കണ്ണന്റെ കാല്‍ത്തളക്കിലുക്കം കാതോര്‍ത്ത്....

Tuesday 12 September 2017 11:11 am IST

മലപ്പുറം: ഇന്ന് ശ്രീകൃഷ്ണ ജയന്തി. കണ്ണന്റെ കാല്‍ത്തള കിലുക്കം കാതോര്‍ത്തിരിക്കുകയാണ് നഗര-ഗ്രാമ വീഥികള്‍. ഉള്‍ഗ്രാമങ്ങളില്‍ പോലും തോരണങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു, അന്തരീക്ഷമാകെ കാവിനിറം ചൂടിയിരിക്കുന്നു. ഒരോ ചെറുകേന്ദ്രങ്ങളിലും മനോഹര താല്‍കാലിക ക്ഷേത്രങ്ങളുമൊരുക്കി ശ്രീകൃഷ്ണജയന്തിയില്‍ കൃഷ്ണ ഭക്തിയുടെ ആത്മാര്‍ച്ചനയില്‍ സ്വയം സമര്‍പ്പിക്കുകയാണ് ബാലഗോകുലം പ്രവര്‍ത്തകര്‍. സംഘശക്തിയുടെ ബാല്യയൗവനങ്ങള്‍ രാവും പകലും നീണ്ട പ്രയത്‌നങ്ങളിലൂടെ നെയ്‌തെടുത്ത അവതാരരൂപങ്ങളുടെ കലാവിഷ്‌കാരങ്ങള്‍ ഇന്നത്തെ ശോഭായാത്രയില്‍ ദൃശ്യമാകും. മറ്റെങ്ങും കാണാത്ത നാട്ടുകൂട്ടായ്മകള്‍ ശോഭായാത്രകളുടെ മുന്നൊരുക്കത്തിനായി സജീവമാണ് 'ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റു വേണമോ മക്കളായി' എന്ന ജ്ഞാനപ്പാനയിലെ വരികള്‍ ദു:ഖമനുഭവിക്കുന്നവര്‍ക്ക് ഈ കാലഘട്ടത്തിലും ആശ്വാസമേകുകയാണ്. ഇത്തരം വിശ്വാസമൂല്യങ്ങള്‍ ബാലഗോകുലം പോലുള്ള സാംസ്‌കാരിക സംഘടനകള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ് വിഷം പുരട്ടിയ മാറിടങ്ങളുമായി സമൂഹത്തിലെ പുതു തലമുറകളെ നശിപ്പിക്കാനിറങ്ങുന്ന പൂതനമാരെ പടിക്ക് പുറത്താക്കുന്നത്. നന്മയുള്ള ഒരുതലമുറയെ വാര്‍ത്തെടുക്കുകയാണ് ബാലഗോകുലത്തിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി സന്ദേശവും ശ്രദ്ധേയമാണ്. 'സുരക്ഷിത ബാല്യം സുകൃത ഭാരതം'. കുട്ടികളുടെ സുരക്ഷിതവും അതിലൂടെ ദേശത്തിന്റെ പുരേഗതിയും. നിലമ്പൂര്‍, എടക്കര, കരുളായി, ചുങ്കത്തറ, ഭൂതാനം, മഞ്ചേരി, തിരുവാലി, എളങ്കൂര്‍, എയാറ്റൂര്‍, അങ്ങാടിപ്പുറം, രാമപുരം, കുങ്ങപുരം, പുഴക്കാട്ടിരി, കുളത്തൂര്‍, വെങ്ങാട്, ചെറുകര, പാങ്ങ്, ചട്ടിപ്പറമ്പ്, മലപ്പുറം, കൊണ്ടോട്ടി, എടവണ്ണപ്പാറ, പുളിക്കല്‍, പള്ളിക്കല്‍, ഇടിമുഴിക്കല്‍, ചേളാരി, കോട്ടക്കല്‍, കാടാമ്പുഴ, പെരുവള്ളൂര്‍, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, വളാഞ്ചേരി, എടപ്പാള്‍, വട്ടംകുളം, മൂക്കുതല, തിരുന്നാവായ, പുറത്തൂര്‍, വെട്ടം, പൊന്നാനി, കാഞ്ഞിരമുക്ക് എന്നീ 40 കേന്ദ്രങ്ങളില്‍ മഹാശോഭായാത്ര നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.