ഒടുങ്ങാത്ത പീഡനങ്ങള്‍

Tuesday 12 September 2017 10:34 pm IST

ഹരിയാനയില്‍ ഈയിടെ രണ്ട് വയസ്സുകാരന്‍ കൊല്ലപ്പെട്ടത് ലൈംഗിക പീഡനത്തിന് വഴങ്ങാതിരുന്നതിനാലാണ്. കുട്ടികള്‍, ആണ്‍-പെണ്‍ ഭേദമെന്യേ പീഡിപ്പിക്കപ്പെടുന്നു. ആണ്‍കുട്ടികളാണ് അധികം പീഡനവിധേയരാകുന്നത്. ഇതിനു കാരണം പെണ്‍കുട്ടികളെ വീടിനുപുറത്ത് ഇഷ്ടംപോലെ വിഹരിക്കാന്‍ വിടാത്തതും, ആണ്‍കുട്ടികള്‍ സ്വതന്ത്രരായി പുറത്തുപോകുന്നതുമാണ്. ആണ്‍കുട്ടികള്‍ ജീവിതത്തില്‍ എപ്പോഴെങ്കിലും പീഡിപ്പിക്കപ്പെട്ടിരിക്കും. ഈ പീഡനം കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക സാമൂഹിക രംഗങ്ങളിലും പ്രത്യാഘാതം സൃഷ്ടിക്കും എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ പുതിയ പ്രതിഭാസം പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികള്‍ (അതും 16 വയസ്സില്‍ താഴെ ഉള്ളവര്‍) പീഡിപ്പിക്കപ്പെടുന്നു എന്നതാണ്. ഇത് അരങ്ങേറുന്നത് വീട്ടിലും പുറത്തും ഒരുപോലെയാണ്. രക്ഷിതാക്കള്‍, ബന്ധുക്കള്‍, പരിചിതര്‍, വിശ്വസിക്കുന്ന അധ്യാപകര്‍ എന്നിവരൊക്കെ ഇക്കാര്യത്തില്‍ വില്ലന്മാരാണ്. ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമായ സാഹചര്യത്തില്‍ കുട്ടികളും രക്ഷിതാക്കളും ഒരുപോലെ നെറ്റില്‍ ആകൃഷ്ടരാകുമ്പോള്‍ സൈബര്‍ സെക്‌സും കുട്ടികള്‍ മനസ്സിലാക്കുന്നു. രക്ഷിതാക്കള്‍ക്ക് ഇന്ന് കുട്ടികളുടെമേലുള്ള നിയന്ത്രണം ശോഷിച്ചുവരികയാണ്. മറ്റൊരു വസ്തുത, മൊബൈലില്‍ മുഴുകി മുതിര്‍ന്നവര്‍ കുട്ടികളെ അവഗണിക്കുന്നുവെന്ന വസ്തുതയാണ്. 'വാട്‌സ്അപ്പും' ഇന്ന് വലിയ ആകര്‍ഷണമാണല്ലോ. കുട്ടികള്‍ക്ക് കൂടുതല്‍ വാത്സല്യവും ഉപദേശവും കൊടുക്കാന്‍ ഉത്തരവാദിത്തമുള്ള രക്ഷിതാക്കള്‍ ഇന്ന് അവരുടെ കടമ മറക്കുന്നു. കുട്ടികള്‍ അവഗണിക്കപ്പെടുമ്പോള്‍ അവര്‍ സ്‌നേഹത്തിനും ശ്രദ്ധയ്ക്കും വേണ്ടി ദാഹിക്കുന്നു. ഈ വിടവ് നികത്താന്‍ അപരിചിതരെപ്പോലും കുട്ടികള്‍ സ്വാഗതം ചെയ്യുന്നു. അപ്പോള്‍ അവര്‍ മനസ്സിലാക്കാത്തത് തങ്ങളെ അവര്‍ ലൈംഗിക ഇരകളായാണ് കാണുന്നത് എന്ന വസ്തുതയാണ്. ചില പുരുഷന്മാരാകട്ടെ ഇന്ന് ആണ്‍കുട്ടികളെ തേടിപ്പോകുന്നത് അവര്‍ എളുപ്പം തങ്ങള്‍ക്ക് വഴങ്ങുമെന്നും പെണ്‍കുട്ടികളെപ്പോലെ ഗര്‍ഭം ധരിച്ച് അപകടകാരികളാകുന്നില്ലെന്നും തിരിച്ചറിഞ്ഞാണ്. ആണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന വസ്തുതയും അവര്‍ ഇരകളാകാനുള്ള സാഹചര്യം ഒരുക്കുന്നു. നാട്ടില്‍നിന്ന് ഒരു അതിഥി വന്നപ്പോള്‍ തന്റെ മകന്റെ കൂടെ ഉറങ്ങിക്കൊള്ളാന്‍ അനുമതി നല്‍കിയ രക്ഷിതാക്കള്‍ അതിഥി കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക ഇരയാക്കി എന്ന വസ്തുത അറിയുന്നത് കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും രക്ഷിതാക്കള്‍ മൊബൈലില്‍ കളിച്ച് സങ്കല്‍പ്പലോകത്ത് ജീവിക്കുന്നു. 