ഓണരാവുകള്‍ക്ക് വിരാമം

Sunday 10 September 2017 6:17 pm IST

തിരുവനന്തപുരം: താളമേള ദൃശ്യവിസ്മയം ആസ്വദിക്കാന്‍ പുരുഷാരം അനന്തപുരിയിലേക്ക് ഒഴുകിയെത്തിയതോടെ ഏഴ്‌നാല്‍ നീണ്ടുനിന്ന വര്‍ണ്ണവിസ്മയത്തിന് തിരശ്ശീല വീണു. കേരളീയ കലാരൂപങ്ങളും ഇതരസംസ്ഥാന നാടന്‍കലകളും നിരവധി നിശ്ചല ദൃശ്യങ്ങളും അണിനിരന്നതോടെ ഘോഷയാത്ര അനന്തപുരിയെ ഉത്സവ ലഹരിയിലാക്കി. വര്‍ണ്ണങ്ങളും സംഗീതവും നടനങ്ങളും നിറഞ്ഞ രാവുകള്‍ക്ക് വിടചൊല്ലിയാണ് വര്‍ണശബളമായ ഘോഷയാത്രയോടെ സമാപനം കുറിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്തു. വാദ്യമേളമായ കൊമ്പ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യകലാകാരന് നല്‍കിയതോടെ വാദ്യമേളങ്ങള്‍ക്കും തുടക്കമായി. മേളങ്ങള്‍ നാദവിസ്മയം തീര്‍ത്തതോടെ ഘോഷയാത്ര അന്തപുരിയും പുരുഷാരവും ആര്‍പ്പുവിളികളില്‍ മുഴുകി. ഘോഷയാത്ര കാണാന്‍ ഉച്ച മുതല്‍ ജനം റോഡരുകുകളില്‍ സ്ഥാനം പിടിച്ചു. കാട്ടാക്കട, അമ്പൂരി, വെള്ളറട, പാറശാല, തുടങ്ങിയ തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും കൊല്ലം ജില്ലയില്‍ നിന്നും ജനം എത്തി. മ്യൂസിയം, പാളയം എല്‍എംഎസ് ജംഗ്ഷന്‍, യൂണിവേഴ്‌സിറ്റി കോളജിന് മുന്‍വശം, സ്റ്റാച്യു, പുളിമൂട്, ആയൂര്‍വേദകോളജ് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനം തിങ്ങി നിറഞ്ഞു. ഘോഷയാത്രയിലെ കലാപ്രകടനങ്ങളെ ആര്‍പ്പുവിളികളോടെയാണ് ജനം വരവേറ്റത്. സ്‌കേറ്റിംഗ്, ഓലക്കുട ചൂടിയ മോഹിനിയാട്ട നര്‍ത്തകിമാരും, ഒപ്പന, ദഫ്മുട്ട്, ചവിട്ടുനാടകം, കളരിപ്പയറ്റ്, വട്ടപ്പാട്ട്, കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പുലിക്കളി, അമ്മന്‍കൊട, കഥകളി, നീലക്കാവടി തുടങ്ങിയ കലാപ്രകടനങ്ങള്‍ നയന മനോഹര കാഴ്ചകള്‍ സമ്മാനിച്ചു. പഞ്ചവാദ്യം, ശിങ്കാരിമേളം, ചെണ്ട, ബാന്റ്, പെരുമ്പറ മേളങ്ങള്‍ക്ക് താളം പിടിച്ചും ആര്‍പ്പ് വിളിച്ചും കാണികള്‍ കലാകാരന്‍മാരെ ആവേശത്തിലാഴ്ത്തി.കേരളത്തിന് പുറമെ പത്തു സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിദ്ധ്യമാര്‍ന്ന കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 180 കലാകാരന്‍മാരാണ് ഇത്തരത്തില്‍ അണിനിരന്നത്. ആയിരത്തിലധികം കലാകാരന്‍മാര്‍ വര്‍ണാഭമായ ഘോഷയാത്രയില്‍ ജീവന്‍നല്‍കി. 94 ഫ്ളോട്ടുകളും 63 കലാരൂപങ്ങളുമാണ് േേഘാഷയാത്രയെ വര്‍ണ്ണാഭമാക്കിയത്. കേരളീയ കലാരൂപങ്ങള്‍, വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ വിഷയാധിഷ്ഠിത ഫ്ളോട്ടുകളായിരുന്നു ഇത്തവണത്തെ പ്രത്യേകത. ചടയമംഗലത്തെ ജഡായു പാറയുടെ ആവിഷ്‌കാരമായിരുന്നു ടൂറിസം വകുപ്പിന്റെ ഫ്ളോട്ട്. കേരളീയ പൈതൃകവും സിനിമയും സാഹിത്യവും സ്ത്രീശാക്തീകരണവും സ്ത്രീ സുരക്ഷയും ആരോഗ്യശീലങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യയും വിവിധ തരത്തിലുള്ള ജീവിത സുരക്ഷാ സന്ദേശങ്ങളും ഫ്ളോട്ടുകളുടെ വിഷയങ്ങളായി. യൂണിവേഴ്സിറ്റി കോളജിന് മുന്നില്‍ ഘോഷയാത്ര വീക്ഷിക്കുന്നതിന്ഒരുക്കിയിട്ടുള്ള പവിലിയനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എംഎല്‍എമാരായ ഒ.രാജഗോപാല്‍, കെ.മുരളീധരന്‍, ഡി.കെ.മുരളി, സി.സിദാവകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ ഘോഷയാത്ര വീക്ഷിക്കാന്‍ എത്തിയിരുന്നു. ഘോഷയാത്രക്ക് സുരക്ഷ ഒരുക്കാന്‍ 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ നിയമിച്ചിരുന്നത്. വൈകുന്നേരം നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങില്‍ സമ്മാനം കരസ്ഥമാക്കിയ ഫ്ളോട്ടുകള്‍ക്കും അത്തപ്പൂക്കളം, തിരുവാതിരകളി മത്സര വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിനിമാ താരം ശോഭന അവതരിപ്പിച്ച ഡാന്‍സും മഞ്ചരി, ഡോ. ഹരിശങ്കര്‍, വിഷ്ണുരാജ് എന്നിവര്‍ അണിനിരന്ന ഫല്‍യിംഗ് എലിഫന്റ് ബാന്റ് പ്രോഗ്രാമും ഉണ്ടായിരുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന വിനീത് ശ്രീനിവാസന്‍ നൈറ്റ് കാലവിരുന്ന് ആസ്വദിക്കാനും നിരവധി പേരാണ് എത്തിയത്.