നുഴഞ്ഞുകയറ്റക്കാരെ വെള്ളപൂശാന്‍ ശ്രമം

Sunday 26 August 2012 10:12 am IST

ആസാം/കൊക്രജാര്‍: തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും മറ്റും കാണിച്ച്‌ ആസാമിലെ കലാപത്തിന്‌ കാരണക്കാരായ അനധികൃത നുഴഞ്ഞുകയറ്റക്കാരെ വെള്ളപൂശാന്‍ ശ്രമം. ജനന സര്‍ട്ടിഫിക്കറ്റും സ്ഥലത്തിന്റെ ആധാരവും മറ്റുമുണ്ടെന്ന്‌ അവകാശപ്പെട്ടാണ്‌ ഇതിന്‌ ശ്രമിക്കുന്നത്‌. ഇന്ദിരാ ആവാസ്‌ യോജന വഴി ലഭിച്ച ഭവനങ്ങളിലാണ്‌ ഇവര്‍ താമസിക്കുന്നത്‌. ഇവരുടെ കൈവശം ഇത്രയും രേഖകള്‍ ഉള്ളപ്പോള്‍ എങ്ങനെ ഇവരെ അനധികൃത കുടിയേറ്റക്കാരെന്ന്‌ പറയാന്‍ സാധിക്കുമെന്നാണ്‍ചോദ്യം. നുഴഞ്ഞുകയറ്റക്കാര്‍ ഇത്തരം രേഖകള്‍ നേടിയിട്ടുള്ളത്‌ നിയമവിരുദ്ധമായാണെന്ന്‌ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കെയാണ്‌ ഇക്കൂട്ടരെ വെള്ളപൂശാന്‍ ആസൂത്രിത ശ്രമം നടക്കുന്നത്‌.
ബോഡോ വിഭാഗവും, അനധികൃത കുടിയേറ്റക്കാരും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുവാന്‍ ആസാം സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തില്‍ തീരുമാനമുണ്ടായിരിക്കണം. ആസാമില്‍ ഇപ്പോഴുള്ള മുസ്ലീങ്ങളാണ്‌ അനധികൃത കുടിയേറ്റക്കാരെന്ന്‌ പറയുമ്പോള്‍ ഇവരുടെ കൈവശമുള്ള രേഖകളെക്കുറിച്ച്‌ അന്വേഷണം നടത്തേണ്ടത്‌ അനിവാര്യമാണ്‌.രേഖകള്‍ വ്യാജമാണെങ്കില്‍ ഇവര്‍ക്ക്‌ ഇത്‌ ആര്‌ നല്‍കിയെന്നും ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലാമാണെന്നും കണ്ടെത്തണം. അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തില്‍ അന്വേഷണം നടത്തിയാല്‍ മാത്രമെ സംസ്ഥാനത്ത്‌ ഇപ്പോള്‍ നില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക്‌ ഒരു പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃത കുടിയേറ്റം ആസാമില്‍ ദീര്‍ഘകാലമായുള്ള പ്രശ്നമാണ്‌. മുസ്ലീം ജനസംഖ്യ 30 ശതമാനമാണ്‌ ഉള്ളത്‌.
എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന വാദം ഗോത്ര വര്‍ഗമായ ബോഡോ വിഭാഗം തള്ളിക്കളഞ്ഞു. കൊക്രജാറിലുള്ള മുസ്ലീം വിഭാഗക്കാര്‍ അനധികൃത കുടിയേറ്റക്കാരാണെന്നും ഇന്ത്യ വിരുദ്ധ ഏജന്‍സികളാണ്‌ വ്യാജ രേഖകള്‍ കെട്ടിച്ചമച്ച്‌ നല്‍കിയതെന്നും ബോഡോലാന്റ്‌ ടെറിട്ടോറിയല്‍ ഡെപ്യൂട്ടി ചീഫ്‌ കാമ്പ ബോര്‍ഗോയാറി പറഞ്ഞു. സംഭവം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.