ആരും കൊലചെയ്യപ്പെടാവുന്ന ഭരണം

Monday 11 September 2017 7:24 pm IST

                                 കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

വ്യത്യസ്ത നിലപാടുകള്‍കൊണ്ട് പ്രശസ്തയായ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം എല്ലാവരെയും ഞെട്ടിച്ചു. കര്‍ണാടകയില്‍ പ്രത്യേകിച്ച് ബെംഗളൂരുവിലുള്ള പലരും ഭീതിയില്‍നിന്നും ഇനിയും മുക്തരായിട്ടില്ല. പ്രശസ്ത പത്രപ്രവര്‍ത്തകയുടെ ജീവനുപോലും സുരക്ഷിതത്വമില്ലെങ്കില്‍ വെറും സാധാരണക്കാരന്റെ സ്ഥിതി വളരെ കഷ്ടമായിരിക്കും. എം.എം. കല്‍ബുര്‍ഗിയുടേതുള്‍പ്പെടെ സംശയകരമായ ഒരുപാട് കൊലപാതകങ്ങള്‍ കര്‍ണാടകയില്‍ നടന്നു. ചിലത് രാഷ്ട്രീയ കൊലപാതകങ്ങളായിരുന്നു. കര്‍ണാടകയിലെ തകര്‍ന്നുകൊണ്ടിരിക്കുന്ന ഭരണസംവിധാനത്തിന്റെ തെളിവുകളാണിവ.

ഒരു കേസന്വേഷണത്തിന്റെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.കെ. ഗണപതിയെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജിനേയും മുതിര്‍ന്ന പോലീസുദ്യോഗസ്ഥരേയും ഒരു അഭിമുഖത്തില്‍ കുറ്റപ്പെടുത്തി സംസാരിച്ചതിനു മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത് സംഭവിച്ചത്.

ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ഇപ്രകാരമാണ്:”എം.കെ.ഗണപതിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ എം.കെ. മച്ചയ്യയും കുടുംബവും ആവശ്യപ്പെട്ടു. കെ. ജെ. ജോര്‍ജ്ജ്, മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്മാരായ എം. എം. പ്രസാദ്, പ്രണബ് മൊഹന്തി എന്നിവര്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി എം.കെ. ഗണപതി പറഞ്ഞിരുന്നു.” സംസ്ഥാന സര്‍ക്കാര്‍ ഈ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനെ ഗണപതിയുടെ കുടുംബം എതിര്‍ക്കുകയാണ്. ”സിഐഡി ഉദ്യോഗസ്ഥന്‍ വീട്ടിലെത്തുകയും കേസന്വേഷണവുമായി സഹകരിച്ചാല്‍ ഗണപതിക്ക് നീതി ഉറപ്പാക്കുമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ എല്ലാ തെളിവുകളും നശിപ്പിച്ച് ജോര്‍ജ്ജിനും ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കുകയാണ് അവര്‍ ചെയ്തത്” മച്ചയ്യ ആരോപിച്ചു. പരാതി കൊടുത്തിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍പോലും പോലീസ് തയ്യാറായില്ലെന്നും ഗണപതിയുടെ സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.” ഗണപതിയുടെ മരണം സിബിഐയ്ക്ക് കൈമാറണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം വന്ന അതേ ദിവസമാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഈ വര്‍ഷം മാര്‍ച്ച് മാസം ആദ്യത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതാവായിരുന്ന ശ്രീനിവാസ പ്രസാദ് കൊല്ലപ്പെട്ടു. അദ്ദേഹം ദളിത് വിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവന്ന നേതാവായിരുന്നു. കോണ്‍ഗ്രസിന്റെ ടൗണ്‍ മുനിസിപ്പാലിറ്റി അധ്യക്ഷ സരോജാമ്മ ഉള്‍പ്പെടെ അഞ്ചുപേര്‍ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാണ്.