'മിനിസ്ട്രി ഓഫ് വിമന്‍ ആന്റ് കിഡ്‌സ്', 2007 ല്‍ നടത്തിയ പഠനത്തില്‍ 52 ശതമാനം ആണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാകുമ്പോള്‍ 47 ശതമാനം പെണ്‍കുട്ടികളാണ് ഇരകളാകുന്നത് എന്നതാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നടത്തിയ പഠനത്തിലും ഇത് വ്യക്തമാകുന്നുണ്ട്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നടത്തിയ പഠനത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും പീഡനത്തിന്റെ ഇരകളാണെന്ന് തെളിഞ്ഞു. 38.67 ശതമാനം ആണ്‍കുട്ടികളേയും 37.7 ശതമാനം പെണ്‍കുട്ടികളേയും സ്പര്‍ശന ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി. ഇരകള്‍ക്കും തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ അറിയാം. അത് കുടുംബത്തിലെ തന്നെ വ്യക്തിയോ അടുത്ത ബന്ധുവോ ആയിരിക്കും. പക്ഷേ വീട്ടില്‍ പീഡിപ്പിക്കപ്പെടുന്നത് പുറത്തുപറയാന്‍ കുട്ടികള്‍ ധൈര്യപ്പെടുന്നില്ല. ഇതുമൂലം മാനസികമായും ശാരീരികമായും പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. ഡബ്ല്യുഎച്ച്ഒ പറയുന്നത് ലൈംഗിക പീഡനത്തിനിരയാക്കുന്നത് എന്തിനാണെന്നുപോലും മനസ്സിലാകാത്ത പ്രായത്തില്‍ ഒരു ബാലന്‍ അതിന് ഇരയാകുന്നുവെന്നാണ്. കുട്ടികളെ ലൈംഗികചിത്രങ്ങളും മറ്റും കാണിച്ചുകൊടുത്ത് അവരില്‍ മാനസിക സമ്മര്‍ദ്ദം ചെലുത്തി ഉപഭോഗ വസ്തുവാക്കുന്നതും പതിവാണ്. ഡബ്ല്യുഎച്ച്ഒ പഠനപ്രകാരം ലോകത്തെ പീഡിപ്പിക്കപ്പെടുന്ന 19ശതമാനം കുട്ടികളും ഇന്ത്യയിലാണത്രെ. അതായത് 440 ദശലക്ഷം കുട്ടികള്‍. 2011 ല്‍ 33098 ബാല ലൈംഗിക പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പിന്നീട് ഇതില്‍ 24 ശതമാനം വര്‍ധനയുണ്ടായി. ഇങ്ങനെ പീഡനം വര്‍ധിക്കാന്‍ ഇന്റര്‍നെറ്റും ഇന്റര്‍നെറ്റ് കഫേകളും കാരണമാകുന്നുണ്ട്. തന്റെ ജ്യേഷ്ഠന്‍ നെറ്റില്‍ കണ്ട് ആസ്വദിക്കുന്ന ലൈംഗിക പീഡനം കണ്ട മൂന്ന് വയസ്സുകാരന്‍ അയല്‍പക്കത്തെ രണ്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് കൊന്നത് വാര്‍ത്തയായിരുന്നല്ലോ. ഇന്റര്‍നെറ്റ് ചീത്തയാണെന്ന് ഇതിനര്‍ത്ഥമില്ല. പക്ഷെ നെറ്റിലുള്ള നല്ലതും ചീത്തയും തിരിച്ചറിയാനുള്ള അറിവ് കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കണം. കുട്ടികളോടൊപ്പം നെറ്റില്‍ കളികള്‍ കളിക്കാനും മറ്റും രക്ഷിതാക്കള്‍ തയ്യാറായാല്‍ അത് അവരുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കും. അപകര്‍ഷതാബോധമാണ് കുട്ടികളെ അപഥസഞ്ചാരത്തിന് പ്രേരിപ്പിക്കുന്നത്. ഇതൊന്നും രക്ഷിതാക്കള്‍ തിരിച്ചറിയുന്നുപോലുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.