സ്‌നേഹനിധിയായ സംഘചാലക്

Tuesday 12 September 2017 10:29 pm IST

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ദുഃഖപൂര്‍ണമായ ആ ഫോണ്‍കോള്‍ വന്നത്. സംഘത്തിന്റെ മുന്‍പ്രാന്തസംഘചാലകനായ പ്രൊഫ. എം.കെ. ഗോവിന്ദന്‍നായര്‍ സാര്‍ ദിവംഗതനായ കാര്യം. രാത്രി രണ്ടു മണിക്കൂറോളം, ഞാന്‍ അനുജനെപ്പോലെ സ്‌നേഹിക്കുന്ന ദല്‍ഹിയിലുള്ള ശ്രീദത്ത് ഗോവിന്ദുമായി (ഗോവിന്ദന്‍നായര്‍ സാറിന്റെ പുത്രന്‍) ഗോവിന്ദന്‍ നായര്‍ സാറിന്റെ കാര്യമുള്‍പ്പെടെയുള്ള എന്റെ പൂര്‍വ്വകാല സ്മരണകളെപ്പറ്റി ഫോണിലൂടെ അയവിറക്കിയിട്ട് ഒരു ദിവസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. അതിനിടയിലായിരുന്നു ശോകത്തില്‍ കുതിര്‍ന്ന ആ വാര്‍ത്ത വന്നത്. ഗോവിന്ദന്‍നായര്‍ സാര്‍ ഞങ്ങളുടെ പ്രായത്തിലുള്ള സംഘപ്രവര്‍ത്തകര്‍ക്കെല്ലാം എന്തുകൊണ്ടും ആരാധ്യനും അവിസ്മരണീയനുമാണ്. സംഘത്തിന് കേരളത്തില്‍ ഇന്നത്തെപ്പോലെ വേരോട്ടമില്ലത്ത കാലഘട്ടം. ആ സമയത്തും കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഗ്രാമമായിരുന്നു തട്ട. മന്നത്തു പത്മനാഭന്‍ വിജയദശമി ദിവസം സ്ഥാപിച്ച നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യശാഖയായ തട്ടയില്‍ ദേവീവിലാസം ഒന്നാം നമ്പര്‍ നായര്‍ കരയോഗം നേരത്തെതന്നെ നിലവില്‍വന്നിരുന്നു. അങ്ങനെ തട്ടയില്‍നിന്നും വിജയദശമിയില്‍ത്തന്നെ സ്ഥാപിക്കപ്പെട്ട രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാന്തസംഘചാലകായി തട്ടക്കാരനായ ഗോവിന്ദന്‍നായര്‍ സാര്‍ വരണമെന്നുള്ളത് തട്ടയെന്ന ഗ്രാമത്തിന്റെയും തട്ടക്കാരായ ഞങ്ങളുടെയും നിയോഗമായിരുന്നു. തട്ടയില്‍ മങ്കുഴിക്കടുത്തുള്ള ചാങ്ങവീടാണദ്ദേഹത്തിന്റെ ഗൃഹം. വളരെ ചെറുപ്പം മുതല്‍ക്കുതന്നെ സംഘപ്രവര്‍ത്തകനായ അദ്ദേഹം ഞങ്ങളുടെ തട്ടയെയും അതിന്റെ ചുറ്റുവട്ടമുള്ള ഗ്രാമങ്ങളെയും സംഘഗ്രാമങ്ങളാക്കി മാറ്റുന്നതില്‍ വഹിച്ച അദ്വിതീയമായ പങ്കാണ് ഓര്‍മ്മയിലോടിയെത്തുന്നത്. അദ്ദേഹത്തിന്റെതന്നെ സ്ഥലത്ത് പ്രവര്‍ത്തിച്ച മേനക്കാല ശാഖ ബാല-തരുണ സ്വയംസേവകര്‍ക്കെല്ലാം ഒരുപോലെ പരിചിതമായിരുന്നതുപോലെ, അദ്ദേഹത്തിന്റെ ചാങ്ങവീടും കേരളത്തിലും പുറത്തുമുള്ള സ്വയംസേവകര്‍ക്കും സംഘനേതൃനിരയ്ക്കും സ്ഥിരം സന്ദര്‍ശനസ്ഥലമായിരുന്നു. ശരിക്കും ഒരു നാടിന്റെതന്നെ സംഘസംസ്‌കൃതിയെ വളര്‍ത്തുന്നതില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ ഗൃഹവും വഹിച്ച പങ്ക് തികച്ചും അദ്വിതീയമായിരുന്നു. ആ കുടുംബത്തിനു മുന്‍പില്‍ സാഷ്ടാംഗ നമസ്‌ക്കാരം! അന്നത്തെ ബാലസ്വയംസേവകരായ ഞങ്ങള്‍ക്കെല്ലാം ഗോവിന്ദന്‍നായര്‍ സാര്‍ പ്രചോദനമായിരുന്നു. ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന സംഘശാഖ പെരുമ്പുളിക്കലായിരുന്നു. ഏതാണ്ട് എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് പെരുമ്പൂളിക്കലിലേക്ക് സംഘം വന്നെത്തുന്നത്. അക്കാലത്തുതന്നെ ശാഖയില്‍ പോകാന്‍ കഴിഞ്ഞ എനിക്കു കാണാനായത് ഗോവിന്ദന്‍നായര്‍ സാര്‍, പെരുമ്പുളിക്കല്‍ ശാഖ പ്രവര്‍ത്തിച്ച സ്ഥലത്തിന്റെ ഉടമയും എന്റെ ആദരണീയനായ ഗുരുനാഥനുമായിരുന്ന ശങ്കരപ്പിള്ള സാര്‍, സ്വര്‍ഗ്ഗീയ മാധവ്ജി (പണ്ഡിതനും സിംഹതുല്യനുമായ സാക്ഷാല്‍ ശ്രീ പി. മാധവന്‍), എഫ്എസിടി വിട്ട് സംഘപ്രവര്‍ത്തനത്തിന് ജീവിതം ഉഴിഞ്ഞുവച്ച നാരായണ്‍ജി, വിദ്യാഭ്യാസ-അധ്യാപക സംഘടനാ പ്രവര്‍ത്തനത്തില്‍ നിരതനായ സ്വര്‍ഗ്ഗീയ ചന്ദ്രശേഖര്‍ജി (ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് കാര്യാലയത്തില്‍വച്ച് നിര്യാതനായി), പ്രഗല്‍ഭമതിയും സ്‌നേഹനിധിയുമായ ഞങ്ങളുടെ താലൂക്ക് പ്രചാരകനായിരുന്ന വരദേട്ടന്‍, ജില്ലാ പ്രചാരകനായിരുന്ന പട്ടാമ്പിക്കാരന്‍ കൃഷ്‌ണേട്ടന്‍ തുടങ്ങി എളിമയാര്‍ന്ന മഹാരഥന്മാരുടെ ഒരു വലിയ നിരയായിരുന്നു. ഈ മഹാരഥന്മാരുടെ ഇടയിലായിരുന്നു ഗോവിന്ദന്‍നായര്‍ സാര്‍ പ്രവര്‍ത്തിച്ചതെങ്കിലും ബാലസ്വയംസേവകരായ ഞങ്ങള്‍ക്കെല്ലാം അദ്ദേഹം എല്ലായ്‌പ്പോഴും പ്രാപ്യനായിരുന്നു. പിതൃസഹജമായ സ്‌നേഹത്തോടെ ഞങ്ങളോടെല്ലാം ഇടപെട്ട ഗോവിന്ദന്‍ നായര്‍ സാര്‍ ഞങ്ങള്‍ക്കെല്ലാം ആദരണീയനും പ്രിയങ്കരനുമായിരുന്നു. ആ ആദരവിന്റെ അവകാശിയായിത്തന്നെ അദ്ദേഹം എന്നും തുടര്‍ന്നുപോന്നു. ഞങ്ങള്‍ പഠിച്ച പന്തളം എന്‍എസ്എസ് കോളജിന്റെ രസതന്ത്രവിഭാഗം അദ്ധ്യാപകനും മേധാവിയുമായിരുന്നു ഗോവിന്ദന്‍ നായര്‍ സാര്‍ എന്നതുകൊണ്ട് രസതന്ത്ര വിഭാഗത്തിലെ നിത്യ സന്ദര്‍ശകരായിരുന്നു ഞങ്ങള്‍. എന്നാല്‍ അവിടെയദ്ദേഹം സംഘടനയെക്കുറിച്ചല്ല ഞങ്ങളോടു സംവദിച്ചത്. ഭാരതത്തിന്റെ ചരിത്രവും സംസ്‌കാരവുമായിരുന്നു വിഷയം. അതിലും സംഘത്തിന്റെ പ്രാന്തസംഘചാലകന്‍ പ്രവീണനായിരുന്നു. പൗരാണികമായ ഋഗ്വേദത്തില്‍ പറയുന്ന സോമരസം ''നിങ്ങള്‍ ചരിത്രത്തില്‍ പഠിക്കുന്നതുപോലെ വെറും മദ്യമല്ല, മറിച്ച് ശിവശക്തിസംയോഗത്തില്‍നിന്നുമുണ്ടാകന്ന 