ന്യൂനപക്ഷ മോര്‍ച്ചയുടെ നേതാവായിരുന്ന മൊഹമ്മദ് ഹുസൈന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ച് ആക്രമിക്കപ്പെട്ടു. പിന്നീട് ആശുപത്രിയില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങി. ബിജെപിയില്‍ ചേര്‍ന്നതിനാലാണ് അദ്ദേഹം വധിക്കപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു.
ബെംഗളൂരുവില്‍ ബിജെപി നേതാവായ ഹരീഷ്, ബിജെപി എസ്ടി മോര്‍ച്ച നേതാവായ ബന്ധി രമേഷ് എന്നിവര്‍ വധിക്കപ്പെട്ടു. പൊതുജനമധ്യത്തില്‍ പട്ടാപ്പകല്‍ ബെംഗളൂരുവിലെ തിരക്കേറിയ ഇടത്തുവച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന രുദ്രേഷ് ആക്രമിക്കപ്പെട്ടതും വധിക്കപ്പെട്ടതും. അത് നടന്നത് കഴിഞ്ഞവര്‍ഷം ഒക്‌ടോബറിലായിരുന്നു.

ബീദാറില്‍വച്ചാണ് കഴിഞ്ഞ നവംബര്‍ മാസത്തില്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന സുനില്‍ ഡോംഗ്രേ ക്രൂരമായി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ വെട്ടേറ്റ അനവധി മുറിവുകളുണ്ടായിരുന്നു. അതേ മാസത്തില്‍ മൈസൂരുവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന മഗലി രവി വധിക്കപ്പെട്ടു.

ഹിന്ദു സംഘടന പ്രവര്‍ത്തകനായിരുന്ന പ്രശാന്ത് പൂജാരി അതിക്രൂരമായി കൊല്ലപ്പെട്ടത് കര്‍ണാടകയിലെ മൃബിദിരിയില്‍ വച്ചാണ്. അദ്ദേഹത്തിന്റെ സംഘടനാപ്രവര്‍ത്തനത്തോട് വിയോജിപ്പുള്ളവര്‍ ഒട്ടും ഉളുപ്പില്ലാതെ ആ കൊലപാതകത്തെ ന്യായീകരിച്ചു.
കുടകിലെ ഡി.എസ്. കട്ടപ്പ, മൈസൂരുവിലെ കൈതമരനഹള്ളി രാജു, വിരാജ് പേട്ടിലെ പ്രവീണ്‍ പൂജാരി, മംഗലൂരുവിലെ കാര്‍ത്തിക് രാജ് എന്നീ ഹിന്ദുസംഘടന പ്രവര്‍ത്തകര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കര്‍ണാടകയില്‍ കൊല്ലപ്പെട്ടു. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താനിരിക്കെയാണ് ഗൗരി ലങ്കേഷ് വധിക്കപ്പെടുന്നത്. എസ്ഡിപിഐ, പിഎഫ്‌ഐ തുടങ്ങിയ തീവ്രവാദ സംഘടനകളോട് സിദ്ധരാമയ്യ സര്‍ക്കാര്‍ മൃദുനിലപാടാണ് സ്വീകരിച്ചുപോരുന്നത്. ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പുറകില്‍ ഈ സംഘടനകളാണെന്നാണ് കരുതപ്പെടുന്നത്.

ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്രകാരമാണ്: ”2013 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ പിഎഫ്‌ഐയുടെയും എസ്ഡിപിഐയുടെയും 1600 പ്രവര്‍ത്തകര്‍ക്കെതിരെ 175 ഓളം കേസുകള്‍ നിലവിലുണ്ടായിരുന്നതായി കര്‍ണാടക മുന്‍ ആഭ്യന്തര മന്ത്രി ആര്‍. അശോക പ്രസാതാവിച്ചു.

