വീഥികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാര്‍

Wednesday 13 September 2017 11:04 am IST

മലപ്പുറം: ഗ്രാമനഗരവീഥികളെ കയ്യടക്കി ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാര്‍ കടന്നുപോയപ്പോള്‍ നാടും നഗരവും അമ്പാടിയായി മാറുകയായിരുന്നു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെങ്ങും സംഘടിപ്പിച്ച ശോഭായാത്രകളില്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി വന്‍ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ഓടക്കുഴലും മയില്‍പ്പീലിചൂടിയ കിരീടവുമായി നടന്നു നീങ്ങിയ ഉണ്ണിക്കണ്ണന്മാര്‍ കാഴ്ചക്കാരുടെ മനസ്സുകളെ ദ്വാപരയുഗ സ്മരണകളിലേക്ക് കൊണ്ടു പോയി. ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള ശ്രീകൃഷ്ണഭഗവാന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ ശോഭായാത്രകളില്‍ ചിത്രീകരിക്കപ്പെട്ടു. കൃഷ്ണവേഷമിട്ട കുട്ടികള്‍ക്കൊപ്പം നൃത്തംവെച്ച രാധയും ഗോപികമാരു മെല്ലാം ഗ്രാമനഗരവീഥികളില്‍ മറ്റൊരു വൃന്ദാവനം തീര്‍ത്തു. ദൃഢസൗഹൃദത്തിന്റെ കഥ പറഞ്ഞ് കാണിക്കയര്‍പ്പിക്കാനുള്ള അവില്‍പ്പൊതിയുമായി നടന്നു നീങ്ങിയ കുചേലന്‍മാരും പഞ്ചപാണ്ഡവരും രാമലക്ഷ്മണന്‍മാരും മുനിശ്രേഷ്ഠരും ഹനുമാനും ശിവപാര്‍വ്വതിമാരുമെല്ലാം ശോഭായാത്രകളില്‍ നിറഞ്ഞു നിന്നു. ഓടക്കുളലേന്തിയ കണ്ണന് കൂട്ടായി രാധമാരും ഗോപികമാരും വീഥികളെ ധന്യമാക്കി. നന്മയുള്ള ഒരുതലമുറയെ വാര്‍ത്തെടുക്കുകയാണ് ബാലഗോകുലത്തിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഇത്തവണത്തെ 'സുരക്ഷിത ബാല്യം സുകൃത ഭാരതം' എന്ന ശ്രീകൃഷ്ണജയന്തി സന്ദേശവും ശ്രദ്ധേയമാണ്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ 1100 ഓളം ശോഭായാത്രകള്‍ നടന്നു. നിലമ്പൂര്‍, എടക്കര, കരുളായി, ചുങ്കത്തറ, ഭൂതാനം, മഞ്ചേരി, തിരുവാലി, എളങ്കൂര്‍, എയാറ്റൂര്‍, അങ്ങാടിപ്പുറം, രാമപുരം, കുങ്ങപുരം, പുഴക്കാട്ടിരി, കുളത്തൂര്‍, വെങ്ങാട്, ചെറുകര, പാങ്ങ്, ചട്ടിപ്പറമ്പ്, മലപ്പുറം, കൊണ്ടോട്ടി, എടവണ്ണപ്പാറ, പുളിക്കല്‍, പള്ളിക്കല്‍, ഇടിമുഴിക്കല്‍, ചേളാരി, കോട്ടക്കല്‍, കാടാമ്പുഴ, പെരുവള്ളൂര്‍, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, വളാഞ്ചേരി, എടപ്പാള്‍, വട്ടംകുളം, മൂക്കുതല, തിരുന്നാവായ, പുറത്തൂര്‍, വെട്ടം, പൊന്നാനി, കാഞ്ഞിരമുക്ക് എന്നീ 40 കേന്ദ്രങ്ങളില്‍ മഹാശോഭായാത്രയും നടന്നു. മലപ്പുറം നഗരത്തിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് മഹാശോഭായാത്ര നടന്നു. മുണ്ടുപറമ്പ്, ചെറാട്ടുകുഴി, കാളന്തട്ട, താമരക്കുഴി, കൈനോട്, മങ്ങാട്ടുപുലം, പൈത്തിനിപറമ്പ്, കരിങ്കാളികാവ്, കൂട്ടിലാങ്ങാടി, കാവുങ്ങല്‍, പെരിങ്ങോട്ടുപുലം, മുണ്ടക്കോട്, പൊന്മള, നമ്പീശന്‍ കോളനി, ഡി.പി.