'സ-ഉമം', അല്ലെങ്കില്‍ ഉമാമഹേശ്വര സമാഗമത്തില്‍ നിന്നുമുണ്ടാകുന്ന അനന്തമായ രസമാണത്. അതാണ് സോമാമൃതം'' എന്ന് അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി. എത്ര ഹൃദ്യവും ദര്‍ശനാത്മകവും അഭികാമ്യവുമായ സമീപനം. ചരിത്രവിദ്യാര്‍ത്ഥിയായ എനിക്കും എന്നെപ്പോലെയുള്ളവര്‍ക്കും അങ്ങനെ അനവധി കാര്യങ്ങളായിരുന്നു സാറില്‍നിന്ന് കിട്ടിയിട്ടുള്ളത്. ഒരിക്കലും ഒരു വിധ്വംസക ശക്തിക്കു മുന്‍പിലും സംഘപ്രവര്‍ത്തനത്തെ ഗോവിന്ദന്‍ നായര്‍ സാര്‍ അടിമകിടത്തിയിട്ടില്ല എന്നതിന് തെളിവായിരുന്നു അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍. അടിയന്തരാവസ്ഥയുടെ കരാളഹസ്തങ്ങള്‍ ഏറ്റവുമധികം ഞെരിച്ചിട്ടുള്ളതും രാഷ്ട്രീയ സ്വയംസേവക സംഘത്തെയായിരുന്നു. സ്വയംസേവകര്‍ അടിയന്തരാവസ്ഥയ്ക്ക് മുന്‍പിലും സിംഹശൗര്യത്തോടെ പ്രവര്‍ത്തിച്ചു എന്നതായിരുന്നു കാരണം. ഒരു ദിവസം ബാലസ്വയംസേവകരായ ഞങ്ങള്‍ ആ വാര്‍ത്ത ഭയവിഹ്വലതയോടെ കേട്ടു- ഗോവിന്ദന്‍ നായര്‍ അറസ്റ്റിലായി. അതോടൊപ്പം അഭിമാനകരമായ മറ്റൊരു വാര്‍ത്തയും അല്‍പ്പദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഞങ്ങള്‍ കേട്ടു. ജയില്‍ മോചിതരാവുന്നതിനുവേണ്ടി തങ്ങളുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാമെന്ന് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മുന്‍പില്‍ എഴുതിക്കൊടുത്ത് സാഷ്ടാംഗ നമസ്‌കാരം നടത്തി തടിയൂരി രക്ഷപ്പെട്ടവരുടെയിടയില്‍ സംഘപ്രവര്‍ത്തകരാരുമുണ്ടായിരുന്നില്ല. ഭാരതാംബയുടെ അഭിമാനിയായ സേവകനായി ഞങ്ങളുടെ ഗോവിന്ദന്‍ നായര്‍ സാറും ജയിലില്‍ കഴിഞ്ഞുകൂടാന്‍ തയ്യാറായി; ആ കാളരാത്രികള്‍ അവസാനിക്കുന്നിടം വരെയും. അദ്ദേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ അനവധിയാണോര്‍മ്മയില്‍ വരുന്നത്. അഭിമാനമാണ,് അദ്ദേഹത്തിന്റെ നിര്യാണ സംബന്ധിയായ ദുഃഖത്തോടൊപ്പവും ഞങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ആ പൂര്‍വ്വസൂരിയുടെ പാദാരവിന്ദങ്ങളില്‍ ആയിരം അഞ്ജലീകുസുമങ്ങളര്‍പ്പിച്ചുകൊണ്ടും, അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടും നിര്‍ത്തുന്നു. ഓം ശാന്തിഃ (ആലപ്പുഴ എസ്ഡി കോളജിലെ ചരിത്രാധ്യാപകനും ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം സംസ്ഥാന ഉപാദ്ധ്യക്ഷനുമാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.