ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒമ്പതു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Monday 11 September 2017 10:03 pm IST

ഒറ്റപ്പാലം:തിരുവോണ ദിവസം അമ്പലപ്പാറ മേലൂരില്‍ ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒമ്പതു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അമ്പലപ്പാറ സ്വദേശികളായ തട്ടാരതൊടിയില്‍ വിജീഷ്(27),നെല്ലികുന്നത്ത് വിപിന്‍ എന്ന കണ്ണന്‍ (21) , കിളിയന്‍മൂച്ചിക്കല്‍ അറവക്കാട് വിജീഷ് (21) ,ഒട്ടച്ചിറ ചെറുമുണ്ടശ്ശേരി റംഷാദ് (20) , മാങ്കന്നത്ത് അറവക്കാട് അബ്ദുള്‍ സമദ് (21), തോണി കുന്നത്ത് വി.ആര്‍.വിപിന്‍ (24), അത്തില്‍ കുണ്ടില്‍ മേലൂര്‍ രതീഷ്(23)്,ശക്താംതൊടി മണികണ്ഠന്‍ (26) , അത്തികുണ്ടില്‍ ഗണേശ് (24) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. തിരുവോണ ദിവസം അമ്പലപ്പാറ മേലൂര്‍ പെരുന്നന്‍കോട്ടില്‍ സന്ദീപ് (19), കടമ്പൂര്‍ കല്ലുകുഴിയില്‍ ജോബിന്‍ എന്നിവരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ച കേസിലാണ് അറസ്റ്റ്. അക്രമത്തില്‍ സന്ദീപിനും ജോബിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ജോബിനെ ശസ്ത്രക്രിയക്കുവിധേയനാക്കി. രാഷ്ട്രീയ വൈരാഗ്യമാണു അക്രമത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. തിരുവോണ ദിവസം ഉച്ചക്ക് ഒരുമണിയോടെ സന്ദീപിന്റെ വീടിനു സമീപമായിരുന്നു സംഭവം. പ്രതികള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തതായി ഒറ്റപ്പാലം പോലീസ് അറിയിച്ചു. ജൂണില്‍ നടന്ന അക്രമസംഭവത്തിന്റെ തുടര്‍ച്ചയാണിതെന്നും പറയുന്നു. എന്നാല്‍ ആഗസ്റ്റ് 29നു നടന്ന സമാനമായ മറ്റൊരു കേസില്‍ 308 വകുപ്പ് പ്രകാരം കേസെടുത്ത അമ്പലപാറ വട്ടപ്പറമ്പില്‍ മണികണ്ഠനെ(26)യുംപോലീസ് അറസ്റ്റുചെയ്തു. ഓണംപോലുള്ള ആഘോഷ പരിപാടികള്‍ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണു അമ്പലപ്പാറ മേലൂര്‍ സംഘര്‍ഷത്തിനുകാരണമായതെന്നും ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍ പറഞ്ഞു.സമൂഹത്തില്‍ സമാധാനം തകര്‍ക്കുന്ന ഇത്തരത്തിലുള്ള ക്രിമിനലുകളെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിഐ പി.അബ്ദുള്‍ മുനീര്‍, എസ്‌ഐ എ.ആദം ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.