ഒ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ഉപശോഭായാത്രകള്‍ മലപ്പുറം ശ്രീതൃപുരാന്തക ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ത്രിപുരാന്തക ക്ഷേത്രത്തില്‍ നിന്നാരംഭിച്ച മഹാശോഭായാത്ര കോട്ടപ്പടി ട്രാഫിക് ഐലന്റ് ചുറ്റി മണ്ണൂര്‍ ശിവക്ഷേത്രത്തില്‍ സമാപിച്ചു. നിലമ്പൂര്‍: മുതുകാട്, തെക്കുംപാടം, ചക്കാലക്കുത്ത്, വീട്ടിക്കുത്ത്. മണലൊളി, മയ്യന്താണി ഭാഗങ്ങളില്‍ നിന്നും വന്ന ശോഭായാത്രകള്‍ നടുവിലക്കളം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ എത്തി മഹാശോഭായാത്രയായി പുറപ്പെട്ട് നഗരം ചുറ്റി കോവിലം റോഡില്‍കൂടി വിരാടൂര്‍ ക്ഷേത്രപരിസരത്ത് സമാപിച്ചു. തേഞ്ഞിപ്പലം: ചെനക്കലങ്ങാടി പാപ്പനുര്‍ നീരോല്‍പാലം ചൊവ്വയില്‍ ശിവക്ഷേത്രം, കൊടുവായൂര്‍, ഒളകര പുത്തൂര്‍ എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രയായി നഗരം ചുറ്റി. ശ്രീകൃഷ്ണ വേഷമിട്ട ഉണ്ണിക്കണ്ണന്മാര്‍ ഗോപികാഗോപന്മാര്‍ നിശ്ചലദൃശ്യങ്ങള്‍ ഭജനസംഘങ്ങള്‍ എന്നിവ ശോഭായാത്രക്ക് മിഴിവേകി. ശ്രീകൃഷ്ണ കഥാകഥനം പ്രസാദവിതരണം എന്നിവയും നടന്നു. കോട്ടക്കല്‍: ചൂനൂര്‍ അമ്പാടി ബാലഗോകുലത്തിന്റെ ചൂനൂര്‍ പട്ടത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്രയോടു കൂടി ചേര്‍ന്ന് പണിക്കര്‍ കുണ്ട്, കാവതികളം വഴി കോട്ടയ്ക്കല്‍ വിശ്വംഭര ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. തുടര്‍ന്ന്, ഇന്ത്യനൂര്‍,കോട്ടൂര്‍, ആമപ്പാറ, തോക്കാമ്പാറ, കൈപ്പള്ളിക്കുണ്ട്, പാണ്ഡമംഗലം എന്നീ ഏഴു ശോഭായാത്രകള്‍ സംഗമിച്ചു. മഹാശോഭായാത്ര നഗരപ്രദക്ഷിണത്തിന് ശേഷം കോട്ടയ്ക്കല്‍ പാണ്ഡമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. ചേങ്ങോട്ടൂര്‍: ശ്രീകൃഷ്ണ ബാലഗോകുലം ചേങ്ങോട്ടൂര്‍, ചട്ടിപ്പറമ്പ് മഹാലക്ഷ്മി ബാലഗോകുലം, ആക്കപ്പറമ്പ് തൃപുരാന്തകന്‍കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള നിന്നുള്ള ശോഭായാത്ര ചട്ടിപ്പറമ്പിലെത്തി. മഹാശോഭായാത്രയായി ചേങ്ങോട്ടൂര്‍ ശിവക്ഷേത്രത്തില്‍ സമാപിച്ചു. തോട്ടപ്പായ: ഭവാനി ബാലഗോകുലം, തെക്കേക്കര വൃന്ദാവനം ബാലഗോകുലം എന്നിവയുടെ ശോഭായാത്രകള്‍ സംഗമിച്ച് മണ്ണഴി സുബ്രഹ്മണ്യന്‍ കോവില്‍ പ്രദക്ഷിണം ചെയ്ത് മണ്ണഴി ശിവക്ഷേത്രത്തില്‍ സമാപിച്ചു. പെരുമണ്ണ ക്ലാരി: ക്ലാരി കാര്യവട്ടത്ത് ശ്രീശിവപാര്‍വ്വതി ബാലഗോകുലത്തിന്റെയും ക്ലാരിമൂച്ചിക്കല്‍ കൃഷ്ണകൃപ ബാലഗോകുലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇരുക്ഷേത്രങ്ങളില്‍ നിന്നും ആരംഭിച്ച ക്ലാരിമൂച്ചിക്കല്‍ വെച്ച് ഇരുശോഭായാത്രകളും സംഗമിച്ച് മഹാശോഭയാത്രയായി കുറുക ശ്രീഐവെന്ത്രന്‍കാവ് ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. കരുവാരകുണ്ട്: തത്ത്വമസി ഹൈന്ദവ സേവാസമിതിയുടെ നേത്യത്വത്തില്‍ ശോഭായാത്രകള്‍ സംഘടിപ്പിച്ചു. കരുവാരകുണ്ടിലെ മുഴുവന്‍ ക്ഷേത്രങ്ങളില്‍ നിന്നും വന്ന ശോഭായാത്രകള്‍ ഭവനംപറമ്പ് ശിവന്‍വിഷ്ണു ക്ഷേത്രത്തില്‍ സംഗമിച്ചു. ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പുജയും പ്രസാദ വിതരണവും വിവിധ ഉണ്ടായിരുന്നു. പൂക്കാട്ടുംപാടം: തേള്‍പ്പാറ ശ്രീ അയ്യപ്പക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ഭാഗവത പാരായണവും വിശേഷാല്‍ പൂജകളും വൈകിട്ട് നാലിന് സമൂഹനാമജപം, അവില്‍പ്പൊതി പ്രസാദ വിതരണം എന്നിവയും നടന്നു.