സിപിഎം-സിപിഐ തര്‍ക്കം രൂക്ഷം മട്ടാഞ്ചേരി രക്തസാക്ഷി ദിനം രണ്ടായി ആചരിക്കും

Tuesday 12 September 2017 10:55 pm IST

മട്ടാഞ്ചേരി: കൊച്ചി മണ്ഡലത്തിലെ സിപിഎം, സിപിഐ തര്‍ക്കം രൂക്ഷമായതോടെ പതിവിന് വിപരീതമായി മട്ടാഞ്ചേരി രക്തസാക്ഷി ദിനം ഇരുപാര്‍ട്ടികളും വെവ്വേറെ ആചരിക്കും. സിപിഎമ്മില്‍ നിന്ന് രാജിവെക്കുകയും പുറത്താക്കപ്പെടുകയും ചെയ്തവരെ സിപിഐയിലേക്ക് എടുത്തതിനെ തുടര്‍ന്ന് ഏറെ നാളുകളായി മണ്ഡലത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുകയാണ്. മട്ടാഞ്ചേരി, കുമ്പളങ്ങി എന്നിവടങ്ങളില്‍ നിന്ന് സിപിഎം വിടുകയും പുറത്താക്കപ്പെടുകയും ചെയ്തവരെയാണ് സിപിഐ സ്വീകരിച്ചത്. ഇത് സിപിഎമ്മിനെ ഏറെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ എതിര്‍പ്പ് വകവെക്കാതെ സിപിഐ തീരുമാനവുമായി മുന്നോട്ട് പോയതോടെ കൊച്ചി മണ്ഡലത്തില്‍ എല്‍ഡിഎഫില്‍ നിന്ന് സിപിഐ പുറത്താക്കപ്പെട്ട സാഹചര്യമായിരുന്നു. തെരഞ്ഞെടുപ്പ് വേളകളിലും ഇത് പ്രകടമായിരുന്നു. സിപിഎം, സിപിഐ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്ന കാലങ്ങളില്‍ പോലും മട്ടാഞ്ചേരി രക്തസാക്ഷി ദിനം ഇരുപാര്‍ട്ടികളും ട്രേഡ് യൂണിയനുകളും ഒരുമിച്ചാണ് ആചരിച്ചിരുന്നത്. ആ അവസ്ഥയ്ക്കാണ് ഇക്കുറി മാറ്റം വന്നിരിക്കുന്നത്. ഇത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. 1953 സപ്തംബര്‍ പതിനഞ്ചിനാണ് മട്ടാഞ്ചേരി വെടി വെപ്പുണ്ടാകുന്നത്. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന പ്രാകൃത തൊഴില്‍ സമ്പ്രദായമായ ചാപ്പക്കെതിരെ തൊഴിലാളികള്‍ നടത്തിയ സമരത്തിന്റെ ഭാഗമായുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ വെടിയേറ്റ് മരിക്കുകയും ഒരാള്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി മരിക്കുകയും ചെയ്തു. അന്ന് സിപിഐയും എഐടിയുസിയുമാണ് സമരത്തിന് നേതൃത്വം നല്‍കിയത്. പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷവും മട്ടാഞ്ചേരി രക്തസാക്ഷി ദിനം ഇരു പാര്‍ട്ടികളും യൂണിയനുകളും ഒരുമിച്ചാണ് നടത്തി വന്നിരുന്നത്. പിളര്‍പ്പിന് ശേഷം അടിയന്തരാവസ്ഥ സമയത്തും സിപിഐ കോണ്‍ഗ്രസ് മുന്നണിയില്‍ നില്‍ക്കുന്ന സമയത്തും ഇരു പാര്‍ട്ടികളും ഒരുമിച്ചാണ് മട്ടാഞ്ചേരി രക്തസാക്ഷി ദിനാചരണം നടത്തിയിട്ടുള്ളത്. ചരിത്രത്തിലാദ്യമായാണ് മട്ടാഞ്ചേരി രക്തസാക്ഷികളുടെ ദിനാചരണം ചേരി തിരിഞ്ഞ് നടക്കുന്നതെന്നത് ശ്രദ്ധേയമായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.