പി.വി.അന്‍വര്‍ രാജിവെക്കണം: പശ്ചിമഘട്ട സംരക്ഷണ സമിതി

Tuesday 12 September 2017 11:12 am IST

മലപ്പുറം: പരിസ്ഥിതിലോല പ്രദേശം കയ്യേറി അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മിച്ച പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകാപന സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പശ്ചിമഘട്ട രക്ഷായാത്രയുടെ ഭാഗമായി മലപ്പുറത്തെത്തിയതായിരുന്നു സംഘം. മൂന്നുദിവസമായി ജില്ലയില്‍ പര്യടനം നടത്തുന്ന രക്ഷായാത്രാ പ്രതിനിധികള്‍ പി.വി.അന്‍വറിന്റെ പാര്‍ക്കും സന്ദര്‍ശിച്ചു. കാട്ടരുവി തടഞ്ഞ് എംഎല്‍എ ഡാം നിര്‍മ്മിച്ചത് പകല്‍ പോലെ വ്യക്തമാണ്. നഗ്നമായ നിയമലംഘനം നടത്തിയ എംഎല്‍എ സ്വയം രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ജാഥാ ക്യാപ്റ്റന്‍ ജോണ്‍ പെരുവന്താനം ആവശ്യപ്പെട്ടു. ജില്ലയില്‍ അനധികൃതമായി ധാരാളം കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പശ്ചിമഘട്ട മലനിരകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ ഏതാനും ചിലതിന് മാത്രമാണ് കൃത്യമായ അനുമതിയുള്ളത്. ബാക്കിയെല്ലാം രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ സമാനചിന്താഗതിക്കാരെ ഉള്‍പ്പെടുത്തി പ്രക്ഷോഭം ആരംഭിക്കും. ആഗസ്റ്റ് 16ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച യാത്ര ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് സമാപിക്കും. തുടര്‍ന്ന് ജനങ്ങളുടെ പരിസ്ഥിതി അവകാശപത്രിക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ്.ബാബുജി, പ്രൊഫ.കുസുമം ജോസഫ്, അഡ്വ.പി.ഡി.പുഷ്പ, ടി.എം.സത്യന്‍, മുസ്തഫ പള്ളികുത്ത് എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.