വിഎസിന്റെ അപചയം

Wednesday 13 September 2017 12:08 pm IST

മുന്‍ മുഖ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ വി.എസ്. അച്യുതാനന്ദന്‍ വലിയ അമര്‍ഷത്തിലാണ്. പാര്‍ട്ടിയിലെ തന്റെ 'വര്‍ഗശത്രു'വായ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന്റെ കലിപ്പ് ഇപ്പോഴും അദ്ദേഹത്തിന് മാറിയിട്ടില്ല. പ്രത്യേക പണിയും അധികാരവുമൊന്നുമില്ലാത്ത ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയില്‍ കേരളാ കാസ്‌ട്രോ ഒട്ടുംതന്നെ സംതൃപ്തനല്ലെന്നാണ് അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിനോടുള്ള പ്രതികരണം തെളിയിക്കുന്നത്. കണ്ണന്താനം മികച്ച പാര്‍ലമെന്റേറിയനാണെന്നും, നിയമസഭയില്‍ തിളങ്ങിയപോലെ പാര്‍ലമെന്റിലും അദ്ദേഹത്തിന് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാവുമെന്നും പിണറായി അനുമോദിക്കുകയുണ്ടായി. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ദല്‍ഹിയിലെ കേരളാ ഹൗസില്‍ കണ്ണന്താനത്തിന് ഉച്ചവിരുന്ന് നല്‍കുകയും ചെയ്തു. ഇതാണ് വിഎസിനെ പ്രകോപിപ്പിച്ചതെന്ന് കരുതണം. കണ്ണന്താനത്തിന്റെ സ്ഥാനലബ്ധിയെ വിമര്‍ശിക്കുകയാണ് പിണറായി ചെയ്തിരുന്നതെങ്കില്‍ വിഎസ് ഒരുപക്ഷേ അതിനെ പ്രശംസിക്കുമായിരുന്നേനെ. രാഷ്ട്രീയ സദാചാരമോ പൊതുപ്രവര്‍ത്തകന്റെ അന്തസ്സോ പാലിക്കാതെയാണ് വിഎസ് കണ്ണന്താനത്തിന്റെ സ്ഥാനലബ്ധിയെ വിമര്‍ശിച്ചത്. കണ്ണന്താനത്തിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതില്‍ അനുമോദിക്കേണ്ടതായി ഒന്നുമില്ലെന്നും, ബിജെപി മന്ത്രിസഭയില്‍ ചേര്‍ന്നതോടെ കണ്ണന്താനം ഫാസിസത്തോട് സന്ധി ചെയ്തിരിക്കുകയാണെന്നും വിഎസ് കണ്ടുപിടിച്ചു. ഇടതുസഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണത്രെ ഇത്. വിഎസ് ഏതു ലോകത്താണ് ജീവിക്കുന്നത്? ആരെയാണ് അദ്ദേഹം കബളിപ്പിക്കാന്‍ നോക്കുന്നത്? ചരിത്രത്തില്‍ ഫാസിസത്തിന്റെ പ്രതിരൂപമായ ജര്‍മ്മനിയിലെ ഹിറ്റ്‌ലറോട് സഹകരിച്ചത് ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റുകളും, വിഎസിന്റെ ആചാര്യനായിരുന്ന റഷ്യന്‍ ഏകാധിപതി ജോസഫ് സ്റ്റാലിനുമാണ്. 'ആഫ്റ്റര്‍ ഹിറ്റ്‌ലര്‍ വി' എന്നാണ് ജര്‍മ്മന്‍ സഖാക്കള്‍ ഒരുകാലത്ത് ആര്‍ത്തുവിളിച്ചിരുന്ന മുദ്രാവാക്യം. രണ്ടാംലോക യുദ്ധകാലത്ത് ഹിറ്റ്‌ലറുമായുള്ള സ്റ്റാലിന്റെ അനാക്രമണ സന്ധി പൊളിഞ്ഞപ്പോഴാണ് സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരും 'ഫാസിസ്റ്റ് വിരുദ്ധ'രായത്. ചരിത്രബോധം തുച്ഛമായവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. എന്നാല്‍ വിഎസിന് അറിയാവുന്ന ചില കാര്യങ്ങളുണ്ട്. ഫാസിസത്തിന്റെ പ്രായോഗികരൂപം എന്താണെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുത്തത് 1975 ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയാണ്. കോണ്‍ഗ്രസ് ഫാസിസം അഴിഞ്ഞാടിയ സംസ്ഥാനങ്ങളിലൊന്നൊണ് ബംഗാള്‍. ബംഗാളിലെ നിയസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നാണ് സിപിഎം മത്സരിച്ചത്. രണ്ടിലും ദയനീയമായി പരാജയപ്പെട്ടുവെന്നത് വേറെ കാര്യം. പാര്‍ലമെന്റിലെത്തിപ്പെടാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്നാലെ നടന്ന് കെഞ്ചുന്നതും ജനങ്ങള്‍ കണ്ടു. ഇപ്പോള്‍ ഇതേ കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യത്തിന് ശ്രമിക്കുകയാണ് വിഎസിന്റെ പാര്‍ട്ടിയായ സിപിഎം. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയിലെ പ്രബലപക്ഷം നഖശിഖാന്തം എതിര്‍ക്കുമ്പോഴും ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യംചേരണമെന്ന് പറഞ്ഞയാളാണ് വിഎസ്. ജീവന്‍കൊടുത്തും ഫാസിസത്തെ ചെറുത്തുതോല്‍പ്പിച്ചവര്‍ക്കൊപ്പം ചേര്‍ന്ന കണ്ണന്താനത്തിനാണോ, ഫാസിസ്റ്റുകളുടെ തോളില്‍ കയ്യിടുന്ന വിഎസിനാണോ അപചയം സംഭവിച്ചതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. സ്ഥാനമാനങ്ങളില്‍ മാത്രം കണ്ണുവച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയമാണ് വിഎസിന്റേത്. വിഎസിന്റെ സംഘടനാ ജീവിതത്തിന്റെ ചരിത്രംതന്നെ അതാണ്. പാര്‍ട്ടിയിലായായും ഭരണത്തിലായാലും പദവികള്‍ ലഭിക്കാതെ വരുമ്പോള്‍ അദ്ദേഹം അസ്വസ്ഥനാവും. സ്വപക്ഷക്കാരനായ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിക്കസേരയില്‍ ഒരിക്കല്‍ക്കൂടി കയറിയിരിക്കാമെന്ന് വിഎസ് മോഹിച്ചു. എന്നാല്‍ പാര്‍ട്ടിയിലെ എതിരാളികള്‍ ഇത് വകവച്ചുകൊടുത്തില്ല. മാത്രമല്ല, കേരളാ കാസ്‌ട്രോയായി ഒതുക്കുകയും ചെയ്തു. തനിക്ക് പദവി കിട്ടാതിരിക്കുമ്പോള്‍ മാത്രമല്ല, മറ്റുള്ളവര്‍ അര്‍ഹിക്കുന്ന പദവിയിലെത്തുമ്പോഴും വിഎസ് അസ്വസ്ഥനാവുന്നു. തൊണ്ണൂറ്റിമൂന്ന് കഴിഞ്ഞ ഒരു വ്യക്തിയില്‍ ഉണ്ടാകാന്‍പാടില്ലാത്ത വെറും അസൂയയുടെ പ്രശ്‌നമാണിത്. വിഎസില്‍ അസൂയ എന്ന വികാരം മനോരോഗമായി വളര്‍ന്നിരിക്കുന്നു. ഇതിന് തെളിവാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന് എതിരായ അന്തസ്സില്ലാത്ത പരാമര്‍ശങ്ങള്‍. വിഎസ് മറുപടി അര്‍ഹിക്കുന്നില്ലെന്ന കണ്ണന്താനത്തിന്റെ പ്രതികരണം ശരിയായ മറുപടിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.