ഇട്ടിയപ്പാറയിലെ ശബരിമല ഇടത്താവളം: നിര്‍മ്മാണം ഇഴയുന്നു

Monday 11 September 2017 7:58 pm IST

റാന്നി: ശബരിമല പില്‍ഗ്രിം സെന്റര്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ സെന്ററായ ഇട്ടിയപ്പാറയിലെ ശബരിമല ഇടത്താവളം നിര്‍മാണം വീണ്ടും മന്ദഗതിയില്‍. എട്ടുമാസങ്ങള്‍ക്കുമുമ്പ് പൂര്‍ത്തിയാകേണ്ട കെട്ടിടനിര്‍മാണമാണ് ഇപ്പോഴും പ്രാരംഭദശയിലുള്ള പൈലിങ് ജോലികളില്‍ ഒതുങ്ങുന്നത്. കാലാവധി നീട്ടിക്കൊടുത്തിട്ടും പണികള്‍ മന്ദഗതിയിലാണ്. കെട്ടിടത്തിന് സ്ഥാപിക്കേണ്ട 620 പൈലുകളില്‍ 130 എണ്ണമാണിതുവരെ പൂര്‍ത്തിയായിട്ടുള്ളത്. നിര്‍മാണം വേഗത്തിലാക്കാന്‍ നാലുതവണ അവലോകനയോഗം ചേര്‍ന്നു. പണികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ കലണ്ടര്‍ വരെ തയ്യാറാക്കിയിട്ടും നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേഗതയില്ലന്നാക്ഷേപം നിലനില്‍ക്കുന്നു. നിര്‍മ്മാണത്തില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടെന്ന കരാറുകാരന്റെ പരാതിയെത്തുടര്‍ന്ന് അസിസ്റ്റന്റ് എന്‍ജിനീയറെ ഇതിന്റെ ചുമതലയില്‍നിന്ന് മാറ്റി. എന്നിട്ടും കാര്യമായ പുരോഗതികളൊന്നുമുണ്ടായില്ല. 12നിലവരെ പണിയാന്‍ കഴിയും വിധത്തിലാണ് ഇതിന്റെ അടിത്തറ നിര്‍മ്മിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി 16 കോടി രൂപയാണനുവദിച്ചത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഒരുനിലയുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം തുടങ്ങി ഒന്നര വര്‍ഷമായിട്ടും 25 ശതമാനംപോലും പൂര്‍ത്തിയാക്കാനായില്ല.12നില കെട്ടിടത്തിന് 620 പൈലുകള്‍ സ്ഥാപിക്കണമെന്നാണ് എന്‍ജിനിയര്‍വിഭാഗം പറയുന്നത്. ശബരിമല തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യമൊരുക്കുക എന്നതിനൊപ്പം കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന് ആവശ്യമായ മുറികള്‍, ഓഡിറ്റോറിയം എന്നിവയെല്ലാം കൂടി ഉള്‍പ്പെടുത്തിയാണ് ഇട്ടിയപ്പാറ ബസ്സ്റ്റാന്‍ഡിനു സമീപം കെട്ടിടം നിര്‍മിക്കുന്നത്. 72 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. മണ്ഡലകാലത്തിന് രണ്ടുമാസം മാത്രം അവശേഷിക്കെ ഇടത്താവളത്തിന്റെ നിര്‍മ്മാണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നത് അയ്യപ്പഭക്തരോടുള്ള അവഗണനയാണെന്നാക്ഷേപം ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.