പുലാപ്പാറ്റ കവലയില്‍ കുടിവെള്ളം പാഴാവുന്നു

Monday 11 September 2017 10:05 pm IST

പുലാപ്പറ്റ:പുലാപ്പാറ്റ കവലയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌പൊട്ടി വെള്ളം പാഴാവുന്നു.ഇത്തരത്തില്‍ വെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് ആറുമാസത്തിലധികമായി. ദിനംപ്രതി ധാരാളം വാഹനങ്ങള്‍ വന്ന് തിരിച്ചു പോകുന്ന പ്രധാന കവലയിലാണ് ഈ അവസ്ഥ തുടരുന്നത്. കുടിവെള്ളം പാഴാകുന്നത് ചൂണ്ടിക്കാട്ടി ജനങ്ങള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. റോഡിന്റെ ഏകദേശം മധ്യത്തിലൂടെ ഏഴ് അടി താഴ്ച്ചയിലാണ് പൈപ്പ് കടന്നു പോകുന്നത്. ഈപൈപ്പ് പൊട്ടിയാണ് മാസങ്ങളായി കുടിവെള്ളം പാഴാകുന്നത്. രണ്ട് ഭാഗത്തേക്കുള്ള വെള്ളം തിരിച്ചുവിടുന്ന ടി കണക്ഷനും ഇവിടെയാണുള്ളത്. ആയതിനാല്‍ റോഡ് പൊളിച്ച് വേണം ശരിയാക്കാന്‍. വാട്ടര്‍ അതോറിറ്റി അതിനുള്ള നടപ്പടി എടുക്കുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇതിനെതിരെ സമരത്തിനൊരുങ്ങുകയാണ് ബിജെപി പുലാപ്പറ്റ മേഖലാകമ്മറ്റി.