ഡിസിസി യോഗത്തില്‍ ഐഗ്രൂപ്പ് വിട്ടുനിന്നു കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്

Saturday 9 September 2017 6:58 pm IST

കാസര്‍കോട്: ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും ഐ വിഭാഗവും എ ഗ്രൂപ്പിലെ പ്രമുഖനും വിട്ടുനിന്നു. കഴിഞ്ഞ ദിവസം ഡിസിസി ഓഫീസില്‍ നടന്ന യോഗമാണ് ഇവര്‍ ബഹിഷ്‌കരിച്ചത്. ഇടതുസര്‍ക്കാറിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ ആഹ്വാനപ്രകാരം 11ന് ഡിസിസിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ നടക്കുന്നുണ്ട്. ഈ ധര്‍ണ വിജയിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഡിസിസി ഓഫീസില്‍ യോഗം വിളിച്ചത്. യോഗത്തില്‍ 24 ഡിസിസി ഭാരവാഹികളില്‍ എട്ടുപേരും 11 ബ്ലോക്ക് പ്രസിഡണ്ടുമാരില്‍ അഞ്ചുപേരും മാത്രമാണ് പങ്കെടുത്തത്. കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, കെപിസിസി സെക്രട്ടറി കെ.നീലകണ്ഠന്‍, കെപിസി സി നിര്‍വാഹകസമിതി അംഗങ്ങളായ പി.ഗംഗാധരന്‍നായര്‍, സി.കെ. ശ്രീധരന്‍, പി.എ.അഷ്‌റഫലി, ബാലകൃഷ്ണവോര്‍ക്കുഡ്‌ലു എന്നിവരടക്കമുള്ള പ്രമുഖരാണ് യോഗത്തില്‍ നിന്നും വിട്ടുനിന്നത്. ഇവരില്‍ പി ഗംഗാധരന്‍ നായര്‍ എ ഗ്രൂപ്പിന്റെ ജില്ലയിലെ പ്രമുഖനാണ്. മറ്റുള്ളവരല്ലാം ഐ ഗ്രൂപ്പുകാരും. ഹക്കീം കുന്നില്‍ എ ഗ്രൂപ്പുകാരനാണെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകളില്‍ എഗ്രൂപ്പിലെ ചിലര്‍ക്കും എതിര്‍പ്പുണ്ടെന്നതിന്റെ തളിവാണ് പി ഗംഗാധരന്‍നായര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്ന സംഭവം. ഡിസിസി പ്രസിഡണ്ടിന്റെ ഏകാധിപത്യപരമായ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്‌ക്കരിച്ചതെന്ന് ഐ വിഭാഗം വെളിപ്പെടുത്തി. ആഗസ്ത് 28ന് കാഞ്ഞങ്ങാട്ട് നടന്ന ഡിസിസിയുടെ നേതൃയോഗവും ഐ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പുല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രശ്‌നത്തിലും പുല്ലൂര്‍പെരിയ മണ്ഡലം പ്രസിഡണ്ട് നിയമനക്കാര്യത്തിലും ഐ ഗ്രൂപ്പ് താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടായിരുന്നു ഡിസിസി പ്രസിഡണ്ട് സ്വീകരിച്ചതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. ഡിസിസി നേതൃത്വത്തിന്റെ നിര്‍ദേശത്തിന് വഴങ്ങാത്ത പുല്ലൂര്‍ ബാങ്ക് ഭരണസമിതിയുടെ ക്വാറം നഷ്ടപ്പെടുത്തുന്നതിന് ഭരണസമിതിയില്‍ നിന്നും ഏഴുപേരോട് രാജിവെക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഐ വിഭാഗക്കാരനായ ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ്കുമാര്‍ പള്ളയില്‍ വീട് അടക്കമുള്ളവര്‍ രാജിവെച്ചപ്പോള്‍ ബാങ്ക് പ്രസിഡണ്ടായിരുന്ന എ തമ്പാന്‍നായരും മറ്റൊരംഗവും ഇതിന് തയ്യാറായില്ല. ഇവര്‍ക്കെതിരെ നടപടി വേണമെന്ന് ഐ ഗ്രൂപ്പ് ഡിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എ ഗ്രൂപ്പുകാരാണെന്ന പരിഗണന നല്‍കി ഡിസിസി പ്രസിഡണ്ട് ഇവരുടെ കാര്യത്തില്‍ മൗനമവലംബിക്കുകയാണെന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടാത്തിടത്തോളം ബഹിഷ്‌കരണം തുടരുമെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.