പട്ടാപകല്‍ മോഷണശ്രമം രണ്ടുപേര്‍ പിടിയില്‍

Monday 11 September 2017 9:57 pm IST

അങ്കമാലി: അങ്കമാലി എസ്ബിഐ ബാങ്കിന് സമീപത്ത് പട്ടാപകല്‍ പണം പിടിച്ചുപറിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കാലടി കെഎംആര്‍സി ഓയില്‍ കമ്പനി പ്ലാന്റ് ഓപ്പറേറ്റര്‍ വെസ്റ്റ് കൊരട്ടി സ്വദേശി പുളിക്കല്‍ ആനന്ദിന്റെ കൈവശം ഉണ്ടായിരുന്ന 1,45,000 രൂപയാണ് പിടിച്ചു പറിക്കാന്‍ ശ്രമിച്ചത്. ഗുജറാത്ത് സ്വദേശി ഉപേന്ദ്ര പ്രതാപ് ലല്ലന്‍ സിങ്ങ് (40), ബീഹാര്‍ സ്വദേശി അങ്കുര്‍കുമാര്‍ (28) എന്നിവരാണ് പോലീസ് പിടിയിലായത്. ആനന്ദ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ എട്ടോളം ഇതരസംസ്ഥാന തൊഴിലാളികളുടെ ശമ്പളത്തുകയാണ് പിടിച്ചു പറിക്കാന്‍ ശ്രമിച്ചത്. പണം എസ്ബിഐ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ ഈ തൊഴിലാളികളെ സഹായിക്കാന്‍ വന്നതാണ് ആനന്ദ്. ആനന്ദിനെ പിന്‍തുടര്‍ന്ന് എത്തിയ പ്രതികള്‍ പണം തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ സമീപത്തുണ്ടായവരും പരാതിക്കാരും ചേര്‍ന്ന് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ ഞായറാഴ്ച ദിവസങ്ങളില്‍ പണം നിക്ഷേപിക്കാന്‍ വരുന്ന എടിഎമ്മിനു സമീപത്തു വരുന്ന ഇതര സംസ്ഥാനതൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തില്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. എറണാകുളത്ത് ലോഡ്ജില്‍ താമസിച്ച് ഞായറാഴ്ചകളില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തുന്നവരാണ് പിടിയിലായവര്‍. എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ എത്തുന്നവരെ പണത്തിന്റെ മാതൃകയില്‍ കടലാസ് പൊതികാണിച്ച് ഒരു ലക്ഷം രൂപയുണ്ടെന്നും മുതലാളിയെ കബളിപ്പിച്ചെടുത്താണെന്ന പറഞ്ഞ് ക്യുവില്‍ നില്‍ക്കുന്നവര്‍ക്ക് കൊടുത്ത് അവരുടെ കയ്യിലുള്ള പണം കൈക്കലാക്കി മുങ്ങുന്ന രീതിയും പ്രതികള്‍ക്കുണ്ട്. സമാനമായ നിരവധി തട്ടിപ്പുകള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. അങ്കമാലി സിഐ മുഹമ്മദ് റിയാസ്, എസ്‌ഐ കെ.എന്‍. മാനോജ്, എഎസ്‌ഐ സുകേശന്‍, സിപിഒമാരായ സുധീഷ്, റോണി, ബിനു, ജിസ്‌മോന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.