ചൈന പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിക്കാനൊരുങ്ങുന്നു

Wednesday 13 September 2017 12:09 pm IST

ബെയ്ജിംഗ്: പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകളുടെ ഉല്‍പ്പാദനവും വില്‍പ്പനയും നിരോധിക്കുന്ന കാര്യം ചൈന പരിശോധിക്കുന്നു. വ്യവസായ സഹ മന്ത്രി ഷിന്‍ ഗോബിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായ ചൈന എന്ന് നിരോധനമേര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. 2040മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന് യുകെയും ഫ്രാന്‍സും പ്രഖ്യാപിച്ചിരുന്നു. മാഡ്രിഡ്, മെക്സിക്കോ സിറ്റി, ഏതന്‍സ് എന്നീ നഗരങ്ങളും സമാനമായ തീരുമാനമെടുത്തിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന കാര്യം മന്ത്രാലയം പരിശോധിച്ചുവരികയാണെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് സമയക്രമം നിശ്ചയിക്കുമെന്നും ടിയാന്‍ജിന്‍ നഗരത്തിലെ പരിപാടിയില്‍ പങ്കെടുക്കവേ മന്ത്രി പറഞ്ഞു.2040 മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന് യുകെയും ഫ്രാന്‍സും പ്രഖ്യാപിച്ചിരുന്നു 2025 ഓടെ രാജ്യത്തെ ആകെ വാഹന വില്‍പ്പനയുടെ അഞ്ചിലൊന്ന് എങ്കിലും ഇലക്ട്രിക് കാറുകളോ പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകളോ ആയിരിക്കണമെന്ന ലക്ഷ്യം ചൈന നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. വായു മലിനീകരണം കുറയ്ക്കുന്നതോടൊപ്പം പുതിയ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളെ ആഗോള വമ്പന്‍മാരില്‍നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്. പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുന്നതോടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വലിയ തോതില്‍ കുറയ്ക്കാന്‍ ചൈനയ്ക്കുകഴിയും. നിലവില്‍ ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്തൃ രാജ്യമാണ് ചൈന. അടുത്ത വര്‍ഷത്തോടെ ബാറ്ററി ഇലക്ട്രിക്, പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന 8 ശതമാനമായി വര്‍ധിക്കണമെന്നാണ് ചൈന ലക്ഷ്യം വെച്ചിരിക്കുന്നത്. 2019-ഓടെ 10 ശതമാനവും 2020-ഓടെ 12 ശതമാനവുമായി വര്‍ധിക്കണമെന്നും ലക്ഷ്യമാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.