ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ അലങ്കോലപ്പെടുത്തരുത്

Sunday 10 September 2017 4:29 pm IST

  തിരുവനന്തപുരം:ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ പരമ്പരാഗത ശൈലിയില്‍ നിര്‍ബാധം നടത്തുന്നതിന് തടസ്സമുണ്ടാകരുതെന്ന് സാംസ്‌ക്കാരിക നായകന്മാര്‍. കൃഷ്ണഗാഥ പിറന്ന കണ്ണന്റെ ഊരായ കണ്ണൂരില്‍ കുട്ടികള്‍ക്കു ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ല എന്നത് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് മഹാകവി അക്കിത്തം,പി പരമേശ്വരന്‍,പി. നാരാണക്കുറുപ്പ്,കെ.ബി. ശ്രീദേവി, എസ്. രമേശന്‍നായര്‍, വി മധുസൂദനന്‍ നായര്‍, കാനായി കുഞ്ഞിരാമന്‍, ഡോ. കൂമുളി ശിവരാമന്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, ആഷാമേനോന്‍,ഡോ. ജെ. പ്രമീളാദേവി, പ്രൊഫ. ടോണിമാത്യു,ശ്രീകുമാരി രാമചന്ദ്രന്‍,തുളസി കോട്ടുക്കല്‍,അലി അക്ബര്‍,സി.ജി. രാജഗോപാല്‍,ഡോ. കെ.എസ്. രാധാകൃഷ്ണന്‍,രാജസേനന്‍, ബിയാര്‍ പ്രസാദ്,വേലായുധന്‍ പണിക്കശ്ശേരി,മോഹനകൃഷ്ണന്‍ കാലടി, ഒ.എസ്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംയുക്തപ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു. പരമ്പരാഗതമായി ഭക്ത്യാദരപൂര്‍വ്വം കേരളസമൂഹം ആഘോഷിച്ചുവരുന്ന മഹോത്സവമാണ് ശ്രീകൃഷ്ണജയന്തി. കുട്ടികളും സ്ത്രീകളുമടക്കം സമൂഹത്തിന്റെ സമ്പൂര്‍ണ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍. മയില്‍പ്പീലിയും മഞ്ഞപ്പട്ടും പുല്ലാങ്കുഴലും ഭജനകീര്‍ത്തനവുമായി കേരളത്തിന്റെ വീഥികളില്‍ നടന്നുവരുന്ന ശോഭായാത്രകള്‍ എല്ലാവര്‍ക്കും ആനന്ദം പകരുന്നവയാണ്. ഇതു തിരിച്ചറിഞ്ഞാണ് 1979ല്‍ സി.എച്ച് മുഹമ്മദ്കോയ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേരള സര്‍ക്കാര്‍ ശ്രീകൃഷ്ണജയന്തിക്ക് പൊതുഅവധി പ്രഖ്യാപിച്ചത്. എന്നാല്‍ അടുത്ത കാലത്തായി ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളെ വിവാദങ്ങള്‍ സൃഷ്ടിച്ച് വികലമാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ച് ശോഭായാത്രകളുടെ അതേ സമയത്ത് അതേ സ്ഥലത്ത് മറ്റ് ചില ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നതായി അറിയുന്നു. കുട്ടികളുടെ മനസ്സില്‍ ഭീതി നിറയ്ക്കാനും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ നിറം കെടുത്താനുമുള്ള ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്നും സാംസ്‌ക്കാരിക നായകന്മാര്‍ അഭ്യര്‍ത്ഥിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.