ദിലീപ് അനുകൂല, വിരുദ്ധ പ്രസ്താവനകള്‍ തുടരുന്നു

Monday 11 September 2017 10:54 pm IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിക്കുന്നവരും വിരുദ്ധരും വാക്‌പോരു തുടരുന്നു. നടന്‍ ശ്രീനിവാസന് പിന്നാലെ ദിലീപിനെ അനുകൂലിച്ച് ഇടത് സഹയാത്രികനും മുന്‍ എംപിയുമായ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ വീണ്ടും രംഗത്ത്. നല്ല എതിര്‍ വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണിതെന്നാണ് സെബാസ്റ്റ്യന്‍ പോള്‍, താന്‍ ചെയര്‍മാനായ ഓണ്‍ലൈന്‍ മാധ്യമത്തില്‍ ലേഖനം എഴുതിയത്. സിപിഎം സഹയാത്രികനായ സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിക്കുന്നതിന് തുല്യമായിരിക്കുന്നു. പോലീസിനെ വിശ്വസിച്ച് ഒരാളെ നിഗ്രഹിക്കുന്നത് ശരിയല്ല. താന്‍ ഇരയ്ക്ക് എതിരല്ല. പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെപ്പോലെ പോലീസ് ഭീകരതയുടെ ഇരയാണ് ദിലീപ്. വീഴുന്നവനെ ചവിട്ടുന്നതാണ് സമൂഹമെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന ശ്രീനിവാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം വന്നത്. മറുവശത്ത് ദിലീപിനെ പിന്തുണയ്ക്കുന്നവരെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിക് അബു രംഗത്തെത്തി. ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് താനടക്കമുള്ളവര്‍ വിശ്വസിച്ചിരുന്നു. പക്ഷേ, പോലീസ് നീക്കം എല്ലാ തിരക്കഥയും പൊളിച്ചു. ശ്രീനിവാസനെപ്പോലെ കുറെയാളുകള്‍ ഇതെക്കുറിച്ച് സംസാരിക്കണം. പറ്റുകയാണെങ്കില്‍ ബാബയുടെ ആളുകളെ പോലെ ഒരു ചെറിയ കലാപമെങ്കിലും നടത്തണം. ആക്രമിക്കപ്പെട്ട നടിക്കൊപ്പം മാത്രമാണെന്നും പറഞ്ഞാണ് ഫേസ്ബുക്കിലെ തന്റെ കുറിപ്പ് ആഷിക് അവസാനിപ്പിച്ചിരിക്കുന്നത്. ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ പോലീസിന് മൊഴി നല്‍കിയതാണ് മറ്റൊരു വാര്‍ത്ത. മോസ് ആന്‍ഡ് ക്യാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് തന്നെ ദിലീപ് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് സിനിമയില്‍ നിന്ന് ഒതുക്കിയെന്നുമാണ് മൊഴി. എറണാകുളം റൂറല്‍ എസ്പി ഫോണില്‍ വിളിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ മിമിക്രിക്കെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ദിലീപ് ഫോണില്‍ വിളിച്ച് രോഷത്തോടെ സംസാരിച്ചെന്നും മൊഴിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.