ചെന്നൈ: പളനിസ്വാമി സര്‍ക്കാരിനെ പുറത്താക്കുമെന്ന് ഭീഷണിയുമായി ടി.ടി.വി. ദിനകരന്.
പളനിസാമി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ദിനകരന്റെ ഭീഷണി.
തനിക്കൊപ്പം ഇപ്പോഴും 21 എംഎല്‍എമാരുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എത്രയും വേഗം പളനിസാമി സര്‍ക്കാര്‍ രാജിവയ്ക്കണം. ഇല്ലെങ്കില്‍ സര്‍ക്കാരിനെ മറിച്ചിടാനും മടിക്കില്ലെന്ന് ദിനകരന് ഭീഷണി മുഴക്കി. സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടും ഗവര്‍ണര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ദിനകരന് ആരോപിച്ചു.
അണ്ണാ ഡിഎംകെയില്‍നിന്നു ദിനകരനെയും ശശികലയെയും പുറത്താക്കിയതിനു പിന്നാലെയാണ് ദിനകരന്റെ പ്രതികരണം. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നിയമവിരുദ്ധമാണ്. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ദിനകരന് പറഞ്ഞു.
പളനിസാമി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി 21 എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്കു കൈമാറിയിട്ടുണ്ടെന്നും ദിനകരന് വ്യക്തമാക്കി. സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നടപടിയെടുക്കുന്നില്ലെന്നും ദിനകരന് വിമര്‍ശിച്ചു.
പളനിസാമിക്ക് ഭരിക്കാനാവശ്യമായ 117 എംഎല്‍എമാരുടെ പിന്തുണയില്ലെന്ന് എല്ലാവര്ക്കും അറിയാം. അതുകൊണ്ടുതന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണം. മുഖ്യമന്ത്രിയെയും മന്ത്രിസഭയേയും മാറ്റേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: