ഇന്‍ഷൂറന്‍സിന്റെ പേരില്‍ തട്ടിപ്പ്; പ്രതിഷേധവുമായി നിക്ഷേപകര്‍ കമ്പനിക്ക് മുന്നില്‍

Monday 11 September 2017 10:41 pm IST

ചാലക്കുടി: ഇന്‍ഷൂറന്‍സിന്റെ പേരില്‍ കോടികള്‍ തട്ടിയ സൗത്ത് ജംഗ്ഷനിലുള്ള ഫിനോമിനല്‍ ലൈഫ് സ്റ്റൈല്‍ വിറ്റതറിഞ്ഞ് പണം തിരികെ കിട്ടാനുള്ളവര്‍ തടിച്ച് കൂടി. ഇന്‍ഷൂറന്‍സിന്റെ പേരില്‍ ഏജന്റുമാരെ നിയമിച്ച് കോടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിരിച്ചത്. കാലാവധി പൂര്‍ത്തിയായിട്ടും പണം തിരികെ നല്‍കാഞ്ഞത്തിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നിരവധി പരാതികള്‍ ഉണ്ടായിരുന്നു. പണം തിരികെ നല്‍കാനുള്ളവര്‍ക്ക് പല അവധികള്‍ പറഞ്ഞു വിടുകയായിരുന്നു. ആദ്യ കാലത്ത് ചെക്കുകളും മറ്റും നല്‍കിയിരുന്നു. കൂടുതല്‍ ആളുകള്‍ക്കും ഒരു ലക്ഷത്തില്‍ തുടങ്ങി അര കോടിയോളം രൂപ വരെയാണ് കിട്ടാനുള്ളത്. അഞ്ഞൂറിലധികം പേരില്‍ നിന്ന് നിക്ഷേപത്തിന്റെ പേരില്‍ സ്വരൂപിച്ച കോടിക്കണക്കിന് രൂപയാണ് തിരിച്ച് കൊടുക്കാനുള്ളത്. ഇതിന് പുറമെ ചാലക്കുടിയില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്ന പ്രധാന ഓഫീസിന്റെ പ്രവര്‍ത്തനവും നിലച്ചു. കമ്പ്യൂട്ടര്‍ അടക്കമുള്ള ഓഫീസ് ഉപകരണങ്ങള്‍ നീക്കം ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ഫിനോമിനല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഇന്‍ഷുറന്‍സ്, ഡെപ്പോസിറ്റ് തുടങ്ങിയവയുടെ പേരിലാണ് പണം സ്വീകരിച്ചിരുന്നത്. ആദ്യ കാലത്ത് കൃത്യമായി പണം തിരികെ നല്‍കിയിരുന്നു. കാലാവധി കഴിയുന്നതിനനസരിച്ച് പണം തിരികെ നല്‍കാതെ വന്നപ്പോഴാണ് പണം നിക്ഷേപിച്ചവര്‍ പരാതിയുമായി രംഗത്ത് വന്നത്. ഇതോടെ കുറെ പേര്‍ക്ക് പണം നല്‍കി. പണം ലഭിക്കാനുള്ളവര്‍ വില്‍പ്പന നടത്തിയെന്ന് പറയുന്ന ഫിനോമിനല്‍ ലൈഫ് സ്റ്റൈലില്‍ വന്ന് ബഹളം വച്ചതോടെ എസ്.ഐ ജയേഷ് ബാലന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. ബുധനാഴ്ചത്തേക്ക് പണം നല്‍കുവാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി ഇവരുടെ നേതൃത്വത്തില്‍ സമര സമിതി രൂപീകരിച്ച് നിയമ നടപടികള്‍ സ്വീകരിക്കുവാനാണ് പദ്ധതി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനോമിനലിന് എറണാകുളത്തും ചാലക്കുടിയിലുമായിരുന്നു ഓഫീസ്. കൊരട്ടി കട്ടപ്പുറം സ്വേദേശി റാഫേല്‍ എന്നയാളായിരുന്നു കേരളത്തിലെ ഹെഡ്. ചാലക്കുടി നഗരത്തിലെ പ്രധാന ജംഗ്ഷനിലെ ഈ കെട്ടിടം വില്‍ക്കുമ്പോള്‍ പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് പണം തിരികെ നല്‍കാമെന്ന് പലരോടും പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കെട്ടിടം വിറ്റതറിഞ്ഞ് പണം ലഭിക്കാനുള്ളവര്‍ ചാലക്കുടിയിലെത്തി ബഹളമുണ്ടാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.