ആത്മീയ-ഭൗതിക സമന്വയം

Tuesday 12 September 2017 7:59 pm IST

കേവലം ആത്മീയതയുടെ ചട്ടക്കൂട്ടില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ഭാരതീയന്റെ വിശ്വാസസങ്കല്‍പ്പങ്ങള്‍. ആത്മീയതയുടെയും ഭൗതികതയുടെയും സമന്വയമാണ് വേദങ്ങളിലും ഇതിഹാസങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്. ഈശാവാസ്യോപനിഷത്തില്‍ പറയുന്നു. ''ഭൗതികമായ ശാസ്ത്രവിജ്ഞാനത്തെ മാത്രം ഉപാസിക്കുന്ന വ്യക്തി കൂരിരുട്ടിലേക്ക് പോവുകയാണ്. അതുതന്നെ സംഭവിക്കുന്നു ആത്മീയ ജ്ഞാനത്തെ ഉപാസിക്കുന്ന വ്യക്തിക്കും.'' അറിവിന്റെ നിറകുടങ്ങളായ വേദങ്ങളില്‍ ഈ സമന്വയം പ്രകടമായി കാണാം. ഏകദേശം ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് രചിക്കപ്പെട്ട ഋഗ്വേദവും ഉപവേദമായ അര്‍ത്ഥശാസ്ത്രവും യജുര്‍വേദവും ഉപവേദമായ ധനുര്‍വേദവും സാമവേദവും ഉപവേദമായ ഗാന്ധര്‍വ്വ വേദവും അഥര്‍വ്വവേദവും ഉപവേദങ്ങളായ ആയുര്‍വേദവും തച്ചുശാസ്ത്രവും എല്ലാം ഇത് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ബ്രഹ്മ, വിഷ്ണു, നാരദീയം, ഭവിഷ്യം, ഗരുഡം, അഗ്നി, മഹാഭാഗവതം, ശിവം, മാര്‍ക്കണ്ഡേയം, ലിംഗം, ബ്രഹ്മവൈവര്‍ത്തം, മത്സ്യം, കൂര്‍മ്മം, വരാഹം, വാമനം, സ്‌കന്ദം, ബ്രഹ്മാണ്ഡം, പത്മം, വായു എന്നീ പതിനെട്ടു പുരാണങ്ങളും പതിനെട്ട് ഉപപുരാണങ്ങളും ഇതിലേക്ക് വെളിച്ചം വീശുന്നവയാണ്. അതുകൊണ്ടായിരിക്കാം ലോകത്തുണ്ടായ ഗ്രീക്ക്, ഈജിപ്ഷ്യന്‍, മൊസപ്പൊട്ടാമിയന്‍ തുടങ്ങിയ സംസ്‌കാരങ്ങളെല്ലാം തകര്‍ന്നടിഞ്ഞപ്പോഴും ഭാരതത്തിന്റെ സിന്ധുനദീതട സംസ്‌കാരം ഒരു പോറലുമേല്‍ക്കാതെ തലയുയര്‍ത്തി നില്‍ക്കുന്നത്. ആധുനിക ശാസ്ത്രത്തിന്റെ ഭൗതികമായ കണ്ടെത്തലുകള്‍ക്ക് നിദാനമായവ വര്‍ഷങ്ങള്‍ക്ക് മുമ്പെ ഭാരതീയ ഋഷിവര്യന്മാര്‍ പ്രതിപാദിക്കപ്പെട്ടിരുന്നുവെന്നത് ആരിലും വിസ്മയമുളവാക്കുന്നതാണ്. ഏഴു കാണ്ഡങ്ങളിലായി 24000 ശ്ലോകങ്ങളുള്ള വാല്മീകി രാമായണത്തിലെ ശ്രീരാമ ചരിതവും ലോകസാഹിത്യത്തിലെ ഏറ്റവും ബൃഹത്തായ കൃതിയെന്ന് പറയപ്പെടുന്ന പതിനെട്ട് പര്‍വ്വങ്ങളുള്ള മഹാഭാരതത്തിലെ ശ്രീകൃഷ്ണ ചരിതവും പൂര്‍ണ മാനുഷിക വികാരവിചാരങ്ങള്‍ പ്രകടമാക്കുന്നവയാണ്. ഒരേസമയം ഈശ്വരനും അതോടൊപ്പം മാനുഷികനും ആയി മാറുന്ന അവതാരങ്ങള്‍. ദശാവതാരങ്ങള്‍ വിശകലനം ചെയ്യുമ്പോഴും ഭൗതിക പരിണാമ സിദ്ധാന്തത്തിന്റെ ദൃഷ്ടാന്തങ്ങള്‍ വെളിവാക്കുന്നതിനായി കണ്ടെത്തിയിരിക്കുന്നു. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി എന്നിവയില്‍ പരിണാമ പ്രക്രിയയിലെ ആദ്യ ജീവിയായ മത്സ്യം ജലജീവിയില്‍ നിന്നാരംഭിച്ച് ജലത്തിലും കരയിലും ജീവിക്കുന്ന ആമ(കൂര്‍മ്മം)യിലൂടെ കരയില്‍ ജീവിക്കുന്ന നാല്‍ക്കാലികള്‍ (വരാഹം)ആയി വളര്‍ന്ന് നരസിംഹ(മനുഷ്യരൂപമുള്ള മൃഗം)ത്തിലെത്തുന്നു. അവിടെനിന്ന് മനുഷ്യനായ വാമനനായും സംഹാരതാണ്ഡവമാടുന്ന പരശുരാമനായും തുടര്‍ന്ന് ബലരാമനും ശ്രീരാമനും പിന്നെ ശ്രീകൃഷ്ണനുമായി ജന്മമെടുക്കുന്നു. അന്ത്യത്തില്‍ ആയുധമേന്തുന്ന കല്‍ക്കിയായി (ഇനിയും ജനിക്കേണ്ടിയിരിക്കുന്നു)തീരുന്നു. ഒരുപക്ഷെ ഡാര്‍വിന്റെ പരിണാമ ചക്രം ശാസ്ത്രീയമായ വിശകലനം ചെയ്തതായിരിക്കാം. ആത്മീയമായി ചിന്തിക്കുമ്പോള്‍ ജഗത് സൃഷ്ടാവായ ജഗദീശ്വരാംശത്തിലൂടെ അവതാരങ്ങളുണ്ടാവുന്നു. ശാസ്ത്രീയമാവുമ്പോള്‍ പ്രകൃതിയിലെ വസ്തുക്കളില്‍ ഊര്‍ജ്ജത്താലുണ്ടാകുന്ന മാറ്റങ്ങള്‍ (പരിണാമം)ആയും കാണാം. ഏതായാലും ഇവയ്‌ക്കൊക്കെ പിന്നിലെ അദൃശ്യശക്തിയെയാണ് നാം ആരാധിക്കുന്നത്. (ഡോ.നിലമ്പൂര്‍ കെആര്‍സിയുടെ ഹിന്ദുവിന്റെ ഒരു ദിവസം എന്ന പുസ്തകത്തില്‍ നിന്ന്)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.