മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുതിര്‍ന്ന അംഗമായ വി.എന്‍.സത്യേന്ദ്രനാഥനാണ് വരണാധികാരിയായ ഡിഎഫ്ഒ സുനില്‍ പാമിഡി മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് അദ്ദേഹം മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. നഗരസഭ കാര്യാലയത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു ചടങ്ങ്. ഇംഗ്ലീഷ് അക്ഷര ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം നെല്ലൂന്നി വാര്‍ഡില്‍ നിന്നു വിജയിച്ച അനിതാ വേണുവും ഒടുവിലായി ദേവര്‍കാട് വാര്‍ഡില്‍ നിന്ന് വിജയിച്ച എ.കെ.സുരേഷ്കുമാറുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഐക്യമുന്നണി അംഗങ്ങള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഇടതുമുന്നണി അംഗങ്ങള്‍ ദൃഢപ്രതിജ്ഞയാണ് ചെയ്തത്. മട്ടന്നൂര്‍ നഗരസഭയുടെ അഞ്ചാമതു ഭരണസമിതിയാണ് അധികാരമേറ്റത്. ആകെയുള്ള 35 സീറ്റില്‍ 28 സീറ്റ് ഇടതു മുന്നണിയും 7 സീറ്റ് ഐക്യമുന്നണിയുമാണ് നേടിയത്. നെല്ലൂന്നി വാര്‍ഡില്‍ നിന്നും വിജയിച്ച സിപിഎമ്മിലെ അനിതാ വേണുവിനെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കും എയര്‍പോര്‍ട്ട് വാര്‍ഡില്‍ വിജയിച്ച സിപിഎം ജില്ലാകമ്മിറ്റിയംഗം പി.പുരുഷോത്തമനെ വൈസ് ചെയര്മാന് സ്ഥാനത്തേക്കുമായിരിക്കും ഇടതുമുന്നണി പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: