കണ്ണൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ‘സുരക്ഷിത ബാല്യം സുകൃത ഭാരതം’ എന്ന സന്ദേശമുയര്‍ത്തി ഇന്ന് നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങള്‍ നാടിനേയും നഗരപ്രദേശങ്ങളെയും അമ്പാടിയാക്കി മാറ്റും. ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ 300 ഓളം സ്ഥലങ്ങളിലാണ് വര്‍ണാഭമായ ശോഭായാത്രകള്‍ നടക്കുക. ആയിരക്കണക്കിന് കൃഷ്ണവേഷങ്ങളും പൗരാണികവേഷങ്ങളും നിശ്ചലദൃശ്യങ്ങളും. വാദ്യമേളങ്ങളും ഗോപികാനൃത്തം, ഉറിയടി എന്നിവയും ശോഭായാത്രയില്‍ അണിനിരക്കും.
പതാകദിനം മുതല്‍ ശ്രീകൃഷ്ണജയന്തി വരെയുള്ള ദിനങ്ങളില്‍ ഗോപൂജ, ഭജനസന്ധ്യ, കലാവൈജ്ഞാനിക മത്സരങ്ങള്‍ സാംസ്കാരിക സമ്മേളനങ്ങള്‍, രക്ഷാകര്തൃബോധനം എന്നിവ താലൂക്ക് കേന്ദ്രീകരിച്ചും ബാലഗോകുലയൂനിറ്റ് കേന്ദ്രികരിച്ചും നടക്കുകയുണ്ടായി. ജില്ലയിലെ കണ്ണൂര്‍, തളിപ്പറമ്പ, തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍, മട്ടന്നൂര്‍, പുന്നാട്, തില്ലങ്കേരി, ഇരിട്ടി, കാക്കയങ്ങാട്, കൊട്ടിയൂര്‍, പയ്യാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഹാശോഭായാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആധ്യാത്മിക സാസ്കാരിക നായകന്മാര് ശോഭായാത്രകള്‍ ഉദ്ഘാടനം ചെയ്യും. സമാപനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ സാംസ്ക്കാരിക സമ്മേളനങ്ങളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: