'പട്ടിണിയില്‍ ഞങ്ങക്കെങ്ങനെ സ്വപ്‌നംകാണാനാകും സാര്‍?'

Tuesday 12 September 2017 11:00 pm IST

തിരുവനന്തപുരം: 'ഈ മുഴുപ്പട്ടിണിയില്‍ ഞങ്ങള്‍ക്ക് എങ്ങനെ സ്വപ്‌നം കാണാനാകും സര്‍....?' കുട്ടികളുടെ ചോദ്യത്തിനുമുന്നില്‍ ടാഗോര്‍ തിയേറ്റര്‍ ഒരു നിമിഷം മൗനമായി. കാണികളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ലോകം മുഴുവന്‍ കുട്ടികളുടെ സംരക്ഷണത്തിനായി പ്രയത്‌നിക്കുന്ന നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി പോലും ഒരുനിമിഷം സ്തബ്ധനായി. ആരോഗ്യപരമായ ഭക്ഷണം നല്‍കുന്നുവെന്ന് പ്രസംഗിച്ച ആരോഗ്യമന്ത്രി സദസിനു മുന്നില്‍ നാണംകെട്ടു. സത്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരതയാത്രയ്ക്ക് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ വേദിയിലാണ് പട്ടിണിയുടെ നിലവിളി ഉയര്‍ന്നത്. വിദ്യാര്‍ത്ഥികള്‍ സത്യാര്‍ത്ഥിയുമായി സംവദിക്കുന്നതിനിടയിലാണ് കൊല്ലം കൊട്ടാരക്കര കാവുങ്കല്‍ വെട്ടിക്കവല ജിഎംഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളായ ചിന്നുവും ഗീതുവും ചോദ്യം ഉന്നയിച്ചത്. എനിക്കൊരു ചോദ്യം ചോദിക്കാനുണ്ടെന്ന പറഞ്ഞ് ഗീതു എണീറ്റു. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നൊമ്പരം മലയാളിയെ ഓര്‍മ്മിപ്പിച്ച കലാഭവന്‍ മണിയുടെ 'ഉമ്പായി കുച്ചാണ്ട് പാപ്പമുണ്ടാക്കണമ്മാ...' എന്നഗാനം രണ്ടു വരി ആലപിച്ചപ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലെത്തി. അതോടെ സംവാദം അവസാനിപ്പിച്ച് ഉദ്ഘാടന ചടങ്ങിലേക്ക് കടന്നു. കേരളത്തിലെ കുട്ടികള്‍ക്ക് നല്ല ഭക്ഷണവും വിദ്യാഭ്യാസവും ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി വേദിവിട്ടതിന് പിന്നാലെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും ഇക്കാര്യം വീണ്ടും പറഞ്ഞു. തൊട്ട് പിന്നാലെയാണ് ഇരുവരും വേദിയിലെത്തി ആരോഗ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചോദ്യം ഉന്നയിച്ചത്. കാണികളെ മുഴുവന്‍ കയ്യിലെടുക്കുന്ന രീതിയില്‍ പാടിയ ഗീതുവിന്റെ അടുത്തേക്ക് സത്യാര്‍ത്ഥി എത്തി വേദിയിലേക്കു കൂട്ടിക്കൊണ്ടുപോയി. പാട്ടിന്‌ശേഷം നിറഞ്ഞ കയ്യടികള്‍ക്കൊടുവില്‍ വലിയ പാട്ടുകാരിയാകട്ടെ എന്ന് ഗീതുവിന്റെ തലയില്‍ അനുഗ്രഹിച്ചപ്പോഴായിരുന്നു ' മുഴു പട്ടിണിയില്‍ കഴിയുന്ന ഞങ്ങള്‍ക്ക് എങ്ങനെയാണ് സാര്‍ സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയുക...പഠിക്കാന്‍ കഴിയുക...' എന്ന് കൂട്ടുകാരി ചിന്നുവിന്റെ ചോദ്യം ഉയര്‍ന്നത്. ഒരുനിമിഷം ഒന്നും പറയാനാകാതെ നിന്ന സത്യാര്‍ത്ഥി, പട്ടിണി നിങ്ങളുടെ കുറ്റമല്ലെന്നും സര്‍ക്കാരുകളും ഭരണ സംവിധാനവും സമൂഹവുമാണ് കുറ്റക്കാരെന്നും പറഞ്ഞതോടെ ആരോഗ്യമന്ത്രിക്കൊപ്പം സംസ്ഥാന സര്‍ക്കാരും നാണം കെട്ടു. കേരളത്തിലെ കുട്ടികളുടെ ജീവിത സാഹചര്യം വളരെ മെച്ചമെന്ന് പറഞ്ഞാണ് സത്യാര്‍ത്ഥി രാവിലെ മാധ്യമങ്ങളെ കണ്ടത്. ഗീതുവും ചിന്നുവും കൊല്ലം കൊട്ടാരക്കര കാവുങ്കല്‍ പട്ടികജാതി കോളനിയിലാണ് താമസം. ഗീതുവിന്റെ അച്ഛന്‍ സജി ടാപ്പിംഗ് തൊഴില്‍ ചെയ്തും ചിന്നുവിന്റെ അച്ഛന്‍ സോമന്‍ കൂലിപ്പണിയെടുത്തുമാണ് കുടുംബം പുലര്‍ത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.