പീഡനമൊതുക്കല്‍: മലയോര മേഖലയിലെ സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ പ്രക്ഷുബ്ധമാകും

Sunday 10 September 2017 9:40 pm IST

കാഞ്ഞങ്ങാട്: സിപിഎം പ്രാദേശിക നേതാവ് യുവതിയെ പീഡിപ്പിച്ച സംഭവം പ്രമുഖ നേതാവ് ഒതുക്കിത്തീര്‍ത്തുവെന്ന ആരോപണം മലയോര മേഖലകളിലെ പാര്‍ട്ടി സമ്മേളനങ്ങളെ പ്രക്ഷുബ്ധമാക്കും. വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയെയാണ് പ്രദേശിക നേതാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കയും ചെയ്തത്. ഒടുവില്‍ ഇവരെ ഒഴിവാക്കി മറ്റൊരു സ്ത്രീയുമായി അടുപ്പം തുടങ്ങിയതോടെയാണ് ഇക്കാര്യം മറനീക്കി പുറത്തു വന്നത്. വര്‍ഷങ്ങളോളം ഒരു കുടുംബം പോലെയാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്നാണ് അണികള്‍ പറയുന്നത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം യുവതി കൈയ്യോടെ പിടികൂടിയതിനു ശേഷം പ്രാദേശിക നേതാവ് രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ മര്‍ദിച്ചതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ നേതാവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ പേരില്‍ ഇയാളെ പാര്‍ട്ടി ജില്ലാ കമ്മറ്റി കഴിഞ്ഞ ആഴ്ച പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. പീഡനം സംബന്ധിച്ച് യുവതി ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും മലയോരത്തെ പ്രമുഖ പാര്‍ട്ടി നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് യുവതി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പാര്‍ട്ടി നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് നിസാര വകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്ന് ആരോപണുണ്ട്. പിന്നീട് വനിതാ സെല്ലില്‍ പരാതി നല്‍കിയെങ്കിലും ഇതിന്‍മേലും നടപടിയുണ്ടായിട്ടില്ല. ഇതിനിടയില്‍ ഒരു ലക്ഷം രൂപ നല്‍കി കേസൊതുക്കാന്‍ മലയോരത്തെ പ്രമുഖ സിപിഎം നേതാവ് ശ്രമം നടത്തിയെങ്കിലും യുവതി വഴങ്ങിയില്ല. യുവതി നിയമ നടപടി ശക്തമാക്കുമെന്ന് കണ്ടതിനെ തുടര്‍ന്ന് നടപടിക്ക് വിധേയനായ പ്രാദേശിക നേതാവ് മുന്‍ കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും പറയുന്നു. യുവതിയെ പീഡിപ്പിച്ച പ്രാദേശിക നേതാവിന് എല്ലാ ഒത്താശകളും ചെയ്ത് കൊടുക്കുന്നത് മലയോരത്തെ സിപിഎം ജില്ലാ നേതാവാണെന്ന വിമര്‍ശനം ശക്തമാണ്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഇയാളെ പാര്‍ട്ടിയിലേക്ക് കൊണ്ടു വന്ന് ലോക്കല്‍ കമ്മറ്റിയംഗമാക്കിയത് മുതിര്‍ന്ന നേതാവിന്റെ പ്രേരണ മൂലമാണെന്ന് ആരോപണമുണ്ടായിരുന്നു. സിപിഎം സമ്മേളനങ്ങള്‍ ആസന്നമായിരിക്കെ പീഡനക്കേസിലെ പരാതിയൊതുക്കി തീര്‍ത്ത സംഭവം വന്‍ ചര്‍ച്ചാ വിഷയമാകും. സദാചാര പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടു നിന്ന നേതാക്കള്‍ക്കെതിരെ പാര്‍ട്ടി കര്‍ശന നടപടി വേണമെന്ന ആവശ്യമായിരിക്കും പ്രധാനമായും ഉന്നയിക്കുകയെന്ന് പ്രമുഖ പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.