”ഭരണത്തിലേറിയ സിദ്ധരാമയ്യ ചെയ്തതെന്താണ്? 2015 ല്‍ ഈ കേസുകളെല്ലാം അദ്ദേഹം പിന്‍വലിച്ചു. ഈ നടപടി എസ്ഡിപിഐക്കും പിഎഫ്‌ഐക്കും ആത്മവിശ്വാസം നല്‍കി. എട്ടോളം ഹിന്ദുസംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളിലെങ്കിലും ഈ സംഘടനകളുടെ പങ്ക് പകല്‍പോലെ വ്യക്തമാണ്. ഈ കേസുകളെല്ലാം എന്‍ഐഎക്ക് കൈമാറണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു” അശോക കൂട്ടിച്ചേര്‍ത്തു.

ഗൗരി ലങ്കേഷിനെപ്പോലെയുള്ള ഇടതുപക്ഷക്കാരിയാകട്ടെ, കല്‍ബുര്‍ഗിയെപ്പോലുള്ള യുക്തിവാദിയാകട്ടെ, ഹിന്ദു സംഘടനാ പ്രവര്‍ത്തകരാവട്ടെ, പോലീസ് ഓഫീസറാകട്ടെ ഇവരാരുടെയും ജീവന്‍ സംരക്ഷിക്കാന്‍ സിദ്ധരാമയ്യയുടെ ഭരണകൂടത്തിന് കഴിയുന്നില്ല. കര്‍ണാടകയിലെ ക്രമസമാധാനം പാടെ തകര്‍ന്നിരിക്കുന്നു. വിവരസാങ്കേതിക വിദ്യയുടെ പേരില്‍ ലോകം ശ്രദ്ധിച്ച ഇന്ത്യന്‍സംസ്ഥാനത്തിന്റെ ഇന്നത്തെ സ്ഥിതി വളരെ പരിതാപകരമാണ്. കര്‍ണാടകയിലെ ഭരണകൂടം ഇതിനെല്ലാം ഉത്തരം പറയേണ്ടതുണ്ട്. ഇനിയൊരാളും അവിടെ കൊലപ്പെട്ടുകൂടാ.

ഖേദകരമെന്നു പറയട്ടെ, ഗൗരി ലങ്കേഷിന്റെ മരണത്തെത്തുടര്‍ന്ന് പത്രപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും പരസ്പരം ചെളിവാരിയെറിഞ്ഞു. അവര്‍ക്കിടയിലെ സ്വയംപ്രഖ്യാപിത കുറ്റാന്വേഷകര്‍ കുറ്റവാളികളെയും കണ്ടെത്തി. ഗൗരി ലങ്കേഷിനെ അവര്‍ കേവലം ഒരു ഇരയെന്ന നിലയിലേക്ക് താഴ്ത്തികെട്ടി.

ഗൗരി ലങ്കേഷിന്റെ രണ്ട് ട്വീറ്റുകള്‍ അവരുടെ കൊലപാതക കാരണങ്ങളിലേക്ക് ചെറിയ വെളിച്ചം വീശുന്നുണ്ട്. ആരുമായിട്ടാണ് അവര്‍ പൊരുതിക്കൊണ്ടിരുന്നത്. ആ കാര്യങ്ങളും പോലീസ് അന്വേഷിക്കേണ്ടേ?

പോലീസ് ഓഫീസര്‍ ഗണപതിയുടെ മരണത്തില്‍ സിദ്ധരാമയ്യ ഭരണകൂടം സംശയത്തിന്റെ നിഴലിലാണ്. ഈ കേസും ഈ ഭരണകൂടത്തെ എങ്ങനെ വിശ്വസിച്ചേല്‍പ്പിക്കും?
ഗണപതിയുടെ സഹോദരന്‍ ആവശ്യപ്പെട്ടതുപോലെ കൂടുതല്‍ കഴിവുള്ള, വിശ്വാസ്യതയുള്ള ഒരു ഏജന്‍സി ഈ കേസുകള്‍ അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ നിജസ്ഥിതി വെളിച്ചത്തു വരികയുള്ളൂ. അല്ലെങ്കില്‍ മറ്റു കേസുകളെന്നപോലെ ഇതും തുമ്പില്ലാതാക്കുവാന്‍ സിദ്ധരാമയ്യ ഭരണകൂടം ശ്രമിക്കുമെന്നുറപ്പാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.