ഗണേഷിനേയും സെബാസ്റ്റ്യന്‍പോളിനേയും തള്ളി സിപിഐ; ദിലീപ് അനുകൂലതരംഗത്തിന് നീക്കമെന്ന് സംശയം

Tuesday 12 September 2017 2:23 pm IST

പത്തനാപുരം: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ച് സംസാരിച്ച എംഎല്‍എ കെ.ബി.ഗണേഷ്‌കുമാറിനും, മുന്‍ എംപി അഡ്വ.സെബാസ്റ്റ്യന്‍ പോളിനും നടന്‍ ശ്രീനിവാസനുമെതിരെ സിപിഐ അസി.സെക്രട്ടറി കെ.പ്രകാശ് ബാബു രംഗത്ത്. നടിയെ ആക്രമിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. അതില്‍ പ്രതിയായ നടന്റെ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ പ്രതിക്ക് അനുകൂലമായ പ്രതികരികരണങ്ങള്‍ നടത്തുന്നത് ആരുടെ ഭാഗത്തു നിന്നായാലും അത് തെറ്റാണ് .നേരത്തെ ഇല്ലാത്ത വിധം കുറ്റാരോപിതന് വേണ്ടി കൂടുതല്‍ പേര്‍ രംഗത്തു വരുന്നതില്‍ ഗൂഡാലോചന ഉണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനില്‍ സോണി ബി തെങ്ങമം അനുസ്മരണത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഴുന്നവനെ ചവിട്ടുന്ന സമൂഹവും നനഞ്ഞ ഇടം കുഴിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് രചിക്കുന്നത് നീതിനിഷേധത്തിന്റെ ഇതിഹാസമാണെന്നാണ് സിപിഎം നേതാവും മുന്‍ എം.പിയുമായിരുന്ന സെബാസ്റ്റ്യന്‍പോള്‍ ഒരു ഔണ്‍ലൈന്‍ മാസികയുടെ ലേഖനത്തില്‍ കഴിഞ്ഞദിവസം എഴുതിയത്. ദിലീപ് ഇത്തരം ഒരു മണ്ടത്തരം കാണിക്കുമെന്ന് വിശ്വസിക്കുന്നില്ലന്ന് നടന്‍ ശ്രീനിവാസനും ദിലീപിന്റെ ആനുകൂല്യം പറ്റിയവര്‍ ആപത്തുകാലത്ത് കൈവിടരുതെന്ന് ഗണേഷ്‌കുമാറും പ്രസ്താവന നടത്തുകയും സിനിമാമേഖലയില്‍ ഉള്ളവര്‍ കൂട്ടത്തോടെ ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഗണേഷ്‌കുമാര്‍ നടത്തിയ പ്രസ്താവന സാക്ഷികളെ സ്വാധീനിക്കാനാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. കൂടാതെ സിനിമാമേഖലയിലെ വനിതാ കൂട്ടായ്മ പ്രവര്‍ത്തകര്‍ ഗണേഷിനെതിരെ സ്പീക്കര്‍ക്കും പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.