പോലീസിന്റെ വക ഓണത്തല്ലും

Sunday 10 September 2017 6:16 pm IST

തിരുവനന്തപുരം: ഘോഷയാത്രയ്ക്കിടയ്ക്ക് പോലീസിന്റെ വക തമ്മില്‍ തല്ലും. സ്‌പെന്‍സര്‍ ജംഗ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കന്റോണ്‍മെന്റ് സിഐ എം.പ്രസാദായിരുന്നു തല്ലിന്റെ ആശാന്‍.ജനത്തിരക്ക് കൂടിയതോടെ സിഐയ്ക്ക് ആത്മാര്‍ത്ഥത കൂടി. തൊട്ടടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐയോട് തട്ടിക്കയറി. ജനങ്ങള്‍ക്കിടയില്‍ വച്ച് സിഐ അപമാനിച്ചതോടെ എസ്‌ഐയും പ്രതികരിച്ചു. ഇരുവരും തമ്മില്‍ നടന്ന രൂക്ഷമായ വാക്കേറ്റത്തിനൊടുവില്‍ സിഐ എസ്‌ഐയെ പിടിച്ചുതള്ളി. ജനങ്ങള്‍ ഇടപെട്ടതോടെ മറ്റ് പോലീസുകാര്‍ ചേര്‍ന്ന് എസ്‌ഐയെ സ്ഥലത്ത് നിന്നും മാറ്റി. തുടര്‍ന്ന് റൂറലില്‍ നിന്ന് ഡ്യൂട്ടിക്കായി എത്തിയ പോലീസുകരോടായി സിഐയുടെ ഭരണം. ഇതിനിടയില്‍ അത് വഴി കടന്നുപോയ പത്ര ഫോട്ടോഗ്രാഫര്‍മാരെയും തടഞ്ഞുനിര്‍ത്തി. നീയൊക്കെ എന്തെടുക്കാനാടാ പോകുന്നത് എന്നാക്രോശിച്ചായിരുന്നു ഫോട്ടോ ഗ്രാഫര്‍മാര്‍ക്ക് നേരെ തിരിഞ്ഞത്. സംഗതി വശപിശകാകുമെന്ന് ബോധ്യമായ മറ്റ് പോലീസുകാര്‍ ഇടപെട്ട് ഫോട്ടോഗ്രാഫര്‍മാരെ സിഐയുടെ കയ്യില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. പോലീസ് മാന്യമായി പെരുമാറണം എന്ന് നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രിക്ക് സമീപമായിരുന്നു പോലീസുകാരുടെ ഈ തമ്മില്‍ത്തല്ല്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.