കണ്ണൂരിലെ സിപിഎം കംസനാകരുത്

Sunday 10 September 2017 9:09 pm IST

യുഗങ്ങളായി ആഘോഷിച്ചുവരുന്നതാണ് ശ്രീകൃഷ്ണജയന്തി. ശതാബ്ദങ്ങളായി ഭാരതത്തിന്റെ പല ഭാഗങ്ങളിലും പല രൂപത്തിലും ശ്രീകൃഷ്ണജയന്തി ആഘോഷം ആര്‍ഭാടപൂര്‍വ്വം നടക്കുന്നു. കേരളത്തില്‍ ശ്രീകൃഷ്ണജയന്തി ജനകീയോത്സവമായി തുടങ്ങിയത് ബാലഗോകുലമാണ്. ദശാബ്ദങ്ങളായി അത്യാകര്‍ഷകമായ ശോഭായാത്രയോടെയുള്ള ആഘോഷങ്ങള്‍ക്ക് വലിയ ജനപിന്തുണയും പങ്കാളിത്തവുമാണ് ലഭിക്കുന്നത്. ജാതിക്കും മതത്തിനും അതീതമായി, ഗ്രാമനഗരഭേദമില്ലാതെ നടത്തിപ്പോരുന്ന ആഘോഷങ്ങളുടെ ശോഭകെടുത്താന്‍ കേരളത്തില്‍ സംഘടിത നീക്കമൊന്നും ആരും നടത്തിയ ചരിത്രമില്ല. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ ചില സിപിഎം നേതാക്കളുടെ പ്രേരണയോടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ വര്‍ഷം ശ്രമം നടന്നിരുന്നുവെങ്കിലും ജനങ്ങളതിനെ പരാജയപ്പെടുത്തുകയുണ്ടായി. ഇത്തവണയും സിപിഎമ്മിലെ ചെറിയൊരു വിഭാഗം സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കമാണ് തുടങ്ങിയിട്ടുള്ളത്. സംയമനത്തോടെ സമാധാനപരമായ അന്തരീക്ഷത്തില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കണമെന്ന ജനങ്ങളുടെ ആഗ്രഹം നടക്കാതെ പോകരുത്. അതുകൊണ്ടാണ് സംഘാടകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ചത്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഭംഗിയായി നടത്തുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തടസ്സമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പും നല്‍കി. ചില സ്ഥലങ്ങളില്‍ മറ്റു ചില സംഘടനകളും പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അത്തരം സ്ഥലങ്ങളില്‍ പോലീസുമായി ബന്ധപ്പെട്ട് വേണ്ടതായ ക്രമീകരണം നടത്താം. ശോഭായാത്ര പ്രശ്‌നമൊന്നും കൂടാതെ നടക്കുന്നതിന് കരുതലെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കും. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഹിന്ദു സംഘടനാ നേതാക്കളോട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നല്‍കിയ ഉറപ്പു പാലിക്കപ്പെട്ടാല്‍ ശ്രീകൃഷ്ണജയന്തി ഭംഗിയായി നടത്താന്‍ സാധിക്കുമെന്ന് വിശ്വസിക്കാം. ജൂലൈ 31നുതന്നെ കണ്ണൂര്‍ പോലീസ് സൂപ്രണ്ടിനെ നേരില്‍കണ്ട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശോഭായാത്രകള്‍ നടക്കുന്ന സ്ഥലങ്ങളുടെ പൂര്‍ണ്ണ വിവരം സംഘാടകര്‍ നല്‍കിയിരുന്നതാണ്. കേരളത്തിലുടനീളം സപ്തംബര്‍ 12ന് വൈകിട്ട് മൂന്നു മുതല്‍ രാത്രി 8.30 വരെ നീളുന്ന ശോഭായാത്രയും മറ്റ് ആഘോഷപരിപാടികളും നടത്താനുള്ള അനുവാദവും, കണ്ണൂര്‍ ജില്ലയില്‍ നിര്‍ഭയം ശോഭായാത്ര നടത്താനുള്ള സാഹചര്യവും സുരക്ഷയും ഉറപ്പാക്കണമെന്നും ബാലഗോകുലം ആവശ്യപ്പെട്ടിരുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് അനുമതി നല്‍കുന്നതിന് പകരം സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പരിപാടിയുണ്ടെന്നും അവരുടെ അപേക്ഷകൂടി പരിഗണിച്ചശേഷം തീരുമാനമെടുക്കാമെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. പരിപാടിക്ക് അനുമതി നല്‍കേണ്ടെന്ന് മുകളില്‍നിന്ന് നിര്‍ദ്ദേശമുണ്ടെന്ന മറുപടിയാണ് ചില പോലീസ് സ്റ്റേഷന്‍ അധികാരികള്‍ പറഞ്ഞിട്ടുള്ളത്. അത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവിയും കലക്ടറും വ്യക്തമാക്കിയതുമാണ്. താഴെക്കിടയിലുള്ള ഓഫീസര്‍മാര്‍ സിപിഎമ്മിനെ പ്രീണിപ്പിക്കാന്‍ ഒളിച്ചുകളി നടത്തുന്നുണ്ട്. സിപിഎം ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് ബാലഗോകുലം ശോഭായാത്ര നടത്തുന്ന സ്ഥലത്തും സമയത്തുംതന്നെ വേണോ? ഭാരതത്തിന്റെ ഇതിഹാസപുരാണങ്ങളില്‍ ശ്രീകൃഷ്ണന്‍ മാത്രമല്ല, മറ്റൊരുപാട് ദേവീദേവന്മാരുണ്ട്. മുപ്പത്തിമുക്കോടി ദേവതകളുണ്ടെന്നാണ് സങ്കല്‍പ്പം. ബാലഗോകുലം ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുന്നതുപോലെ ഓരോ സംഘടനകള്‍ക്കും ദേവതകളെ വീതിച്ചെടുത്ത് ആഘോഷം നടത്താം. ദൈവങ്ങളെ ഇഷ്ടമല്ലെങ്കില്‍ അസുരന്മാരുടെ ജന്മദിനം ആഘോഷിക്കുന്നതിലും വിരോധമില്ല. ജന്മാഷ്ടമി ആഘോഷങ്ങളെ അലങ്കോലപ്പെടുത്തിയേ അടങ്ങൂ എന്ന് വാശിപിടിക്കരുത്. ശ്രീകൃഷ്ണന്റെ ജന്മം മുതല്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും വിജയകരമായി തരണംചെയ്തിട്ടുണ്ട്. ശ്രീകൃഷ്ണ ഭഗവാനെ വകവരുത്താന്‍ കംസന്‍ നടത്തിയ കുത്സിത ശ്രമങ്ങളും നിരവധിയാണ്. അവസാനം കംസനെന്തു സംഭവിച്ചു എന്നത് എല്ലാവര്‍ക്കുമറിയാം. അഭിനവ കംസനാകാനാണ് സിപിഎമ്മിലെ ചിലര്‍ തുനിഞ്ഞിറങ്ങുന്നതെങ്കില്‍ കംസന്റെ അവസ്ഥയാണ് അവരെയും കാത്തിരിക്കുന്നത്. സമാധാനപരമായി ശ്രീകൃഷ്ണജയന്തി ആഘോഷം നടക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം മാനിക്കാന്‍ കണ്ണൂരിലെ സിപിഎം തയ്യാറാകണം. അത് ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.