിരുന്നില്ല. പാടിക്കഴിഞ്ഞശേഷമാണ് സംവിധായകന് ഇഷ്ടപ്പെടുമോ എന്ന് നോക്കട്ടെ എന്ന് പറയുന്നത്. അപ്പോഴാണ് വെളിപാടിന്റെ പുസ്തകമാണ് സിനിമയെന്നറിയുന്നത്. അതോടെ ടെന്‍ഷനായി. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് ഷാന്‍ റഹ്മാന്‍ വിളിച്ചു. പാട്ട് സിനിമയുടെ ടീമിന് ഇഷ്ടമായെന്ന് പറഞ്ഞു. അതോടെ സന്തോഷം തോന്നി. വിവരം ആദ്യം അറിയിച്ചത് എന്നും ഒപ്പം നിന്ന അമ്മയെയാണ്. ഗാനം ഹിറ്റായപ്പോള്‍ ഓഡിയോ റിലീസിനു തന്നെ ഗാനം നന്നായിട്ടുണ്ടെന്നും വിഷ്വല്‍സ് വരുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നും ലാല്‍ ജോസ് സാര്‍ പറഞ്ഞിരുന്നു. സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട ട്രാക്ക് ഈ ഗാനമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞതായും ഷാന്‍ റഹ്മാന്‍ പറഞ്ഞു. ഗാനം കേട്ട പലരും വിളിച്ച് അഭിനന്ദനമറിയിച്ചു. മോഹന്‍ലാല്‍, ലാല്‍ജോസ്, ബെന്നി പി. നായരമ്പലം, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ തുടങ്ങിയ കൂട്ടുകെട്ടിനൊപ്പം തുടങ്ങാനായത് മഹാഭാഗ്യം. കന്നഡയിലെ തുടക്കം 'വെളിപാടിന്റെ പുസ്തക'ത്തില്‍ അവസരം ലഭിക്കുന്നതിനു തൊട്ടുമുമ്പാണ് കന്നഡ ചിത്രമായ ഹാപ്പി ജേര്‍ണിയില്‍ അവസരം ലഭിച്ചത്. കൊച്ചി മെട്രോ സ്റ്റുഡിയോയില്‍ ഒരു ഭക്തിഗാനം പാടാനെത്തിയപ്പോള്‍ അവിടെ ഗായകന്‍ മധുബാലകൃഷ്ണനെ കാത്ത് കന്നഡ സംഗീത സംവിധായകന്‍ എസ്.പി. ചന്ദ്രകാന്ത് ഉണ്ടായിരുന്നു. പാട്ടുകേട്ട് ചന്ദ്രകാന്ത് 'ഹാപ്പിജേര്‍ണി'യില്‍ പാടാന്‍ ക്ഷണിക്കുകയായിരുന്നു. തെലുങ്കിലെയും കന്നഡയിലെയും പ്രമുഖ ഗായകനായ രാജേഷ് കൃഷ്ണനോടൊപ്പം പാടാന്‍ അങ്ങനെയാണ് അവസരം ലഭിച്ചത്. സംഗീതംകൊണ്ടു വന്ന പ്രണയം കോളേജ് പഠനകാലത്താണ് ബംഗാളിയായ ഷമീക്ക് കുമാര്‍ ഘോഷിനെ പരിചയപ്പെടുന്നത്. മാതൃഭൂമി കലോത്സവവേദിയിലാണ് ആദ്യമായി കണ്ടുമുട്ടിയത്. പാതി മലയാളിയാണ് ഷമീക്ക്. പാശ്ചാത്യ സംഗീതത്തിലായിരുന്നു മാറ്റുരച്ചത്. കലോത്സവത്തില്‍ എനിക്കും ഷമീക്കിനും സമ്മാനം കിട്ടി. ഷമീക്ക് നല്ലതുപോലെ പാടുമായിരുന്നു. പ്രത്യേകിച്ച് മലയാളം പാട്ടുകള്‍. സൗഹൃദം അടുപ്പമായി. ഷമീക്ക് വീട്ടിലെത്തി കല്യാണമാലോചിച്ചു. കലയെ സ്‌നേഹിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, എന്നെ അറിയുന്ന ഒരാള്‍ തുണയായി വരണമെന്നത് വീട്ടുകാരുടെയും താല്‍പര്യമായിരുന്നു. ഇപ്പോള്‍ ഷമീക്ക് ചൈനയിലെ ഗുവാമോ ഇന്റര്‍നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പാളാണ.് എന്റെ പാട്ടുകള്‍ക്ക് പിന്തുണ നല്‍കുന്നതും വിമര്‍ശിക്കുന്നതും ഷമീക്ക് തന്നെയാണ്. ഓരോ പാട്ടിലെയും പോരായ്മകള്‍ ഷമീക്ക് ചൂണ്ടിക്കാട്ടും. ഇഷ്ട ഗായകര്‍ ദാസേട്ടനും ചിത്രചേച്ചിയും. അവരുടെ പാട്ടുകളുമാണ് എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. മെലഡികളോടാണ് ഇഷ്ടം. എന്നാല്‍ ഒരു ഗായിക എന്ന നിലയില്‍ ഏതു പാട്ടും പാടാനുള്ള സമീപനമുണ്ടാകണം. സ്റ്റേജ് ഷോകളില്‍ ആവേശമുണര്‍ത്തുന്ന പാട്ടുകള്‍ക്കാണ് പ്രേക്ഷകര്‍ കൂടുതലും. മകളുടെ സംഗീതപഠനം കൊച്ചി ഇന്ത്യന്‍ പബ്ലിക് സ്‌കൂളിലാണ് ശ്രീമയി. സ്‌കൂളില്‍ സംഗീത പഠനമുണ്ട്. മൂന്നാം ക്ലാസ്സുകാരിയായതിനാല്‍ പുറത്തുള്ള പഠനം തുടങ്ങിയിട്ടില്ല. അവള്‍ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.