എക്‌സല്‍ ഗ്ലാസ്സസ് സിപിഎമ്മിനെതിരെ സിപിഐ

Tuesday 12 September 2017 7:49 pm IST

മുഹമ്മ: കേരള സ്പിന്നേഴ്‌സിന് പിന്നാലെ എക്‌സല്‍ ഗ്ലാസ്സസും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യപ്പെട്ട് സിപിഐയും എഐടിയുസിയും സമരരംഗത്ത്. കേരള സ്പിന്നേഴ്‌സ് ഏറ്റെടുത്തപോലെ എക്‌സല്‍ ഗ്ലാസും ഏറ്റെടുക്കണമെന്നാവശ്യവുമായാണ് ഏകദിന സത്യാഗ്രഹസമരം നടത്തിയത്. കേരളാ സ്പിന്നേഴ്‌സും എക്‌സല്‍ ഗ്ലാസ്സസും സിപിഐ നേതാവായിരുന്ന അന്തരിച്ച ടി.വി. തോമസ് വ്യവസായമന്ത്രിയായിരുന്ന സന്ദര്‍ഭത്തില്‍ സ്ഥാപിച്ചതാണ്. അതുകൊണ്ട് ഇവ നിലനില്‍ക്കണമെന്ന ആഗ്രഹം സിപിഎമ്മിന് ഇല്ലെന്നാരോപിച്ചാണ് സമരത്തില്‍ പങ്കെടുത്ത എല്ലാ നേതാക്കളും സംസാരിച്ചത്. ആയിരത്തിലേറെ തൊഴിലാളികള്‍ പണിയെടുത്തിരുന്ന ഈ വ്യവസായശാല നിശ്ചലമായിട്ട് 58 മാസങ്ങള്‍ പിന്നിട്ടു. എന്നാല്‍ നാളിതുവരെ ആദ്യകാലത്തുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാരോ നിലവിലെ ഇടതുപക്ഷസര്‍ക്കാരെ ഫാക്ടറി പ്രവര്‍ത്തിപ്പിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് നിലവിലെ എംഎല്‍എയും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയുമായിരുന്ന തോമസ് ഐസക്ക് എക്‌സല്‍ തുറക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. സര്‍ക്കാര്‍ അധികാരം ഏല്‍ക്കുകയും ഐസക്ക് ധനകാര്യമന്ത്രിയാകുകയും ചെയ്തിട്ടും സര്‍ക്കാര്‍തലത്തില്‍ ഒരു ഇടപെടലുകളും ഇതുവരെ ഉണ്ടായിട്ടില്ല. ഇതെല്ലാം മുന്‍നിര്‍ത്തായാണ് സിപിഐ സമരം നടത്തിയത്. അനുകൂലമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ ബഹുജനസമരം നടത്താനാണ് സിപിഐ യുടെ തീരുമാനം. പാര്‍ട്ടിയുടെ ജില്ലാ കൗണ്‍സില്‍ ഇടപെട്ടാണ് ഇപ്പോള്‍ സമരം സംഘടിപ്പിച്ചത്. സത്യഗ്രഹം സിപിഐ ജില്ലാസെക്രട്ടറി ടി.ജെ. ആഞ്ചലോസാണ് ഉദ്ഘാടനം ചെയ്തത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.