അഷ്ടമി രോഹിണി മഹോത്സവം നാളെ

Sunday 10 September 2017 8:37 pm IST

അമ്പലപ്പുഴ: കൃഷ്ണാവതാര ദര്‍ശനത്തിന് അമ്പലപ്പുഴ ക്ഷേത്രം ഒരുങ്ങി. കണ്ണന്റെ ഇഷ്ട നിവേദ്യമായ ഉണ്ണിയപ്പ നിവേദ്യത്തിന് നാലോളം കൗണ്ടറുകള്‍ ഇന്നു തുറക്കും. അവതാര സമയം കണ്ണന് സമര്‍പ്പിക്കാന്‍ 170 പറ അരിയുടെ ഉണ്ണി അപ്പമാണ് ഇക്കുറി ക്ഷേത്രത്തില്‍ തയാറാക്കുന്നത്. ഉണക്കലരി കുത്തി എടുത്ത മാവില്‍ പതയന്‍ ശര്‍ക്കര, കദളിപ്പഴം, പൂവന്‍പഴം, നെയ്, ജീരക പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഉരുക്കു വെളിച്ചെണ്ണയില്‍ നിര്‍മ്മിച്ചാണ് അവതാര സമയം കണ്ണന് സമര്‍പ്പിക്കുന്നത്. നൂറു കണക്കിന് ചെമ്പുകളിലായി വാര്‍ത്തെടുക്കുന്ന അത്രയും അപ്പവും നിവേദ്യസമയം കണ്ണന് സമര്‍പ്പിക്കുമെന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഭഗവാന് സമര്‍പ്പിച്ച അപ്പം വാങ്ങാന്‍ ആയിരകണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തുന്നത്.ഇക്കാരണത്താല്‍ തന്നെ തിരക്ക് നിയന്ത്രിക്കാന്‍ നാടകശാലയ്ക്ക് സമീപമായി ദേവസ്വം ബോര്‍ഡ് നാല് കൗണ്ടറുകളാണ് തുറക്കുന്നത്. അപ്പത്തിന് നാലു രൂപ നിരക്കില്‍ ഒരാള്‍ക്ക് 25 അപ്പം വരെ ബുക്കു ചെയ്യാം. ഇങ്ങനെ ബുക്കു ചെയ്യുന്ന അപ്പം അഷ്ടമിരോഹിണിക്കൂശേഷം നാലു ദിവസമായി വിതരണം ചെയ്യും. ചൊവ്വാഴ്ച ദിവസം നടക്കുന്ന അഷ്ടമിരോഹിണി നാളില്‍ രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അഷ്ടാഭിഷേകം, ശ്രീബലി, ഉച്ചപൂജ, രാത്രി പതിനെട്ടു നാഴിക ഇരുട്ടിയ ശേഷം നവകം, അപ്പ നിവേദ്യം, അത്താഴപൂജ, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയോടെ ചടങ്ങുകള്‍ അവസാനിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രിവ് ഓഫീസര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൃഷ്ണാവതാര ദര്‍ശനത്തിന് എത്തുന്ന ആയിരക്കണക്കിന് ഭക്കരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.