ചാത്തന്‍ മാസ്റ്റര്‍ സ്മാരകം അവഗണയില്‍; ഉറക്കം നടിച്ച് നഗരസഭ

Monday 11 September 2017 10:40 pm IST

ഇരിങ്ങാലക്കുട : നഗരസഭ മുന്‍ ഭരണസമിതിയുടെ കാലത്ത് നവീകരണത്തിന്റെ പേരില്‍ പൊളിച്ചിട്ട പി.കെ ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഹാളും പരിസരവും കാട് വിഴുങ്ങി. മാപ്രാണം സെന്ററിലുള്ള ഹാളിന്റെ പരിസരമാണ് കാടുകയറി നശിക്കുന്നത്. ഹാള്‍ പൊളിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞും ഇതുവരേയും പുനര്‍ നിര്‍മ്മിക്കാന്‍ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. കെ.പി. എം.എസ്, പട്ടികജാതി പട്ടിക വര്‍ഗ വികസന സമിതി, ബിജെപി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധങ്ങളുയര്‍ത്തിയിരുന്നു. കോടതി വ്യവഹാരങ്ങളാണ് കെട്ടിടം പുനര്‍ നിര്‍മ്മാണത്തിന് തടസ്സമായി നിന്നിരുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും കോടതി അനുമതിയോടെ മാത്രമെ പുനര്‍ നിര്‍മ്മാണം നടക്കുകയുള്ളുവെന്നാണ് നഗരസഭ പറയുന്നത്. പി.കെ ചാത്തന്‍ മാസ്റ്ററുടെ പേരില്‍ 1989 ല്‍ പട്ടികജാതി വികസന വകുപ്പാണ് ഹാള്‍ നിര്‍മ്മിച്ചത്. 16 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഹാള്‍ 2001 ലാണ് പൊറത്തിശ്ശേരി പഞ്ചായത്തിന് കൈമാറിയത്. പിന്നിട് പഞ്ചായത്ത് നഗരസഭയില്‍ ലയിച്ചതോടെ ഹാള്‍ നഗരസഭയുടേതായി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് എസ്.സി ഫണ്ടില്‍ നിന്ന് ഒരു കോടി ചിലവഴിച്ച് ഹാള്‍ പൊളിച്ചുമാറ്റി പുതിയ ഹാള്‍ നിര്‍മ്മിക്കാന്‍ ജനകീയാസൂത്രണ പദ്ധതിയില്‍ പ്രോജക്റ്റ് തയ്യാറാക്കിയിരുന്നു. എന്നാല്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തടഞ്ഞതോടെ പദ്ധതി നടപ്പിലായില്ല. പിന്നിട് മുന്‍ ഭരണസമിതിയുടെ അവസാനകാലത്ത് അമ്പത് ലക്ഷം രൂപ പ്രത്യേക ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കിയ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കി. ഹാളിന്റെ മുന്‍വശം പൊളിച്ച് നീക്കി ഓഫീസ് സൗകര്യത്തോടെ മുന്‍വശം പുനര്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതിന്‍ പ്രകാരം ഹാള്‍ പൊളിച്ചുനീക്കാന്‍ നടപടി ആരംഭിച്ചതോടെ കെ.പി.എം.എസ്സും, പട്ടികജാതി പട്ടിക വര്‍ഗ വികസന സമിതിയും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സമരങ്ങളും കോടതി വ്യവഹാരങ്ങളുമെക്കെയായി നവീകരണം നിലച്ചതോടെ സ്ഥലം കാടുകയറി മേല്‍ക്കൂരയ്ക്ക് മുകളിലെത്തി. കാടുകയറിയ സ്ഥലവും ചുറ്റുപാടും അടിയന്തരമായി വ്യത്തിയാക്കാന്‍ നഗരസഭ നടപടിയെടുക്കണമെന്ന് പട്ടികജാതി സംഘടനകളും ബിജെപിയും ആവശ്യപ്പെട്ടു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇനിയും വൈകിയാല്‍ പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങുമെന്നും അവര്‍ പറഞ്ഞു.