ശശികല ടീച്ചറിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതം

Tuesday 12 September 2017 2:55 pm IST

ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചറിനെതിരെ കേസെടുത്ത നടപടി രാഷ്ട്രീയപ്രേരിതമായ ഗൂഡാലോചനയുടെ ഫലമാണ്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരമാണ് പറയാത്ത കാര്യവും, ചെയ്യാത്ത കുറ്റവും ആരോപിച്ച് ടീച്ചറിന്റെ പേരില്‍ 153(A) പ്രകാരം കേസ്സെടുത്തിരിക്കുന്നത്. നിയമപരമായി കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമുണ്ടായിട്ടും ഇങ്ങനെ ഹിന്ദു ഐക്യവേദിയുടെ സമുന്നതയായ നേതാവിനെതിരെ നടപടിക്കൊരുങ്ങുന്നത് അവര്‍ക്ക് സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന ആദരവും അംഗീകാരവും അറിഞ്ഞ് വിറളി പിടിച്ചിട്ടാണ്. ഇക്കാര്യത്തിലും സംസ്ഥാന രാഷ്ട്രീയത്തിലെ സിപിഎം-കോണ്‍ഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ്സ് എംഎല്‍എ വി.ഡി.സതീശന്‍ ആവശ്യപ്പെടുകയും സിപിഎമ്മിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസരിക്കുകയും ചെയ്യുന്നതാണ് ശശികല ടീച്ചറിനെതിരെയുള്ള കള്ളക്കേസില്‍ കേരളീയര്‍ കാണുന്നത്. ശശികല ടീച്ചറിന്റെ പ്രതിച്ഛായയും അവര്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുടെ പ്രചാരവും പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കാനെ ഈ രീതിയിലുള്ള ഹീനവും വിലകുറഞ്ഞതുമായ നീക്കങ്ങള്‍ സഹായിക്കൂ. വിവാദമാക്കാന്‍ കോണ്‍ഗ്രസ്സുകാരും സിപിഎമ്മുകാരും മത്സരിച്ച് ശ്രമിക്കുന്ന ശശികല ടീച്ചറിന്റെ പറവൂര്‍ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതൊരു തവണ വായിക്കുന്ന ആര്‍ക്കും ബോധ്യമാവു ന്നതാണ് അതില്‍ പ്രത്യക്ഷമായോ പരോക്ഷമായോ വിവാദ പരാമര്‍ശങ്ങള്‍ യാതൊന്നും ഇല്ലെന്ന്. അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കാനായി വാക്കുകളേയും വാചകങ്ങളേയും വളച്ചൊടിക്കുന്നത് സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനേ സഹായിക്കൂ. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ എല്ലാ സമാധാന പ്രേമികളും ശക്തിയായി പ്രതികരിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.